wayanad local

അമ്പലവയല്‍ കാര്‍ഷിക കോളജ് അടുത്ത വര്‍ഷം തുടങ്ങും

അമ്പലവയല്‍: അമ്പലവയലില്‍ പ്രഖ്യാപിച്ച പുതിയ കാര്‍ഷിക കോളജ് അടുത്ത അധ്യയന വര്‍ഷം ജൂണ്‍-ജൂലൈ മാസത്തില്‍ പ്രവര്‍ത്തിച്ചുതുടങ്ങുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ മൂന്നാമത് അന്താരാഷ്ട്ര പുഷ്പമേള പൂപ്പൊലി-2016 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാര്‍ഷിക കോളജിന്റെ സ്ഥാപിക്കാനുള്ള നടപടിക്രമങ്ങള്‍ കാര്‍ഷിക സര്‍വകലാശാലയില്‍ അന്തിമ ഘട്ടത്തിലാണ്.
കാര്‍ഷിക സര്‍വകലാശാലയുടെ ഗവേഷണം കൃഷിക്കാരിലേക്ക് ഇറങ്ങിച്ചെല്ലണം. കൃഷിഭൂമിയില്‍ അതിന്റെ പ്രതിഫലനം ഉണ്ടാവണം. കാര്‍ഷിക സര്‍വകലാശാല വളരെയേറെ കാര്യങ്ങള്‍ ഇക്കാര്യത്തില്‍ ചെയ്തുകഴിഞ്ഞു. കാര്‍ഷിക മേഖല പല തരത്തിലുള്ള വെല്ലുവിളികള്‍ നേരിടുമ്പോള്‍ മെച്ചപ്പെട്ട കൃഷി ചെയ്യുന്നതിന് കര്‍ഷകനെ സഹായിക്കാന്‍ സര്‍വകലാശാലയ്ക്ക് കഴിയണം.
വിലത്തകര്‍ച്ചയില്‍ നിന്ന് കര്‍ഷകനെ രക്ഷിക്കാന്‍ നിരവധി കാര്യങ്ങള്‍ ചെയ്തിട്ടും ഇതുകൊണ്ടൊന്നും പോരാ എന്ന നിലപാടാണ് കര്‍ഷകര്‍ക്കുള്ളത്. റബറിന് ചെറുകിട കര്‍ഷകന് കിലോയ്ക്ക് 150 രൂപ ഉറപ്പുവരുത്താനുള്ള നടപടിയാണ് സര്‍ക്കാര്‍ എടുത്തത്. ഒരു കിലോഗ്രാം റബറിന് സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡി 55 രൂപയാണ്.
നാളികേരത്തിനും വിലത്തകര്‍ച്ചയാണ്. കൃഷിഭവന്‍ മുഖേന കിലോയ്ക്ക് 25 രൂപയ്ക്ക് പച്ചത്തേങ്ങ ശേഖരിക്കുകയാണ്. നെല്‍കൃഷിക്കും കനത്ത പ്രതിസന്ധിയാണ്. നെല്ല് ഒരു കിലോഗ്രാം 21.5 രൂപയ്ക്കാണ് സംഭരിക്കുന്നത്. 13 രൂപ 10 പൈസയ്ക്കാണ് ഇതു കേന്ദ്രത്തിന് വില്‍ക്കുന്നത്. ഒരു കിലോയ്ക്ക് 8.40 രൂപ സംസ്ഥാനം സബ്‌സിഡിയായി നല്‍കുന്നുണ്ട്. വിദ്യാര്‍ഥികള്‍ക്കുള്‍പ്പെടെ കൃഷിയോട് ആഭിമുഖ്യം വളര്‍ത്താന്‍ പൂപ്പൊലി പോലുള്ള പ്രദര്‍ശനങ്ങള്‍ കൊണ്ട് കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പട്ടികവര്‍ഗ ക്ഷേമ- യുവജനകാര്യ മന്ത്രി പി കെ ജയലക്ഷ്മി എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്തു. എം പി വിന്‍സെന്റ് എംഎല്‍എ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ ട്രൈക്കോഗ്രാമ മുട്ട കാര്‍ഡുകളുടെ പ്രകാശനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി വയനാട് കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ റെഡി ടു യൂസ് ഫോര്‍മുലേഷനുകള്‍ പ്രകാശനം ചെയ്തു.
കാര്‍ഷിക സര്‍വകലാശാലാ വൈസ് ചാന്‍സിലര്‍ ഡോ. പി രാജേന്ദ്രന്‍, ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍, മലയോര വികസന ഏജന്‍സി വൈസ് ചെയര്‍മാന്‍ എന്‍ ഡി അപ്പച്ചന്‍, വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ സി റോസക്കുട്ടി, കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സന്‍ ബിന്ദു ജോസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ അസ്മത്ത്, അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം അസോഷ്യേറ്റ് ഡയറക്ടര്‍ ഡോ. പി രാജേന്ദ്രന്‍ സംസാരിച്ചു. ഫെബ്രുവരി നാലു വരെയാണ് പുഷ്പമേള നടക്കുക.
Next Story

RELATED STORIES

Share it