malappuram local

അയിരൂരിലെ സംഘര്‍ഷം വിഭാഗീയവല്‍ക്കരിക്കാന്‍ ശ്രമം

പൊന്നാനി: അയിരൂരിലെ ക്ഷേത്രോല്‍സവത്തോടനുബന്ധിച്ചുണ്ടായ സംഘര്‍ഷം വിഭാഗീയവല്‍ക്കരിക്കാന്‍ സംഘപരിവാര്‍ സംഘടനകളുടെ ആസൂത്രിത ശ്രമം. ഇതിന്റെ ഭാഗമായി ഹിന്ദു ഐക്യവേദി വിഷയം ആളിക്കത്തിക്കാനാണ് ശ്രമം. അയിരൂരിലെ പുന്നുള്ളി ഭദ്രകാളി ക്ഷേത്രത്തിലെ ഉല്‍സവത്തിനാണ് സംഘര്‍ഷമുണ്ടായത്.
രണ്ട് പ്രദേശത്തുകാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ വര്‍ഗീയവല്‍ക്കരിച്ച് ജനങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാനാണ് സംഘപരിവാര്‍ സംഘടനകള്‍ ശ്രമിക്കുന്നത്. ഒരു വിഭാഗം ക്ഷേത്രം തകര്‍ത്തു എന്നും നിലവിളക്ക് തകര്‍ത്തു എന്ന വ്യാജ പ്രചരണങ്ങളാണ് ഇവര്‍ നടത്തുന്നതെന്ന് പോലിസ് പറഞ്ഞു. കാഴ്ച വരുന്നതിനിടയില്‍ ബൈക്കുമായി എത്തിയ മുജീബിനെയും സുഹൃത്ത് നിഥിനെയും ഒരു വിഭാഗം ക്രൂരമായി മര്‍ദ്ദിച്ചതാണ് സംഘര്‍ഷങ്ങളുടെ തുടക്കം.
അതിന് പകരം വീട്ടാന്‍ സുഹൃത്തുക്കളെയും കൂട്ടിയെത്തിയ സംഘം അമ്പലപ്പറമ്പില്‍ കണ്ണില്‍ കണ്ടവരെയല്ലാം അടിച്ചോടിക്കുകയായിരുന്നു. പലതും അടിച്ച് തകര്‍ത്തു. ഈ ആക്രമണത്തില്‍ ഉല്‍സവത്തിന് ഉയര്‍ത്തിയ കൊടി താഴെ വീണു. ആല്‍ത്തറയിലെ നിലവിളിക്കും വീണു. ഇതാണ് ക്ഷേത്രം തകര്‍ക്കാന്‍ ശ്രമിച്ചതായി കാണിച്ച് ഒരു വിഭാഗം വ്യാജ പ്രചരണം നടത്തുന്നത്. പൂരം കാണാനെത്തിയ എരമംഗലം സ്വദേശിയുടെ ഓട്ടോ കത്തിച്ചു. കച്ചവടക്കാരില്‍ പലരെയും തല്ലിയോടിച്ചു. തണ്ണിത്തുറയില്‍ നിന്നെത്തിയ ഒരു കൂട്ടം ആളുകളാണ് ആക്രമണത്തിന് പിന്നില്‍. ആക്രമത്തില്‍ പങ്കാളിയായ നാല് പേരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രാദേശികമായി ഉണ്ടായ സംഘര്‍ഷത്തില്‍ രാഷ്ട്രിയ പാര്‍ട്ടികള്‍ക്ക് നേരിട്ട് പങ്കില്ലെന്നാണ് അന്വേഷണത്തില്‍ മനസ്സിലായതെന്ന് തിരൂര്‍ ഡിവൈഎസ്പി വേണുഗോപാല്‍ പറഞ്ഞു.ഇതിന്റെ മറപിടിച്ച് വര്‍ഗീയ പ്രചരണം നടത്തുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.ഉല്‍സവത്തിനോടനുബന്ധിച്ചുണ്ടായ സംഘര്‍ഷം വര്‍ഗീയ വല്‍ക്കരിക്കാനുള്ള ഒരു വിഭാഗത്തിന്റെ ശ്രമം മുളയിലെ നുള്ളിക്കളയണമെന്ന് സിപിഎം, കോ ണ്‍ഗ്രസ്, ലീഗ്, ജനതാദള്‍, എസ്ഡിപിഐ താങ്ങിയ പാര്‍ട്ടികളുടെ ഭാരവാഹികള്‍ പറഞ്ഞു.
കഴിഞ്ഞ ഒന്നര മാസത്തിനിടയില്‍ പൊന്നാനി താലൂക്കില്‍ ഉണ്ടായ എല്ലാ പൂരങ്ങളിലും പ്രാദേശികമായ സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടുണ്ട്.മഞ്ചേരിയില്‍ സിപിഎം പ്രവര്‍ത്തകരെ ആര്‍എസ്എസുകാര്‍ മര്‍ദ്ദിച്ചവശരാക്കിയിരുന്നു. ക്ഷേത്രങ്ങളിലെ കാഴ്ചകൊണ്ട് വരുന്നതും മറ്റും രാഷ്ട്രീയ പാര്‍ട്ടികള്‍ ഇടപെട്ട് നടത്താന്‍ തുടങ്ങിയതാണ് സംഘര്‍ഷങ്ങള്‍ വര്‍ധിക്കാന്‍ കാരണം. അയിരൂരിലെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പുറത്ത് നിന്നെത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകരാണ് വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്. ഇന്നലെ പോലിസിന്റെ സാന്നിധ്യത്തില്‍ നടന്ന സര്‍വകക്ഷി യോഗത്തില്‍ സംഭവങ്ങളെ വര്‍ഗീയ വല്‍ക്കരിക്കാന്‍ ശ്രമിച്ച സംഘ്പരിവാര്‍ നേതാക്കന്മാര്‍ കനത്ത വിമര്‍ശനമാണ് നേരിട്ടത്.
Next Story

RELATED STORIES

Share it