Flash News

അമ്മയെന്ന പേര് ഇനി താരസംഘടനയ്ക്ക് ചേരില്ലെന്ന് എം സി ജോസഫൈന്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരികെയെടുക്കാന്‍ തീരുമാനിച്ചതിനെതിരേ രൂക്ഷവിമര്‍ശനവുമായി വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍. ദിലീപിനെ തിരിച്ചെടുക്കാനുള്ള സംഘടനയുടെ തീരുമാനം നിര്‍ഭാഗ്യകരമെന്നും അമ്മ എന്ന പേര് ഇനി ആ സംഘടനയ്ക്കു ചേരില്ലെന്നും ജോസഫൈന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അമ്മയുടെ പുതിയ പ്രസിഡന്റായ മോഹന്‍ലാലില്‍ നിന്ന് ഒരിക്കലും ഉണ്ടാവാന്‍ പാടില്ലാത്ത നടപടിയാണ് ഉണ്ടായത്. പ്രസിഡന്റായി ചുമതലയേറ്റശേഷം ആദ്യമെടുത്ത തീരുമാനം ദിലീപിനെ തിരിച്ചെടുക്കലാണ്. അത് മോഹന്‍ലാലിനെക്കുറിച്ചുള്ള മതിപ്പ് അങ്ങേയറ്റം കുറയാന്‍ ഇടയാക്കി. വിഷയത്തില്‍ നടി മഞ്ജുവാര്യര്‍ മൗനം വെടിയണമെന്നും എം സി ജോസഫൈന്‍ പറഞ്ഞു.
അതേസമയം, ദിലീപിനെ തിരിച്ചെടുത്തതിനെതിരേ കൂടുതല്‍ നടിമാര്‍ രംഗത്തെത്തി. വിഷയം പ്രത്യേക യോഗം വിളിച്ച് വീണ്ടും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് മലയാള സിനിമയിലെ നടിമാരുടെ കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമ കലക്ടീവ് (ഡബ്ല്യൂസിസി) അമ്മയുടെ ജനറല്‍ സെക്രട്ടറിക്ക് കത്തു നല്‍കി. ഡബ്ല്യൂസിസി അംഗങ്ങളായ പാര്‍വതി, പത്മപ്രിയ, രേവതി എന്നിവരാണ് വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന് കത്തു നല്‍കിയിരിക്കുന്നത്. കഴിഞ്ഞ 24ന് ചേര്‍ന്ന അമ്മയുടെ ജനറല്‍ ബോഡി യോഗത്തിലെടുത്ത തീരുമാനത്തെക്കുറിച്ച് സംഘടനയിലെ വനിതാ അംഗങ്ങളെന്ന നിലയില്‍ തങ്ങള്‍ക്കുള്ള ആശങ്ക അറിയിക്കാനാണ് കത്ത്. അമ്മയില്‍ അംഗമായ യുവതിയെ ആക്രമിച്ച കേസില്‍ ആരോപണവിധേയനായ ആളെ തിരിച്ചെടുക്കാനുള്ള നിര്‍ണായക തീരുമാനമെടുത്തത് യോഗത്തിന്റെ അജണ്ടയില്‍ ഉള്‍പ്പെടുത്താതെയും അംഗങ്ങളുമായി വേണ്ടത്ര കൂടിയാലോചിക്കാതെയുമാണെന്ന വസ്തുത ഞെട്ടിക്കുന്നതാണ്. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അമ്മയുടെ പ്രത്യേക യോഗം വിളിച്ചുചേര്‍ക്കണം. ജൂലൈ 13നോ 14നോ യോഗം വിളിക്കണമെന്നാണ് ആവശ്യം.
Next Story

RELATED STORIES

Share it