Flash News

അയോധ്യ തര്‍ക്ക ഭൂമിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയ ആറ് മലയാളികള്‍ പിടിയില്‍



മൂവാറ്റുപുഴ:  വടക്കേ ഇന്ത്യയില്‍ വിനോദ സഞ്ചാരത്തിനിടെ അയോധ്യയിലെ ബാബരി മസ്ജിദ് - രാമജന്മസ്ഥാന്‍ തര്‍ക്കഭൂമിയില്‍ നിന്നും ചിത്രങ്ങളെടുത്ത ആറ് മലയാളികളെ പോലിസ് അറസ്റ്റ് ചെയ്തു. അഭിഭാഷകനും റിട്ടയേര്‍ഡ് പോലിസ് ഉദ്യോഗസ്ഥനും ഉള്‍പ്പെടെ മൂവാറ്റുപുഴ സ്വദേശികളായ ആറംഗ സംഘത്തെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.വിഷു, ഈസ്റ്റര്‍ അവധി ആഘോഷിക്കാന്‍ മൂവാറ്റുപുഴയില്‍ നിന്നും വടക്കേ ഇന്ത്യാ പര്യടനത്തിനു പോയ സംഘത്തിലുള്‍പ്പെട്ടവരാണ് ആറുപേരും.  നിരോധിത മേഖലയില്‍ കടന്നു ചിത്രങ്ങളെടുത്തതിനെ തുടര്‍ന്ന് ചൊവ്വാഴ്ചയാണ്  ഫൈസാബാദ് പോലിസ് ഇവരെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയശേഷം  ഇന്നലെ ഉച്ചയോടെ കോടതിയില്‍ ഹാജരാക്കി സ്വന്തം ജാമ്യത്തില്‍ വിട്ടയച്ചു. ചൊവ്വാഴ്ച രാത്രിയോടെയാണ് അയോധ്യയിലെ തര്‍ക്കഭൂമിയില്‍ കടന്നു പടമെടുത്ത മൂവാറ്റുപുഴ സ്വദേശികളുടെ വിവരങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട്് എന്‍ഐഎയുടെ സന്ദേശം മൂവാറ്റുപുഴ പോലിസിനു ലഭിച്ചത്. തുടര്‍ന്നു പോലിസ് ഇവരുടെ വീടുകളിലെത്തിയപ്പോഴാണു വീട്ടുകാര്‍ സംഭവം അറിയുന്നത്. ഡാര്‍ജലിങില്‍ നിന്നു വാരണാസിയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഘം അയോധ്യയിലെത്തിയത്. അയോധ്യാ കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കുറ്റം കോടതി പുനഃസ്ഥാപിച്ച ദിവസം തന്നെയാണ് തര്‍ക്കഭൂമിയുടെ ചിത്രമെടുത്ത മൂവാറ്റുപുഴ സ്വദേശികളെയും കോടതിയില്‍ ഹാജരാക്കിയത്.
Next Story

RELATED STORIES

Share it