Cricket

അയര്‍ലന്‍ഡിനെ തകര്‍ത്തു; അഫ്ഗാനിസ്താന് ലോകകപ്പ് ടിക്കറ്റ്

അയര്‍ലന്‍ഡിനെ തകര്‍ത്തു; അഫ്ഗാനിസ്താന് ലോകകപ്പ് ടിക്കറ്റ്
X


ഹരാരെ: നിര്‍ണായക മല്‍സരത്തില്‍ അയര്‍ലന്‍ഡിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് അഫ്ഗാനിസ്താന് ക്രിക്കറ്റ് ലോകകപ്പ് യോഗ്യത. ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് 50 ഓവറില്‍ ഏഴ് വിക്കറ്റിന് 209 റണ്‍സ് അടിച്ചെടുത്തപ്പോള്‍ 49.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സ് നേടി അഫ്ഗാനിസ്താന്‍ വിജയം സ്വന്തമാക്കുകയായിരുന്നു.ബൗളിങ് കരുത്തേറെയുന്ന അഫ്ഗാനിസ്താന്‍ നിര തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയപ്പോള്‍ അയര്‍ലന്‍ഡിന്റെ സ്‌കോര്‍ബോര്‍ഡ് ഇഴഞ്ഞു. ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് 53 റണ്‍സില്‍ എത്തിയപ്പോഴേക്കും അഫ്ഗാനിസ്താന്‍ ആദ്യ വിക്കറ്റ് പിഴുതു. ഓപണര്‍ പോര്‍ട്ടര്‍ഫീല്‍ഡിനെ (20) മുഹമ്മദ് നബിയാണ് പുറത്താക്കിയത്. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുവീഴ്ത്തിക്കൊണ്ടേയിരുന്ന അഫ്ഗാന്‍ നിര അയര്‍ലന്‍ഡിനെ 209 എന്ന ചെറിയ സ്‌കോറിലേക്കൊതുക്കുകയായിരുന്നു. അര്‍ധ സെഞ്ച്വറി നേടിയ സ്റ്റിര്‍ലിങിന്റെയും (55) മധ്യനിരയില്‍ കെവിന്‍ ഒബ്രയാന്റെയും (41) നീല്‍ ഒബ്രയാന്റെയും (36) ബാറ്റിങാണ് അയര്‍ലന്‍ഡിനെ വന്‍ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. അഫ്ഗാനിസ്താന് വേണ്ടി റാഷിദ് ഖാന്‍ മൂന്നും ദൗലത്ത് സദ്‌റാന്‍ രണ്ടും മുഹമ്മദ് നബി ഒരു വിക്കറ്റും സ്വന്തമാക്കി. മറുപടി ബാറ്റിങിനിറങ്ങിയ അഫ്ഗാനിസ്താന് ഓപണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്. ഗുല്‍ബാദിന്‍ നയ്ബ് നിലയുറപ്പിച്ച് കളിച്ചപ്പോള്‍ മറുവശത്ത് മുഹമ്മദ് ഷഹ്‌സാദ് റണ്‍റേറ്റുയര്‍ത്തി. നയ്ബ് 91 പന്തില്‍ 45 റണ്‍സും മുഹമ്മദ് ഷഹ്‌സാദ് 50 പന്തില്‍ 54 റണ്‍സുമാണ് നേടിയത്. 12 റണ്‍സെടുത്ത റഹ്മത്ത് ഷായും 27 റണ്‍സെടുത്ത സമിയുള്ള ഷെന്‍വാരിയും പുറത്തായി. അവസാന ഓവറുകളില്‍ വെടിക്കെട്ട് പുറത്തെടുത്ത സ്റ്റാനിക്‌സായിയുടെ (39*) ബാറ്റിങാണ് അഫ്ഗാനിസ്താന് വിജയമൊരുക്കിയത്. 29 പന്തില്‍ നാല് ഫോറും ഒരു സിക്‌സറുമാണ് സ്റ്റാനിക്‌സായി പറത്തിയത്. നജീബുള്ള സദ്രാന്‍ 17 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.
Next Story

RELATED STORIES

Share it