Kollam Local

അമ്മമാര്‍ തെരുവിലാണ്; പദ്ധതികള്‍ പേപ്പറിലും

നന്ദന്‍  പുനലൂര്‍

പുനലൂര്‍: വയോജനങ്ങളെ സംരക്ഷിക്കുന്നതിനു വേണ്ടി പുനലൂര്‍ നഗരസഭ, ജനമൈത്രി പോലിസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ തുടങ്ങിവച്ച പദ്ധതികള്‍ കടലാസില്‍ മാത്രം ഒതുങ്ങി. ദിവസങ്ങള്‍ക്കു മുമ്പ് പുനലൂര്‍ നഗരസഭയിലെ വള്ളിമാന്നൂര്‍ മൂന്നു സെന്റ് കോളനിയില്‍ മക്കളാല്‍ ഉപേക്ഷിക്കപ്പെട്ടു വീടിനുള്ളില്‍ ഭക്ഷണമില്ലാതെ അവശനിലയില്‍ പുഴുവരിച്ചു കിടന്നിരുന്ന അസുമാബീവി എന്ന വൃദ്ധ പിന്നീട് മരണപ്പെട്ടിരുന്നു. ഈ സംഭവത്തില്‍ സംരക്ഷണം നല്‍കാതിരുന്ന മക്കളായ നാസര്‍, സുബൈര്‍ എന്നിവരെ സീനിയര്‍ സിറ്റിസന്‍ ആക്റ്റ് പ്രകാരം അറസ്റ്റ് ചെയ്യുക മാത്രമാണ് പുനലൂര്‍ പോലിസ് ചെയ്തത്. പുനലൂര്‍ നഗരസഭയുടെ വയോമിത്രം പദ്ധതി, നഗരസഭയും പുനലൂര്‍ താലൂക്ക് ആശുപത്രിയും ചേര്‍ന്ന് നടപ്പിലാക്കുന്ന പാലിയേറ്റീവ് കെയര്‍ പദ്ധതി, കൂടാതെ ജനമൈത്രി പോലിസിന്റെ സീനിയര്‍ സിറ്റിസന്‍ ഹെല്‍പ് ഡസ്‌ക് തുടങ്ങിയ പദ്ധതികളൊക്കെ തന്നെ ആരംഭ ഘട്ടത്തില്‍ തന്നെ നിലച്ച അവസ്ഥയാണ്. ഇത്തരം പദ്ധതികള്‍ നടപ്പിലാക്കിയ സമയത്തും തുടര്‍ന്നുള്ള കുറച്ചു വര്‍ഷങ്ങളിലും അശരണരായ നിരവധി പേരെ സഹായിക്കുകയും അഭയ കേന്ദ്രങ്ങളില്‍ എത്തിക്കുകയും ചെയ്തിരുന്നു . പിന്നീട് വര്‍ഷാവര്‍ഷം വയോജന ദിനങ്ങളില്‍  പൊതുയോഗങ്ങള്‍ സംഘടിപ്പിച്ചു വൃദ്ധരെ ആദരിച്ചു കൈയടി നേടുന്ന സംഘടനാ തലത്തിലേക്ക് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെട്ടു. താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന പാലിയേറ്റീവ് കെയര്‍  യൂനിറ്റും,  വാര്‍ഡുകളിലെ വീടുകള്‍  തോറും കയറിയിറങ്ങുന്ന ആശാ പ്രവര്‍ത്തകരും, വാര്‍ഡ് കൗണ്‍സിലറും അസുമാബീവിക്ക് സംരക്ഷണത്തിനുള്ള വഴി തുറന്നില്ല എന്നതും ശ്രദ്ധേയമാണ്. ഇത്തരത്തില്‍ മക്കളാലും ഉറ്റവരാലും ഉപേക്ഷിക്കപ്പെട്ടു നാലു ചുമരുകള്‍ക്കുള്ളില്‍ കഴിയുന്നവര്‍ മാത്രമല്ല, അന്തി മയങ്ങുമ്പോള്‍ ചേര്‍ത്ത് പിടിച്ച ഭാണ്ഡവുമായി മുഷിഞ്ഞു നാറിയതും കീറിപ്പറിഞ്ഞതുമായ വസ്ത്രവുമായി തലചായ്ക്കാന്‍ ഒരിടമില്ലാതെ പട്ടണത്തിലെ കടത്തിണ്ണകളെ ആശ്രയിക്കുന്ന വയോജനങ്ങളും ഏവരുടെയും കണ്ണുനനയിക്കുന്ന മറ്റൊരു  കാഴ്ചയാണ്. ഇത്തരക്കാരില്‍ യാചകരും മാനസിക വൈകല്യത്തിന്  അടിമപ്പെട്ടവരും ഉള്‍പ്പെടുന്നു. കേരള- തമിഴ്‌നാട് അതിര്‍ത്തി പങ്കിടുന്ന പ്രദേശമായതിനാല്‍ തമിഴ്‌നാട്ടില്‍ നിന്നും മറ്റും മാനസിക വൈകല്യമുള്ളവരെ യാത്രാ ബസ്സുകളിലും മറ്റു വാഹനങ്ങളിലും കൊണ്ട് വന്നു ഇറക്കി വിടുന്നതും കുറവല്ല.  മുന്‍പ് ഇത്തരത്തിലെ നിരവധി പ്രശ്‌നങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല . ഇടക്കാലത്ത് തെരുവില്‍ ഉപേക്ഷിക്കപ്പെട്ടവരില്‍ ചിലരെ കണ്ടെത്തി അവര്‍ക്കും ഭക്ഷണവും വെള്ളവും നല്‍കി കുളിപ്പിച്ച് പുതുവസ്ത്രവും ധരിപ്പിച്ച ചില സംഘടനകള്‍ പിന്നീട് ഇവരെയൊന്നും തിരിഞ്ഞു നോക്കിയിട്ടു പോലുമില്ല. സാമൂഹികമാധ്യമങ്ങള്‍ വഴി സംഘടനയ്ക്ക് പേരുണ്ടാക്കുകയെന്നത് മാത്രമായിരുന്നു ഇത്തരക്കാരുടെ ലക്ഷ്യമെന്നാണ് ആക്ഷേപം.നഗരസഭയും പോലിസും ആവിഷ്‌കരിച്ച പദ്ധതികള്‍ പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ഇപ്പോഴുള്ളത്. വയോജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള പദ്ധതികള്‍ സുതാര്യമാക്കുന്നതിന് നഗരസഭ ശ്രമിച്ചിട്ടില്ലെന്നതും ഇതിനെതിരേ പ്രതികരിക്കാന്‍ പ്രതിപക്ഷവും തയ്യാറല്ലയെന്നും പരക്കെ ആക്ഷേപമുണ്ട്.
Next Story

RELATED STORIES

Share it