അയ്യന്തോള്‍ ഫഌറ്റിലെ കൊലപാതകം: മുഖ്യപ്രതി റഷീദ് കീഴടങ്ങി

പാലക്കാട്: തൃശൂര്‍ അയ്യന്തോളിലെ ഫഌറ്റില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും യൂത്ത്‌കോണ്‍ഗ്രസ് നേതാവുമായ റഷീദ് കീഴടങ്ങി. ഇന്നലെ ഉച്ചയോടെ പാലക്കാട് അതിവേഗ കോടതിയില്‍ കീഴടങ്ങിയ റഷീദിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇയാളെ കസ്റ്റഡിയില്‍ ലഭിക്കാന്‍ തൃശൂര്‍ വെസ്റ്റ് പോലിസ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. റഷീദിനെ രക്ഷപ്പെടാന്‍ സഹായിച്ച കെപിസിസി മുന്‍ സെക്രട്ടറി എം ആര്‍ രാമദാസിനെ തിങ്കളാഴ്ച വൈകീട്ട് പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ റഷീദിന്റെ ഒളിത്താവളം സംബന്ധിച്ച വിവരം പോലിസിനു ലഭിച്ചു. തൊട്ടു പിന്നാലെയാണ് കീഴടങ്ങല്‍. വടക്കുംമുറി മാളിയേക്കല്‍ വീട്ടില്‍ ബിജുവടക്കം കേസിലെ മറ്റു പ്രതികളെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.
മാര്‍ച്ച് മൂന്നിനാണ് അയ്യന്തോളിലെ ഫഌറ്റില്‍ ഷൊര്‍ണൂര്‍ ലതാനിവാസില്‍ സതീശന്‍ എന്ന യുവാവു കൊല്ലപ്പെട്ടത്. സംഭവദിവസം രാവിലെ റഷീദും കൂട്ടാളികളും രാമദാസിന്റെ വീട്ടില്‍ എത്തിയിരുന്നതായി പോലിസിന് വിവരം ലഭിച്ചിരുന്നു.
കേസില്‍ ആദ്യം അറസ്റ്റിലായ കൃഷ്ണപ്രസാദ് റഷീദിനുവേണ്ടി കുറ്റം ഏല്‍ക്കുകയായിരുന്നുവെന്നാണ് പോലിസിന്റെ നിഗമനം. കൃഷ്ണപ്രസാദിനോട് കുറ്റമേല്‍ക്കാന്‍ ആവശ്യപ്പെടുകയും രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടുത്താമെന്ന് റഷീദ് വാഗ്ദാനം നല്‍കുകയുമായിരുന്നു. സതീശനു മര്‍ദ്ദനമേറ്റതിന്റെ രണ്ടുദിവസം മുമ്പ് രാമദാസും റഷീദും കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും പോലിസ് പറയുന്നു.
Next Story

RELATED STORIES

Share it