അമ്മയിലേക്ക് ഇല്ലെന്ന് പരസ്യ നിലപാടുമായി കൂടുതല്‍ നടിമാര്‍

കൊച്ചി: താര സംഘടനയായ അമ്മയ്‌ക്കെതിരേ കടുത്ത നടപടികളുമായി കൂടുതല്‍ നടിമാര്‍ രംഗത്ത്. മലയാള സിനിമയുടെ ഭാഗമായിട്ടും അമ്മയില്‍ അംഗത്വമെടുക്കാത്ത 14 നടിമാരാണ് പരസ്യനിലപാട് പ്രഖ്യാപിച്ചിരിക്കുന്നത്. അമ്മയില്‍ ഒരിക്കലും അംഗമാവാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചാണ് ഇവര്‍ ആക്രമിക്കപ്പെട്ട നടിയോടും ഇതേത്തുടര്‍ന്ന് രാജിവച്ച മറ്റു നടിമാര്‍ക്കുമുള്ള പിന്തുണ അറിയിച്ചിരിക്കുന്നത്.
വിമന്‍ ഇന്‍ സിനിമാ കലക്ടീവ് (ഡബ്ല്യൂസിസി) ഫേസ്ബുക്കിലൂടെയാണ് ഇവര്‍ നിലപാട് പരസ്യമാക്കിയിരിക്കുന്നത്. സജിത മഠത്തില്‍, അമല അക്കിനെനി, രഞ്ജിനി പിയര്‍, കനി കുസൃതി തുടങ്ങിയ 14 പേരാണ് അമ്മയ്‌ക്കെതിരേ തിരിഞ്ഞത്. അമ്മയെ അവര്‍ എഎംഎംഎ എന്നാണ് വിശേഷിപ്പിച്ചത്. കഴിഞ്ഞ ഒരു വര്‍ഷമായി ഞങ്ങളുടെ സംഘടന (ഡബ്ല്യൂസിസി) രൂപം കൊണ്ടിട്ട്. മലയാള സിനിമാ ലോകത്തെ പല രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ സംഘടന മുന്നോട്ടുവയ്ക്കുന്ന വിഷയങ്ങളുടെ ഗൗരവം മനസ്സിലാക്കി ഇതിന്റെ ഭാഗമായിക്കഴിഞ്ഞു. തുല്യവേതനം എന്നൊരു സങ്കല്‍പ്പം പോലും നിലവിലില്ലാത്ത മേഖലയില്‍ ഒരു ലക്ഷം രൂപയോളം മെംബര്‍ഷിപ്പ് ഫീസ് ചുമത്തുന്നത് ജനോന്മുഖവും ജനാധിപത്യപരവുമല്ല.
എഎംഎംഎ ഞങ്ങളുടെ സഹപ്രവര്‍ത്തകയുടെ പ്രശ്‌നത്തെ സമീപിച്ച രീതിയില്‍ നിന്നു തൊഴിലിടത്തിലെ സുരക്ഷയുമായി ബന്ധപ്പെട്ട് അവരെടുക്കുന്ന തീരുമാനങ്ങളെ പൂര്‍ണമായി വിശ്വസിക്കാന്‍ സാധ്യമല്ലെന്നു തിരിച്ചറിയുന്നു. ഡബ്ല്യൂസിസി സ്ഥാപക അംഗങ്ങളോട്, അവരുന്നയിക്കുന്ന പ്രശ്‌നങ്ങളോട്, പൊതുവില്‍ പുലര്‍ത്തുന്ന മൗനം അപകടകരവും നിരുത്തരവാദപരവുമാണെന്നും നടിമാര്‍ പറയുന്നു. എഎംഎംഎയുടെ അടുത്ത കാലത്തെ ആഘോഷപരിപാടിയില്‍ അവതരിപ്പിച്ച പിന്തിരിപ്പന്‍ സ്‌കിറ്റ്, കുറ്റാരോപിതനായ നടനെ തിരിച്ചെടുക്കാനുള്ള നടപടി തുടങ്ങിയവ സ്ത്രീകളോടുള്ള സംഘടനയുടെ സമീപനത്തെ കൃത്യമായി വരച്ചുകാട്ടുന്നുണ്ട്.
ഒരു സംവാദത്തിനെങ്കിലും വഴിതെളിക്കുന്ന ജനാധിപത്യ സംവിധാനം എഎംഎംഎയില്‍ ഉണ്ടാവാന്‍ സാധ്യതയില്ലെന്നു ചരിത്രം തെളിയിക്കുന്നു. ആത്മാഭിമാനമുള്ള സ്ത്രീകളെ ഉള്‍ക്കൊള്ളാന്‍ തൊഴിലിടത്തെ ബഹുമാനിക്കാന്‍ തക്കവണ്ണം ഒരു പൊളിച്ചെഴുത്തിന് നിലവില്‍ സംഘടനയെ നിര്‍ണയിക്കുന്ന താരാധികാര രൂപങ്ങള്‍ക്ക് സാധിക്കില്ലെന്നു കൂടി മനസ്സിലാക്കുന്നതായും ആരോപണമുണ്ട്.
Next Story

RELATED STORIES

Share it