Flash News

അയാന്‍ ഗ്രന്ഥകാരന്‍; വയസ്സ് നാല്‌

ലാഖിംപൂര്‍: ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രന്ഥകാരന്‍ എന്ന അപൂര്‍വ ബഹുമതിയുമായി അസമിലെ നാലു വയസ്സുകാരന്‍. ഈ വര്‍ഷം ജനുവരിയില്‍ പ്രസിദ്ധീകരിച്ച ഹണികോമ്പ് എന്ന പുസ്തകത്തിന്റെ രചയിതാവായ അയാന്‍ കോഗോയ് ഗോഹൈനാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സ് ഈ ബഹുമതി നല്‍കിയത്.
അസമിലെ നോര്‍ത്ത് ലാഖിംപൂര്‍ ജില്ലയിലെ സെന്റ് മേരീസ് സ്‌കൂളിലെ വിദ്യാര്‍ഥിയാണ് ഈ ബാലന്‍. 250 രൂപ വിലയുള്ള പുസ്തകം 30 കഥകളും ചിത്രങ്ങളും അടങ്ങിയതാണ്. രാജ്യത്ത് വ്യക്തികളുടെ അസാധാരണ നേട്ടങ്ങള്‍ രേഖപ്പെടുത്തുന്ന ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ്‌സ് അയാനെ പുരസ്‌കാരവും സര്‍ട്ടിഫിക്കറ്റും നല്‍കി ആദരിച്ചു. നിറങ്ങളോടും ശബ്ദങ്ങളോടും അഭിരുചികളോടും കാഴ്ചപ്പാടുകളോടും തന്റെ തീക്ഷ്ണമായ സ്‌നേഹം തുടങ്ങിയപ്പോഴാണ് ഹണികോമ്പ് എന്ന പുസ്തകരചന അയാന്‍ ആരംഭിച്ചത്.
ദിനംപ്രതി തന്റെ ശ്രദ്ധയില്‍പ്പെടുന്ന കാര്യങ്ങളെക്കുറിച്ചാണ് എഴുതാറെന്നും ചുറ്റും നടന്നുകൊണ്ടിരിക്കുന്നതിനെ വീക്ഷിച്ച് അതിനെക്കുറിച്ച് എഴുതുമെന്നും അയാന്‍ പറഞ്ഞു. ഹണികോമ്പ് പ്രശസ്ത കവി ദിലീപ് മോഹപത്ര പോലുള്ള ധാരാളം സാഹിത്യകാരന്മാരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ പുസ്തകം വായനക്കാര്‍ക്ക് പുതിയ കാഴ്ചപ്പാടുകള്‍ സമ്മാനിക്കുമെന്നും രചയിതാവിന്റെ പ്രായം ഒരു വിഷയമല്ലെന്നും അമേരിക്കയിലെ നോര്‍ത്ത് കാരലിനയിലെ പ്രശസ്ത കഥാകാരിയും എഴുത്തുകാരിയുമായ ജോണ്‍ ലിയോട്ട പറഞ്ഞു.
Next Story

RELATED STORIES

Share it