wayanad local

അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ 15 കുളങ്ങളും നിറഞ്ഞുഅമ്പല

വയല്‍: മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ മഴവെള്ളക്കൊയ്ത്തിനായി നിര്‍മിച്ച 15 കുളങ്ങളും നിറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പെയ്ത കനത്ത മഴയാണ് കുളങ്ങള്‍ നിറയുന്നതിനു സഹായകമായത്. പെരുമഴയില്‍ കരകവിയുമെന്ന ഘട്ടത്തില്‍ പൂപ്പൊലി ഗ്രൗണ്ടിലെ മൂന്നു കുളങ്ങളില്‍ നിന്നു വെള്ളം തുറന്നുവിടേണ്ടിയും വന്നു. മുഴുവന്‍ കുളങ്ങളിലുമായി ഏകദേശം 30 കോടി ലിറ്റര്‍ വെള്ളമാണ് ശേഖരിച്ചിരിക്കുന്നത്. ഇതു വരുന്ന വേനലില്‍ ഗവേഷണ കേന്ദ്രത്തിലെ മുഴുവന്‍ കൃഷിയാവശ്യത്തിനും തികയുമെന്ന് അസോഷ്യേറ്റ് ഡയറക്ടര്‍ ഡോ. പി രാജേന്ദ്രന്‍ പറഞ്ഞു.
കേരള കാര്‍ഷിക സര്‍വകലാശാലയ്ക്കു കീഴിലാണ് മേഖല കാര്‍ഷിക ഗവേഷണകേന്ദ്രം. കൈവശമുള്ള 87 ഹെക്റ്റര്‍ ഭൂമിയുടെ വിവിധ ഭാഗങ്ങളിലാണ് മഴവെള്ളക്കൊയ്ത്തിന് കുളങ്ങള്‍ നിര്‍മിച്ചത്. 2014ലെ വേനലിലായിരുന്നു ആദ്യ കുളത്തിന്റെ നിര്‍മാണം. 10 സെന്റ് മുതല്‍ 60 സെന്റ് വരെ വിസ്തൃതിയുള്ളതാണ് കുളങ്ങള്‍. പൂപ്പൊലി ഗ്രൗണ്ടിലെ രണ്ടു വലിയ കുളങ്ങള്‍ക്ക് നാലര കോടി ലിറ്റര്‍ വീതം വെള്ളം ശേഖരിക്കാന്‍ ശേഷിയുണ്ട്. മറ്റു ഭാഗങ്ങളിലെ കുളങ്ങളില്‍ മൂന്നെണ്ണത്തിനു മൂന്നു കോടി ലിറ്റര്‍ വീതം ശേഷിയാണുള്ളത്. ഏറ്റവും ഒടുവില്‍ ഗവേഷണ കേന്ദ്രം ഓഫിസിനടുത്തായി നിര്‍മിച്ച ചെറിയ കുളത്തില്‍ 30 ലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കാനാവും. 51 മീറ്റര്‍ നീളവും അത്ര തന്നെ വീതിയും ഏഴുമീറ്റര്‍ ആഴവും ഉളളതാണ് ഏതാനും കുളങ്ങള്‍. ഇവയില്‍ ചിലതില്‍ 12 വര്‍ഷം വരെ ഈടുനില്‍ക്കുന്ന പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചാണ് മഴവെള്ളം ശേഖരിക്കുന്നത്.
മുഴുവന്‍ കുളങ്ങളിലും ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ മല്‍സ്യകൃഷി നടത്താനുള്ള നീക്കം നടന്നുവരികയാണെന്നു ഗവേഷണകേന്ദ്രം മേധാവി പറഞ്ഞു. ഇതിനു കാര്‍ഷിക സര്‍വകലാശാലയുടെ അനുമതി ലഭിച്ചിട്ടുണ്ട്. ഗവേഷണ കേന്ദ്രത്തിനു കീഴില്‍ രൂപീകരിച്ച നാലു സ്വയംസഹായ സംഘങ്ങളെ മല്‍സ്യകൃഷിക്കു നിയോഗിക്കാനാണ് പദ്ധതി. നാലു സംഘങ്ങളിലുമായി 50 അംഗങ്ങളുണ്ട്. മല്‍സ്യകൃഷിക്ക് ഫിഷറീസ് വകുപ്പ് 10 ലക്ഷം രൂപ സബ്‌സിഡി അനുവദിക്കും. ഉള്‍നാടന്‍ മല്‍സ്യകൃഷി വ്യാപന പദ്ധതിയുടെ ഭാഗമായാണ് ഫിഷറീസ് വകുപ്പ് മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രവുമായി സഹകരിക്കുന്നത്. മഴവെള്ളക്കൊയ്ത്തിനായി നിര്‍മിച്ചതില്‍ ഏതാനും കുളങ്ങളില്‍ നിലവില്‍  കട്‌ല, രോഹു, കാര്‍പ് തുടങ്ങിയ ഇനം മല്‍സ്യങ്ങളെ വളര്‍ത്തുന്നുണ്ട്. 1945ല്‍ അന്നത്തെ മദ്രാസ് സര്‍ക്കാര്‍ ആരംഭിച്ച തോട്ടമാണ് 1972ലെ കാര്‍ഷിക സര്‍വകലാശാല രൂപീകരണത്തിനു പിന്നാലെ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രമായി മാറിയത്.
കാപ്പി, കുരുമുളക്, നെല്ല്, തെങ്ങ്, കവുങ്ങ്, പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, തീറ്റപ്പുല്ലുകള്‍, പൂച്ചെടികള്‍ തുടങ്ങിയവയുടെ വിജയകരമായ കൃഷിയില്‍ കര്‍ഷകര്‍ക്ക് നേരിട്ടും അല്ലാതെയും മാര്‍ഗനിര്‍ദേശം നല്‍കുന്ന ഗവേഷണകേന്ദ്രം നല്ലയിനം നടീല്‍വസ്തുക്കളുടെ ലഭ്യതയും ഉറപ്പുവരുത്തുന്നുണ്ട്. കൃഷി ആധുനികവല്‍ക്കരിച്ച് ലാഭകരമാക്കുന്നതിനുള്ള അറിവ് കര്‍ഷകരിലേക്ക് പകരുന്നതില്‍ ഗവേഷണകേന്ദ്രത്തിന് സര്‍ക്കാരും വിവിധ ഏജന്‍സികളും മികച്ച പിന്തുണ നല്‍കുന്നുണ്ടെന്നു ഡോ. രാജേന്ദ്രന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it