ernakulam local

അയല്‍വാസിക്ക് വാഹനമുണ്ട്;ഗഫൂറിന് പെന്‍ഷന്‍ നല്‍കാനാവില്ലെന്ന് പഞ്ചായത്ത്

പറവൂര്‍: അയല്‍വാസിയുടെ വാഹനം പഞ്ചായത്തിന്റെ രേഖയില്‍ പേരുമാറി കിടക്കുന്നത് ഭിന്നശേഷിക്കാരനായ യുവാവിന്റെ പെന്‍ഷന്‍ മുടക്കി. കൈതാരം പഴങ്ങാട്ടു വെളിയില്‍ പീടിക പറമ്പില്‍ അബദുല്‍ ഗഫൂറിന്റെ പെന്‍ഷനാണ് കോട്ടുവള്ളി പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ അനാസ്ഥകൊണ്ട് മുടങ്ങിയത്. കഴിഞ്ഞ ദിവസം പെന്‍ഷന്‍ വാങ്ങാന്‍ പഞ്ചായത്തില്‍ ചെന്നപ്പോഴാണ് തന്റെ പേരില്‍ നാലു ചക്രവാഹനമുള്ള കാര്യം ഗഫൂര്‍ അറിയുന്നത്. വിവരമറിഞ്ഞ് പകച്ചു നിന്ന ഗഫൂറിന് പഞ്ചായത്ത് സെക്രട്ടറി വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പറും കുറിച്ചു കൊടുത്തു. കത 7 അജ 7981 എന്നതാണ് വാഹനത്തിന്റെ നമ്പര്‍.ഒരു കാലിന് സ്വാധീനമില്ലാത്ത തനിക്ക് ജില്ലാ പഞ്ചായത്ത് അനുവദിച്ചു തന്ന മുചക്ര വാഹനം മാത്രമാണുള്ളതെന്നും മറ്റൊരു വാഹനവും ഇല്ലെന്നും ഗഫൂര്‍ പറഞ്ഞു ബോധ്യപ്പെടുത്തിയെങ്കിലും രക്ഷയുണ്ടായില്ല. പിന്നീട് ഒരപേക്ഷ എഴുതി വാങ്ങി പറഞ്ഞു വിട്ടു. ഗഫൂറിന് സെക്രട്ടറി എഴുതിക്കൊടുത്ത നമ്പര്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ സൈറ്റില്‍ പരിശോധിക്കുമ്പോള്‍ അയല്‍വാസിയും ബന്ധുവുമായ അബ്ദുല്‍ സമദിന്റെ പേരിലുള്ള ടിപ്പര്‍ ലോറിയുടേതാണെന്ന് മനസിലായി. കഴിഞ്ഞ ഏപ്രില്‍ മാസമാണ് ഗഫൂര്‍ അവസാനമായി പെന്‍ഷന്‍ വാങ്ങുന്നത്. 2015 നവംബറില്‍ സമദ് രജിസ്റ്റര്‍ ചെയ്ത വാഹനം 2018 ഏപ്രിലിനു ശേഷം ഗഫൂറിന്റെ പേരില്‍ എങ്ങിനെ വന്നു എന്നതിനും ഉത്തരമില്ല. പറവൂര്‍ ടൗണിലെ ഒരു ബേക്കറിയില്‍ ദിവസവേതനക്കാരനായ ഗഫൂര്‍ വൃദ്ധയായ മാതാവടക്കമുള്ള കുടുംബത്തിന്റെ ഏക ആശ്രയമാണ്.

Next Story

RELATED STORIES

Share it