Flash News

അയോധ്യ : ശിയാ വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ രവിശങ്കറെ കണ്ടു



ലഖ്‌നോ: അയോധ്യ പ്രശ്‌നപരിഹാരവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് ശിയാ സെന്റര്‍ വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ വസിം റിസ്‌വി, ജീവനകല സ്ഥാപകന്‍ ശ്രീശ്രീ രവിശങ്കറുമായി ബംഗളൂരുവില്‍ കൂടിക്കാഴ്ച നടത്തി. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്ന ബോര്‍ഡിന്റെ നിലപാട് താന്‍ രവിശങ്കറെ അറിയിച്ചതായി റിസ്‌വി പറഞ്ഞു. രാമന്റെ ജന്‍മസ്ഥലത്തോ അതിനടുത്തോ ക്ഷേത്രനിര്‍മാണം ആവശ്യപ്പെടുന്നവര്‍ തര്‍ക്കം നീണ്ടുപോവാന്‍ ആഗ്രഹിക്കുന്നവരാണ്. തകര്‍ക്കപ്പെട്ട പള്ളി ശിയാ വഖ്ഫ് ബോര്‍ഡിന്റേതാണ്. അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡിന് അതില്‍ തീരുമാനമെടുക്കാന്‍ അവകാശമില്ല. തന്റെ ഉദ്ദേശ്യങ്ങള്‍ രവിശങ്കറെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.എന്നാല്‍, രവിശങ്കറിന്റെ പ്രതികരണം എന്താണെന്നു റിസ്‌വി വെളിപ്പെടുത്തിയില്ല. രവിശങ്കറെ കാണാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് അംഗവും ബാബരി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി കണ്‍വീനറുമായ സഫരിയാബ് ജിലാനി വ്യക്തമാക്കിയിരുന്നു.
Next Story

RELATED STORIES

Share it