അമ്മത്തമ്പുരാക്കന്മാരുടെ കുറ്റകരമായ മൗനം

മധ്യമാര്‍ഗം - പരമു
ഐശ്വര്യത്തിന്റെയും ധാര്‍മികതയുടെയും സ്‌നേഹത്തിന്റെയും ലാളിത്യത്തിന്റെയും കരുതലിന്റെയും നാമമാണ് അമ്മ. എന്നാല്‍, അമ്മയുടെ മേല്‍വിലാസത്തില്‍ കച്ചവടം നടത്തുന്നവരുടെ എണ്ണവും അനുദിനം കൂടിവരുന്നു. അമ്മദൈവങ്ങളും അമ്മ രാഷ്ട്രീയനേതാക്കളും അമ്മ ഹോട്ടലുകളും അമ്മ സ്‌കൂളുകളും അമ്മ ആശുപത്രികളും അമ്മ പലഹാരങ്ങളും അമ്മ വാഹനങ്ങളും... ഇങ്ങനെ അമ്മയുടെ പേരിലുള്ള പലതും കമ്പോളത്തിലുണ്ട്. ഇതോടൊപ്പം അമ്മ കൂട്ടായ്മകളുടെയും അമ്മ സംഘടനകളുടെയും എണ്ണവും പെരുകിവരുന്നു. മലയാളത്തിലെ സിനിമാ നടീനടന്മാരുടെ സംഘടനയ്ക്കും അമ്മ എന്നാണു പേരിട്ടിരിക്കുന്നത്.  15 വര്‍ഷം മുമ്പു പിറവിയെടുത്ത ഈ സംഘടനയില്‍ ഇപ്പോള്‍ അവരുടെ കണക്കുപ്രകാരം 495 അംഗങ്ങളാണുള്ളത്. സത്യം പറഞ്ഞാല്‍ ഇതില്‍ ഒരു 20 ശതമാനം അംഗങ്ങളെപ്പോലും സിനിമകളിലൂടെ നമ്മളാരും കാണാറില്ല.
മുമ്പെങ്ങോ ഏതെങ്കിലും സിനിമയില്‍ മുഖം കാണിച്ചവരും ഒന്നോ രണ്ടോ സിനിമകളില്‍ വേഷം കെട്ടിയവരും എട്ടുനിലകളില്‍ പൊട്ടിയ സിനിമകളില്‍ നായികാനായകന്മാരായവരുമായ തൊഴില്‍രഹിതരാണ് സംഘടനയിലെ മഹാഭൂരിപക്ഷവും. സിനിമാ അമ്മയ്ക്കുള്ള ഒരു പ്രത്യേകത അതില്‍ സ്റ്റാറും സൂപ്പര്‍സ്റ്റാറും മെഗാസ്റ്റാറുകളും ഉള്ളതാണ്. ഇതിനു ചുവടെ നടനും നടിയും- വെറും നടനും വെറും നടിയും, സ്വഭാവ നടനും സ്വഭാവ നടിയും, ഹാസ്യനടനും ഹാസ്യനടിയും, അമ്മനടിയും അച്ഛന്‍ നടനും ഒക്കെ. ഇതിനു ചുവടെയുള്ളവരെ അല്‍പം പരിഹാസരൂപത്തില്‍ ആര്‍ട്ടിസ്റ്റ്, എക്‌സ്ട്രാ ആര്‍ട്ടിസ്റ്റ് എന്നു വിളിക്കും. അമ്മയിലെ 495 അംഗങ്ങളില്‍ താരപദവിയുള്ളവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം. അവരാണെങ്കില്‍ കോടീശ്വരന്മാരും. അമ്മയിലെ ബഹുഭൂരിപക്ഷം അംഗങ്ങളും അന്നന്നത്തെ അത്താഴത്തിന് വഴി കാണാന്‍ നട്ടംതിരിയുന്നവര്‍.  വാസ്തവത്തില്‍ അമ്മയുടെ കാറ്റഗറി നോക്കിയാല്‍ തമ്പുരാക്കന്മാര്‍, പ്രജകള്‍, അടിമകള്‍, ദാസ്യപ്പണിക്കാര്‍ എന്നിങ്ങനെ കാണാം. സംഘടന തമ്പുരാക്കന്മാരുടെ കൈകളിലാണ്. കാര്യങ്ങളൊക്കെ തീരുമാനിക്കുന്നതും നടപ്പാക്കുന്നതും അവരുടെ അടിമകളും. രണ്ടു കാര്യത്തില്‍ അമ്മയ്ക്ക് ഇന്നുവരെ ഒരു കുറവും ഉണ്ടായിട്ടില്ല. ഒന്ന് പബ്ലിസിറ്റി, രണ്ട് ഫണ്ട്. അമ്മ എന്നുകേട്ടാല്‍ മതി, ചാനല്‍ കാമറക്കാര്‍ നിരന്നുനില്‍ക്കും. താരനിശയും മറ്റും സംഘടിപ്പിച്ച് വന്‍ നിക്ഷേപവും സംഘടനയ്ക്കുണ്ട്.
അമ്മയുടെ ജനനംകൊണ്ട് മലയാള സിനിമയ്‌ക്കോ നാടിനോ എന്തെങ്കിലും ഗുണമുണ്ടായതായി ആരും പറഞ്ഞുകേട്ടിട്ടില്ല. 1920ല്‍ ബ്രിട്ടിഷുകാര്‍ കൊണ്ടുവന്ന ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്റ്റ് പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ട സംഘടനയാണ് അമ്മ. അതുകൊണ്ട് ഈ ആക്റ്റിലെ വകുപ്പുകളും ഉപവകുപ്പുകളും അനുസരിച്ചു മാത്രമേ സംഘടനയ്ക്ക് ഒരംഗത്തെ പുറത്താക്കാനോ തിരിച്ചെടുക്കാനോ സാധിക്കുകയുള്ളൂ. നിയമത്തിലെ അച്ചടക്കം സംബന്ധിച്ച വകുപ്പുകള്‍ പാലിച്ചില്ലെങ്കില്‍ രജിസ്‌ട്രേഷന്‍ റദ്ദായിപ്പോവും. വ്യക്തിവിരോധങ്ങളും ഗ്രൂപ്പും ഗ്രൂപ്പുകളിലെ ഗ്രൂപ്പുകളും തര്‍ക്കങ്ങളും തമ്മില്‍ത്തല്ലുകളും അമ്മയുടെ കൂടപ്പിറപ്പാണ്. അനുഗൃഹീത നടനായിരുന്ന തിലകനെ അപമാനിക്കുകയും ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്ത 'ബഹുമതി' ഈ സംഘടനയ്ക്കുള്ളതാണ്. അമ്മയെ നയിക്കുന്നവര്‍ക്കും നിയന്ത്രിക്കുന്നവര്‍ക്കുമുള്ള അധോലോക-മാഫിയാബന്ധങ്ങള്‍ അങ്ങാടിപ്പാട്ടാണ്. താരരാജാക്കന്മാരില്‍  ഒരാളായ ദിലീപ് ഗുരുതരമായ ക്രിമിനല്‍ക്കേസില്‍ പ്രതിയായതോടെ അമ്മയുടെ വിശ്വരൂപം മാലോകരറിഞ്ഞു. എന്നാല്‍, ആക്രമിക്കപ്പെട്ട നടി അംഗമായ അമ്മ പ്രത്യക്ഷമായും പരോക്ഷമായും വേട്ടക്കാരന്റെ ഒപ്പം നിന്നു.
രണ്ടരമാസം ജയിലില്‍ കഴിഞ്ഞ ദിലീപുമായി ഇക്കൂട്ടര്‍ നിരന്തരം ബന്ധപ്പെട്ടു. കേസ് കെട്ടിച്ചമച്ചതാണെന്ന് വ്യാപകമായി പ്രചരിപ്പിച്ചു. നില്‍ക്കക്കള്ളിയില്ലാതെ ദിലീപിനെ അന്ന് താരസംഘടനയില്‍ നിന്ന് പുറത്താക്കേണ്ടിവന്നു. എന്നാല്‍, കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെ ദിലീപിനെ സംഘടനയിലേക്കു തിരിച്ചെടുത്തു. ഇപ്പോഴത്തെ പ്രശ്‌നം അതാണ്. നടിമാരുടെ രാജിവയ്ക്കലും കത്തുകൊടുക്കലും വലിയ വാര്‍ത്തയായി. രാഷ്ട്രീയപ്പാര്‍ട്ടികള്‍ രംഗത്തുവന്നു. സിനിമാസംഘടനയ്ക്കുള്ളിലെ ഈ വിഷയം ജനകീയ പ്രശ്‌നമായി മാറി. കാരണം, ജനങ്ങളാണ് സിനിമയെയും സിനിമാ നടീനടന്മാരെയും നിലനിര്‍ത്തുന്നത്. അതുകൊണ്ട് ഇക്കാര്യത്തില്‍ ഇടപെടാന്‍ ജനങ്ങള്‍ക്ക് ബാധ്യതയും കടമയുമുണ്ട്. അമ്മ സംഘടനയിലെ താരരാജാക്കന്മാര്‍ -തമ്പുരാക്കന്മാര്‍ കുറ്റകരമായ മൗനം അവലംബിക്കുന്നത് ഒട്ടും നീതീകരിക്കാനാവില്ല. അവരെ താരങ്ങളാക്കിയ ജനങ്ങളോട് പ്രതികരിക്കാന്‍ അവര്‍ക്കു ബാധ്യതയുണ്ട്. സാമൂഹിക പ്രതിബദ്ധതയ്ക്കും കലാപ്രകടനത്തിനും രാജ്യം പത്മശ്രീ നല്‍കി ആദരിച്ചവരും അമ്മയിലുണ്ട്. ജനങ്ങള്‍ വോട്ട് നല്‍കി ജനപ്രതിനിധികളാക്കിയ നടന്മാരും അമ്മയുടെ താക്കോല്‍സ്ഥാനങ്ങളില്‍ ഉണ്ട്. ഇവരുടെ നിലപാടുകള്‍ക്ക് കാത്തിരുന്ന് സമയം കളയേണ്ട ആവശ്യം ജനങ്ങള്‍ക്കില്ല. ഇവരുടെ സിനിമകള്‍ കാണാന്‍ തയ്യാറല്ല എന്ന് ഉറക്കെ പ്രഖ്യാപിക്കുകയേ വേണ്ടൂ.                                       ി
Next Story

RELATED STORIES

Share it