Articles

അയല്‍പക്കത്തെ ദുരിതം കാണാത്തവര്‍

കഴിഞ്ഞദിവസം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ഹൈദരാബാദില്‍ ഒരു ആഗോള സംരംഭക സമ്മേളനത്തിനു വന്നിരുന്നു. ഒരു മഹാസംഭവമായാണ് തെലങ്കാന സര്‍ക്കാരും മോദി ഭരണകൂടവും ഇവാന്‍കയുടെ വരവ് കൊണ്ടാടിയത്. ഹൈദരാബാദ് നഗരം അതിഗംഭീരമായി അടിച്ചുതളിച്ചു വൃത്തിയാക്കി. എങ്ങും ആഘോഷപ്പൊലിമ. കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യവിസ്മയങ്ങള്‍. നഗരത്തിലെ നിരത്തുകളില്‍ ഭിക്ഷക്കാരെയും മറ്റും നിരോധിച്ചു. നൂറുകണക്കിനു ഭിക്ഷാടകരെയാണ് പിടിച്ചു ജയിലില്‍ തള്ളിയത്.
ട്രംപിന്റെ മകള്‍ ഇവാന്‍ക അമേരിക്കയില്‍ പ്രസിഡന്റിന്റെ ഉപദേശകപ്പട്ടം കെട്ടിയ ആളാണ്. നമ്മുടെ നാട്ടിലും പല സംസ്ഥാനങ്ങളിലും ഇപ്പോള്‍ ഉപദേശി ഭരണമാണല്ലോ നടക്കുന്നത്. സര്‍ക്കാര്‍ സംവിധാനത്തെ അട്ടിമറിച്ച് അധികാരികള്‍ സ്വന്തക്കാരെയും വേണ്ടപ്പെട്ടവരെയും ഉപദേശകരായി നിശ്ചയിച്ചു കാര്യം കാണുന്ന പരിപാടി ഇപ്പോള്‍ ഒരു ആഗോള പ്രതിഭാസമാണെന്നും വേണമെങ്കില്‍ പറയാം. ഉദ്യോഗസ്ഥര്‍ എത്ര ഉന്നതരായാലും പ്രസിഡന്റിന്റെ സ്വന്തം കുടുംബത്തിന്റെ അത്ര വരില്ലല്ലോ അവര്‍ക്കുള്ള സ്വാധീനം. അതുകൊണ്ടായിരിക്കണം മോദിയും ഹൈദരാബാദില്‍ പാഞ്ഞെത്തി ഇവാന്‍കയ്ക്കു ഗംഭീര സ്വീകരണം ഒരുക്കിയത്.
ഇവാന്‍ക മോദിയെയും വാനോളം പുകഴ്ത്തി. മോദിഭരണം അതിഗംഭീരം എന്നാണ് അവര്‍ പറഞ്ഞത്. ചായക്കച്ചവടത്തില്‍ നിന്നു രാജ്യത്തിന്റെ മൊത്തക്കച്ചവടം എന്ന അവസ്ഥയിലേക്കെത്തിയ കക്ഷിയാണല്ലോ മോദിയാശാന്‍. ഇവാന്‍കയാണെങ്കില്‍ അമേരിക്കയിലെ വലിയ ടവര്‍ കച്ചവടക്കാരന്റെ മകളും. മാത്രമല്ല, സ്വന്തമായി വസ്ത്രവില്‍പനയും ഡിസൈനിങും കൈയിലുണ്ട്. അങ്ങനെ അമേരിക്കന്‍ കച്ചവടക്കാരുടെ കുടുംബം ഇന്ത്യയിലെ ഒരു കച്ചവട പ്രതിഭയുടെ നേട്ടങ്ങളില്‍ പുകഴ്ത്തല്‍ നടത്തിയാല്‍ ആരും കുറ്റം പറയില്ല.
എന്നാല്‍, ഇങ്ങനെ ആഗോള കച്ചവടസംഘങ്ങള്‍ പരസ്പരം പുകഴ്ത്തിയാല്‍ മാത്രം ഇന്ത്യയുടെ സ്ഥിതി മെച്ചമാവുമോ? എന്താണ് അന്താരാഷ്ട്രതലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായ?
അതിനു പറ്റിയ രണ്ടു സന്ദര്‍ഭങ്ങള്‍ ഇവാന്‍കയുടെ ആഘോഷവരവിന്റെ സമയത്തു തന്നെ നടക്കുന്നുണ്ടായിരുന്നു. അതിലൊന്ന് മ്യാന്‍മറിലെ അതിര്‍ത്തിപ്രദേശത്തു നിന്ന് അന്നാട്ടിലെ സൈന്യം ആട്ടിയോടിച്ച റോഹിന്‍ഗ്യര്‍ എന്ന കൂട്ടരോട് മോദി ഭരണകൂടം സ്വീകരിച്ച നിലപാടാണ്. ആറര ലക്ഷം റോഹിന്‍ഗ്യരാണ് അഗതികളായി ബംഗ്ലാദേശില്‍ എത്തിയത്. ഇന്ത്യയില്‍ അരലക്ഷത്തില്‍ താഴെ മാത്രം. എന്നാല്‍, അവര്‍ക്ക് ഇവിടെ അഭയം നല്‍കുന്ന പ്രശ്‌നമില്ലെന്നാണ് മോദി സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ പറഞ്ഞത്. അവര്‍ ദേശീയ സുരക്ഷയ്ക്കു ഭീഷണിയാവുമെന്നാണ് സര്‍ക്കാര്‍ വാദം.
ഇന്ത്യയില്‍ 130 കോടി ജനങ്ങളുണ്ട്. ഇന്നുവരെ അഭയംതേടി വരുന്ന കൂട്ടരെ ആട്ടിയോടിച്ച ചരിത്രം ഈ നാടിനില്ല. എന്നാല്‍, അതാണ് മോദി സര്‍ക്കാരിന്റെ നയം. കാരണം വേറൊന്നുമല്ല. വരുന്ന കൂട്ടരുടെ മതവിശ്വാസം. ആ ഒറ്റക്കാരണം കൊണ്ടാണ് അഗതികള്‍ക്ക് അന്നമില്ല എന്ന നയം വസുധൈവകുടുംബകം എന്നു പ്രഖ്യാപിക്കുന്ന ബിജെപി ഭരണകൂടം സ്വീകരിച്ചത്.
ന്യൂനപക്ഷങ്ങളോടുള്ള ഈ സര്‍ക്കാരിന്റെ ചിറ്റമ്മനയം വെളിപ്പെടുത്തുന്ന വേറെയും സംഭവങ്ങളുണ്ടായി കഴിഞ്ഞ നാളുകളില്‍. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഏഷ്യയിലേക്കുള്ള വരവായിരുന്നു സന്ദര്‍ഭം. മാര്‍പാപ്പ മ്യാന്‍മറിലേക്കു വന്നത് അവിടെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ ഇടപെടാന്‍ തന്നെയാണ്. മുസ്‌ലിംകളെപ്പോലെ ക്രൈസ്തവരും അവിടെ ന്യൂനപക്ഷമാണ്.
അവിടെ നിന്നു മാര്‍പാപ്പ ബംഗ്ലാദേശിലും എത്തി. റോഹിന്‍ഗ്യരെയും കണ്ടു. മനുഷ്യരാശിയുടെ പേരില്‍ അദ്ദേഹം അവരോട് മാപ്പു ചോദിച്ചു. ഇത്രയും കഠിനമായ ദുരന്തം കണ്‍മുന്നില്‍ നടന്നിട്ടും ലോകം കണ്ണടച്ചതിലുള്ള ദുഃഖം മാര്‍പാപ്പയുടെ വാക്കുകളില്‍ വ്യക്തമായി.
ആ വാക്കുകള്‍ ഇന്ത്യയുടെ ഭരണാധികാരികളും കേള്‍ക്കേണ്ടതാണ്. അയല്‍പക്കത്തെ ദുരന്തങ്ങളില്‍ അനുതാപം പ്രകടിപ്പിക്കാത്ത രാജ്യമായി ഇന്ത്യ മാറിയെന്ന വസ്തുത മാര്‍പാപ്പയുടെ വാക്കുകളിലുമുണ്ട്. പാപ്പയെ ഇന്ത്യയിലേക്കു ക്ഷണിക്കാന്‍ പോലും ഭരണകൂടം തയ്യാറായതുമില്ല. ഭരണകൂടത്തിന്റെ രാഷ്ട്രീയം ഇത്രമേല്‍ പ്രകടമായിവന്ന അവസരങ്ങള്‍ ഇതിനു മുമ്പ് അധികം ഉണ്ടായിട്ടില്ല.
Next Story

RELATED STORIES

Share it