thrissur local

അമ്പലക്കുളം നിര്‍മാണത്തിന്റെ മറവില്‍ കളിമണ്‍ ഖനനം; അന്വേഷണത്തിന് ഉത്തരവ്

തൃശൂര്‍: ഹൈക്കോടതി ഉത്തരവ് ലംഘിച്ച് അമ്പലക്കുളം നിര്‍മാണത്തിന്റെ മറവില്‍ കളിമണ്ണ് ഖനനം നടത്തി എന്ന പരാതിയില്‍ തൃശൂര്‍ വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. ജില്ലാ ജിയോളജിസ്റ്റ് കെ കെ സജീവന്‍, കല്ലൂര്‍ വില്ലേജ് ഓഫിസര്‍ വി എസ് ബിന്ദു, മുകുന്ദപുരം താലൂക്ക് അഡീഷണല്‍ തഹസില്‍ദാര്‍ വര്‍ഗ്ഗീസ്, കല്ലൂര്‍ കണ്ണംകുറ്റി ആലിക്കല്‍ ഭഗവതി ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് സജി പെരുമ്പിള്ളി, സെക്രട്ടറി സുനില്‍കുമാര്‍ എന്നിവര്‍ക്കെതിരെയാണ് അന്വേഷണ ഉത്തരവ്. ക്ഷേത്രം 2015ല്‍ വാങ്ങിയ വയലില്‍ നിന്നും ചട്ടങ്ങള്‍ ലംഘിച്ച് അനുമതി കൂടാതെ നിലം പരിവര്‍ത്തനം നടത്തി കളിമണ്ണ് ഖനനം നടത്തി മൂന്നരക്കോടി രൂപ സമ്പാദിച്ചുവെന്നാണ് പരാതി.
കേരള ഹൈക്കോടതി പുത്തൂര്‍, തൃക്കൂര്‍, നെന്മണിക്കര പഞ്ചായത്തുകളുടെ പരിധിക്കുള്ളില്‍ കളിമണ്ണ് ഖനനം നിരോധിച്ചിട്ടുള്ളതാണ്. ഖനനവും നെല്‍വയല്‍ പരിവര്‍ത്തനവും തടയാന്‍ ചുമതലപ്പെട്ട ജില്ലാ കലക്ടര്‍ നടപടി സ്വീകരിക്കാതിരുന്നതും കളിമണ്ണ് നീക്കം ചെയ്തതിനും നിലം നികത്തിയതിനും ശേഷം കലക്ടര്‍ അന്വേഷണം നടത്തുന്നതില്‍ യാതൊരു കാര്യവുമില്ലെന്നും വിജിലന്‍സ് കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി.
കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനും ആവശ്യപ്പെട്ട റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനും വിജിലന്‍സ് ഡയറക്ടറോട് കോടതി നിര്‍ദ്ദേശിച്ചു. പൊതുപ്രവര്‍ത്തകനായ മുകുന്ദന്‍ തടത്തില്‍ സമര്‍പ്പിച്ച പരാതിയിന്മേലായിരുന്നു കോടതിയുടെ ഉത്തരവ്.
Next Story

RELATED STORIES

Share it