അയോധ്യാ പ്രശ്‌നത്തില്‍ സമവായം എളുപ്പമല്ല; ക്ഷേത്രം പണിയും: ആര്‍എസ്എസ്‌

നാഗ്പൂര്‍: അയോധ്യാ പ്രശ്‌നത്തില്‍ സമവായമുണ്ടാക്കുക എളുപ്പമല്ലെന്നും എന്നാല്‍, രാമക്ഷേത്രം നിര്‍മിക്കുമെന്നും ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷി.
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കപ്പെടുമെന്ന് ഉറപ്പാണ്. മറ്റൊന്നും അവിടെ നിര്‍മിക്കാനാവില്ല.
സുപ്രിംകോടതിയില്‍ നിന്ന് ക്ഷേത്രനിര്‍മാണത്തിന് അനുകൂലമായ വിധി ഉണ്ടാവുമെന്നാണ് വിശ്വാസം. കോടതി ഉത്തരവിനു ശേഷം അയോധ്യയില്‍ ക്ഷേത്ര നിര്‍മാണം തുടങ്ങും. ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരിക്കും ക്ഷേത്ര നിര്‍മാണം-അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസിന്റെ അഖില ഭാരതീയ പ്രതിനിധിസഭ സമ്മേളനത്തിനിടെ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു ഭയ്യാജി ജോഷി.
പരസ്പര ധാരണയോടെ ക്ഷേത്രം പണിയണമെന്നാണ് ഞങ്ങളുടെ എക്കാലത്തെയും നിലപാട്. എന്നാല്‍, ഇക്കാര്യത്തില്‍ സമവായം എളുപ്പമല്ലെന്നാണ് അനുഭവങ്ങള്‍ കാണിക്കുന്നത്. വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ സമവായം ഉണ്ടാക്കാനുള്ള ആത്മീയ നേതാവ് ശ്രീ ശ്രീ രവിശങ്കറിന്റെ ശ്രമങ്ങള്‍ സ്വാഗതാര്‍ഹമാണ്. എന്നാല്‍, സമവായത്തിലെത്തുക ക്ലേശകരമാണെന്നും അദ്ദേഹം പറഞ്ഞു.
അയോധ്യാ കേസില്‍ അടുത്തവാദം സുപ്രിംകോടതിയില്‍ ബുധനാഴ്ച നടക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എസ് എ നജീബ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് കേള്‍ക്കുന്നത്.
Next Story

RELATED STORIES

Share it