thiruvananthapuram local

അയ്യന്‍കാല മഠം വളവ് അപകടക്കെണിയാവുന്നു

ആര്യനാട്: വെള്ളനാട് ചെറ്റച്ചല്‍ സ്‌പെഷ്യല്‍ പാക്കേജ് റോഡ് നവീകരണത്തിന്റെ ഭാഗമായ ആര്യനാട് അയ്യന്‍കാല മഠം ക്ഷേത്രക്കുളത്തിന് സമീപമുള്ള ഇരട്ട വളവ് അപകടക്കെണിയാവുന്നു. കുളത്തിനെതിര്‍വശത്തെ പുറമ്പോക്ക് ഭൂമി അളന്നുതിരിച്ച് കല്ലിട്ടിട്ടും ഇതെടുക്കാതെ, കുളത്തിന്റെ കരിങ്കല്‍ വശഭിത്തിയോട് ചേര്‍ന്ന് അശാസ്ത്രീയമായാണ് ഇവിടെ ടാറിങ് നടത്തിയിരിക്കുന്നത്. ഇതോടെ കുളത്തിനും റോഡിനുമിടയിലെ ഓട റോഡിന് സമാന്തരമായി മാറി.
ഓട മൂടുകയോ രാത്രിയാത്രികര്‍ക്ക് സഹായകമായി സൂചക ബോര്‍ഡുകള്‍ വയ്ക്കുകയോ ചെയ്തിട്ടില്ല. ഇതാണ് വാഹനയാത്രക്കാര്‍ക്ക് അപകടകെണിയാവുന്നത്. റോഡ് നവീകരണത്തിന് പിന്നാലെ നിരവധി വാഹനങ്ങളാണ് ഇവിടെ അപകടത്തില്‍പ്പെടുന്നത്. മഴക്കാലത്ത് ഓടയിലൂടെ വരുന്ന മലിനജലം മുഴുവന്‍ ഇപ്പോള്‍ കുളത്തില്‍ പതിക്കുന്ന സ്ഥിതിയാണ്. കുളം നിറയുമ്പോള്‍ വെള്ളം ഒഴുകി പോവുന്നതിന് റോഡിന് കുറുകെയുള്ള ചാലിന് ഇരുവശത്തും കലുങ്ക് നിര്‍മിക്കണമെന്ന നാട്ടുകാരുടെ ആവശ്യവും ബന്ധപ്പെട്ടവര്‍ പരിഗണിച്ചിട്ടില്ല.
ടാറിങ്ങിനോട് ചേര്‍ന്ന ഭാഗം വന്‍ കുഴിയാണ്. പുറമ്പോക്ക് ഭൂമി നിരപ്പാക്കി കലുങ്ക് നിര്‍മിച്ചാല്‍ മാത്രമേ ഇതുവഴി കാല്‍നടയാത്ര പോലും സാധ്യമാകൂ. ഈ ഭാഗത്തെ കോണ്‍ക്രീറ്റ് ഓടയുടെ നിര്‍മാണം പാതിവഴിക്ക് അവസാനിപ്പിച്ച നിലയിലാണ്.
നിലവില്‍ താന്നിമൂട് ജങ്ഷനില്‍ നിന്ന് വരുന്ന മഴവെള്ളം മുഴുവന്‍ ഓട തീരുന്നയിടത്ത് നിന്ന് സമീപത്തെ പുരയിടത്തിലേക്ക് ഒഴുകി കൃഷി വിളകളുടെ നാശത്തിനിടയാക്കുന്നതായും പരാതിയുണ്ട്.
ഓടയുടേയും കലുങ്കിന്റെയും നിര്‍മാണം അടിയന്തരമായി പൂര്‍ത്തിയാക്കണമെന്നാണ് പരിസരവാസികളുടെ ആവശ്യം. വെള്ളനാട് ചെറ്റച്ചല്‍ റോഡില്‍ ആര്യനാട് ജങ്ഷന്‍ ഉള്‍പ്പെടെ പല ഭാഗങ്ങളിലും ടാറിങും മറ്റ് നവീകരണ പ്രവര്‍ത്തനങ്ങളും ഇനിയും അവശേഷിക്കെ റോഡ് പണി പൂര്‍ത്തിയായതായി കാട്ടി പ്രദേശത്ത് ഒന്നടങ്കം ഫഌക്‌സ് ബോര്‍ഡുകള്‍  സ്ഥാപിച്ചതി ല്‍ നാട്ടുകാര്‍ക്കിടയില്‍ അമര്‍ശമുണ്ട്്്.
Next Story

RELATED STORIES

Share it