അമ്മ അഥവാ പൊലിഞ്ഞുപോയ മെഗാ ഹിറ്റ് സ്വപ്‌നം

നാട്ടുകാര്യം - കുന്നത്തൂര്‍ രാധാകൃഷ്ണന്‍
അമ്മ എന്നാല്‍ ദൈവമാണ്, സത്യമാണ് എന്നൊക്കെയാണ് പാഠപുസ്തകങ്ങളില്‍ കാണുന്നത്. മഹാന്‍മാര്‍ പഠിപ്പിച്ചതും അതൊക്കെത്തന്നെയാണല്ലോ. ഇതില്‍ ചില കണ്‍ഫ്യൂഷനുകള്‍ ഇല്ലാതില്ല. കാളീദേവി, ലക്ഷ്മീദേവി, ദുര്‍ഗാദേവി തുടങ്ങിയ സ്ത്രീദൈവങ്ങളുടെ സാന്നിധ്യമുള്ളതിനാല്‍ അമ്മയ്ക്ക് പിടിച്ചുനില്‍ക്കാമെന്നു മാത്രം.
പറഞ്ഞുകൊണ്ടുവരുന്നതെന്തെന്നാല്‍ താരസംഘടനയായ അമ്മയ്‌ക്കെതിരേ ഒരു അന്താരാഷ്ട്ര ഗൂഢാലോചന നടന്നിരിക്കുന്നുവെന്നാണ്. പേരുപോലെ പഞ്ചപാവമായ ഇന്നസെന്റ്, എവര്‍ഗ്രീന്‍ ഹീറോ മുകേഷ് ചേട്ടന്‍, ഇടയ്‌ക്കൊക്കെ ജീവിതത്തിലും വില്ലന്‍ വേഷം കെട്ടുന്ന അസ്സല്‍ കുമാരനായ ഗണേശന്‍ തുടങ്ങിയ ഇടതു വിപ്ലവകാരികള്‍ ഇതില്‍ സിഐഎയുടെ സാന്നിധ്യവും കാണുന്നുണ്ടത്രേ.
ഒരു തെറ്റും ചെയ്യാത്ത മഹാനടന്‍ ദിലീപിനെ അമ്മ തിരിച്ചെടുത്തതില്‍ ചിലര്‍ക്ക് ഉറക്കം നഷ്ടപ്പെടുന്നുണ്ടത്രേ. ദിലീപിനെ നിലവിളക്ക് എഴുന്നള്ളിച്ച് തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ചില നടിമാര്‍ അമ്മയില്‍ നിന്ന് രാജിവച്ചിട്ടുണ്ട്. പെണ്ണെഴുത്തിന്റെ ശക്തി നോക്കണേ! ജെ ദേവിക, ശാരദക്കുട്ടി, സാറാ ജോസഫ് തുടങ്ങിയ വിപ്ലവകാരിണികളുടെ ഇടപെടലാണ് ദിലീപ് വിഷയം സങ്കീര്‍ണമാക്കിയതെന്ന് അമ്മ കണ്ടെത്തിയിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസില്‍ ദിലീപ് പ്രതിയാണ്. അതിനാല്‍ ഒരിക്കല്‍ ചങ്ങാതിയെ അമ്മ പുറത്താക്കി. പ്രതിയെ പുറത്താക്കുന്നത് മഹാപാതകമായതിനാല്‍ അതിമോഹന നടന്‍ അമ്മയുടെ പ്രസിഡന്റായപ്പോള്‍ അദ്ദേഹത്തിന് അതില്‍ അതീവ സങ്കടം തോന്നി. പ്രസിഡന്റായ അന്നു രാത്രി ലാലേട്ടന്‍ ഉറങ്ങിയില്ല. ഉടനെ ഇന്നസെന്റ് ചേട്ടനെ വിളിച്ചു.
ഇന്നസെന്റ്: ''എന്താ പൊന്നു ലാലേട്ടാ, ഉറക്കമൊന്നുമില്ലേ?''
ലാലേട്ടന്‍: ''ഇന്നസെന്റ് ചേട്ടാ, ദിലീപ് മഹാനുഭാവന്‍ കുറ്റക്കാരനാണെന്നു കരുതുന്നുണ്ടോ?''
''ഹേയ് ഒരിക്കലുമില്ല. എത്ര നല്ല കഥാപാത്രങ്ങളെയാണ് ലാലേട്ടനെപ്പോലെ ദിലീപും അവതരിപ്പിച്ചത്. എല്ലാം തങ്കക്കുടങ്ങള്‍. അങ്ങനെയുള്ള ആ മഹാന്‍ തെറ്റു ചെയ്യുമെന്നു കരുതുന്നവര്‍ക്ക് നട്ടപ്രാന്താണ്.'' ''പിന്നെ എന്തിന് ഇന്നസെന്റ് ചേട്ടന്‍ അബനെ പുറത്താക്കി?''
''എന്നാല്‍ ഞാനൊരു സത്യം പറയട്ടെ.'' ''പറയൂ.''
''ഞാനത് ഓര്‍ക്കുന്നില്ല. അതന്നെ. അന്നത്തെ അമ്മ യോഗം ഒരു ദുര്‍മന്ത്രവാദത്തിന്റെ ഫലമായിരുന്നുവെന്നു പിന്നീടു തെളിഞ്ഞിട്ടുമുണ്ട്.''
''അപ്പോള്‍ മഹാനായ ദിലീപിനെ തിരിച്ചെടുക്കാം. അല്ലേ?'' ''പാടില്ല, പാടില്ല നമ്മെ നമ്മള്‍ പാടേ മറന്നൊന്നും ചെയ്തുകൂടാ. മമ്മൂക്കേനോട് ചോയ്ക്കാതെ ചെയ്തുകൂടാ. വൈകീട്ടെന്താ പരിപാടി? നാളെ കാണണം ട്ടോ.''
മമ്മൂക്ക സിബിഐ ഓഫിസര്‍ സേതുരാമയ്യരെപ്പോലെ സ്ലോമോഷനില്‍ നടന്നുവരുമ്പോള്‍ യോഗം ചേരാനെത്തിയ അമ്മയുടെ രോമാഞ്ചകഞ്ചുകങ്ങള്‍ ബൊക്കെ, പൂമാല, നോട്ടുമാല തുടങ്ങിയവയുമായി കവാത്തു നടത്തുകയായിരുന്നു. പെട്ടെന്ന് കവാത്ത് മതിയാക്കി ആസനസ്ഥരായി, മെഗാസ്‌ക്രീനില്‍ മായികസ്വപ്‌നങ്ങള്‍ നിര്‍മിക്കുന്നവര്‍. ലാലേട്ടന്‍ എഴുന്നേറ്റു പ്രഭാഷണത്തിന് തുടക്കമിട്ടു.
''പുറത്ത് മഴ പെയ്യുന്നതിനാല്‍ ശുഭലക്ഷണമാണ്. അതിനാല്‍ ഒറ്റവരി പ്രമേയത്തോടെ യോഗം തുടങ്ങുകയും അവസാനിപ്പിക്കുകയും ചെയ്യാം. ചര്‍ച്ച വേണ്ട. എനിക്കും നിങ്ങള്‍ക്കും ഷൂട്ടിങ് ഉണ്ടല്ലോ?''
പ്രമേയം പാസാക്കി ബിരിയാണി ശാപ്പിടുമ്പോള്‍ മമ്മൂക്ക ലാലേട്ടനോട് ചോദിച്ചു: ''ഈ മഹത്തായ സന്ദര്‍ഭത്തിന്റെ ഓര്‍മയ്ക്കായി നമുക്ക് രണ്ടുപേര്‍ക്കും കൂടി ഹരികൃഷ്ണന്‍സ് മാതൃകയില്‍ ഒരു പടമെടുത്താലോ?''
ലാലേട്ടന്‍: ''ദിലീപും കൂടി ഉണ്ടെങ്കില്‍ കാമുകന്‍മാര്‍ മൂന്നാവും. അത് മഹാഹിറ്റാവും. അമ്മ നീണാള്‍ വാഴട്ടെ.''
അമ്മയുടെ മഹാഹിറ്റ് സ്വപ്‌നത്തെ കീറിമുറിച്ച് നാല് മഹാനടിമാര്‍ രാജിവച്ചതോടെ ദിലീപ് വിഷയം ഒരു ആഗോള പ്രശ്‌നമായി എന്നതാണ് ക്ലൈമാക്‌സ്. വനിതാ കമ്മീഷന്‍, മന്ത്രികവി സുധാകരന്‍, വൃന്ദാ കാരാട്ട്, മീശക്കാരന്‍ വൈശാഖന്‍ തുടങ്ങിയ ഇടതു വിമതര്‍ ഒരു വേദിയില്‍ അണിനിരന്നു. കൂട്ടിന് ഭരണം പരിഷ്‌കരിക്കുന്ന ജുബ്ബക്കാരനുമുണ്ടത്രേ. അപ്പോള്‍ ദിലീപ് പറഞ്ഞു: ''അമ്മയിലേക്ക് ഇനി ഞാനില്ല. ഇതു സത്യം സത്യം സത്യം.''
മെഗാഹിറ്റ് സിനിമ നിര്‍മിക്കുന്നതിനു മുമ്പ് തന്നെ പൊളിഞ്ഞുപോയതിനെക്കുറിച്ച് അന്വേഷിക്കാന്‍ മമ്മൂക്ക, ഇന്നസെന്റ് ചേട്ടന്‍, ലാലേട്ടന്‍, ദിലീപ് തമ്പ്രാന്‍, മുകേശന്‍, ഗണേശന്‍ തുടങ്ങിയ പ്രഭൃതികള്‍ കമ്മീഷനെ നിയോഗിച്ചിട്ടുണ്ടത്രേ.
ഇതിനിടെ അച്ഛന്‍ എന്ന പേരില്‍ മറ്റൊരു താരസംഘടന പൃഥ്വിരാജ് കപൂറിന്റെ സോറി വെറും പൃഥ്വിരാജിന്റെ നേതൃത്വത്തില്‍ രൂപംകൊള്ളാനിടയുണ്ടെന്നു കണിയാന്‍ കലേശന്‍ രാശിവച്ചപ്പോള്‍ സൂചന ലഭിച്ചിട്ടുണ്ട്.                                        ി
Next Story

RELATED STORIES

Share it