Alappuzha local

അമ്പലപ്പുഴ ഗവ. മോഡല്‍ സ്‌കൂളിലെ ഓഡിറ്റോറിയം ഉദ്ഘാടനം വിവാദത്തിലേക്ക്

അമ്പലപ്പുഴ: അമ്പലപ്പുഴ ഗവ: മോഡല്‍ സ്‌കൂളില്‍ 120 ലക്ഷം രൂപ മുതല്‍ മുടക്കി നിര്‍മ്മിച്ച ആഡിറ്റോറിയത്തിന്റെ ഉദ്ഘാടനം വിവാദത്തിലേക്ക്.പരാതി നിലനില്‍ക്കെ തിടുക്കത്തില്‍ ഉദ്ഘാടനത്തിന് ശ്രമിക്കുന്നത് അഴിമതിക്കാരെ സംരക്ഷിക്കാനാണെന്ന് ജില്ലാ പഞ്ചായത്ത് അംഗം എ ആര്‍  കണ്ണന്‍ കുറ്റപ്പെടുത്തി. ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള വിദ്യാലയത്തില്‍ മന്ത്രി ജി സുധാകരന്റെ നിര്‍ദ്ദേശാനുസരണം സര്‍ക്കാര്‍ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി തുക അനുവദിച്ചിട്ടാണ് പഴയ ആഡിറ്റോറിയം പൊളിച്ചുമാറ്റി പുതിയത് നിര്‍മ്മിച്ചത്. നിര്‍മ്മാണ പുരോഗതിയില്‍ തന്നെ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും പൂര്‍ത്തീകരിക്കുന്നതിന് മുമ്പ് ആക്ഷേപരഹിതമാക്കുമെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പ് നല്‍കിയിരുന്നു. ആഡിറ്റോറിയം പൂര്‍ത്തീകരിച്ചതായി പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചപ്പോള്‍തന്നെ ആക്ഷേപങ്ങള്‍ പരഹരിച്ചിട്ടില്ലെന്ന് ശ്രദ്ധയില്‍പെടുത്തിയതാണ്. പൂര്‍ത്തീകരിച്ചെന്നു പറഞ്ഞ ആഡിറ്റോറിയം തുറന്ന്  കാണിക്കാന്‍ പോലും അധികൃതര്‍ വിസമ്മതിച്ചതായി കണ്ണന്‍ ആരോപിച്ചു. ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള വിദ്യാലയമായതിനാലും പൊതുജനങ്ങളോടുള്ള പ്രതിബദ്ധത ഉള്ളതുകൊണ്ടും പ്രദേശത്തെ ജനപ്രതിനിധിയെന്ന നിലയില്‍ ആഡിറ്റോറിയത്തിന്റെ അഴിമതി സംബന്ധിച്ച് വിജിലന്‍സ് ഡയറക്ടര്‍ക്ക് എഴുതി തയ്യാറാക്കിയ പരാതി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അഴിമതിക്കാരെ സംരക്ഷിക്കാനാണ് മന്ത്രിയുടെ നിര്‍ദേശാനുസരണം ഉദ്ഘാടനത്തിനുള്ള സ്വാഗത സംഘ  യോഗം ചേര്‍ന്നത്. ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള വിദ്യാലയത്തില്‍ പ്രദേശത്തെ ഡിവിഷന്‍ മെമ്പറായ തന്നെയും ബ്ലോക്ക് പഞ്ചായത്ത് അംഗത്തേയും  ബോധപൂര്‍വ്വം ഒഴിവാക്കിയായിരുന്നു യോഗമെന്നും കണ്ണന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it