ernakulam local

'അമ്പത് ദിനം നൂറു കുളം' നാലാം ഘട്ടത്തിലേക്ക്‌



കൊച്ചി: നാടിന്റെ ശുദ്ധജല സംഭരണികള്‍ വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ലയുടെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ച 50 ദിനം, 100 കുളം പദ്ധതിയുടെ നാലാം ഘട്ടത്തിന് തുടക്കം. ഇന്നലെ 11 കുളങ്ങളാണ് ചെളിയും മാലിന്യങ്ങളും നീങ്ങി തെളിനീരണിഞ്ഞത്. ഇതോടെ പദ്ധതിയുടെ ഭാഗമായി നവീകരിച്ച കുളങ്ങളുടെ എണ്ണം 57 ലെത്തി. മെയ്ദിനമായ ഇന്ന് ഏഴ് കുളങ്ങള്‍ കൂടി ശുചീകരിക്കും. മൂവാറ്റുപുഴ താലൂക്കിലാണ് ഇന്നത്തെ ശുചീകരണം.കുന്നത്തുനാട്, ആലുവ, കോതമംഗലം താലൂക്കുകളിലായിരുന്നു ഇന്നലെ കുളം വൃത്തിയാക്കല്‍. വിവിധ കേന്ദ്രങ്ങളില്‍ നേരിട്ടെത്തി ശുചീകരണത്തില്‍ പങ്കാളിയായ കലക്ടര്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്കും തൊഴിലാളികള്‍ക്കും ആവേശം പകര്‍ന്നു. തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, കുടുംബശ്രീ, കലാലയങ്ങളിലെയും സ്‌കൂളുകളിലെയും എന്‍എസ്എസ് യൂനിറ്റുകള്‍, ഹരിത കേരളം മിഷന്‍, അന്‍പൊടു കൊച്ചി, നെഹ്‌റു യുവകേന്ദ്ര, വിവിധ സംഘടനകള്‍ തുടങ്ങിയവര്‍ കുളങ്ങളെ ശുദ്ധജല സ്രോതസുകളാക്കാനുള്ള മാതൃകാപദ്ധതിയുടെ വിജയത്തിന് മുന്നിട്ടിറങ്ങി.ആദിവാസി മേഖലയായ കുട്ടമ്പുഴയില്‍ തണ്ടേക്കാട് ജമാഅത്ത് സ്‌കൂള്‍ എന്‍എസ്എസ് യൂനിറ്റിന്റെ നേതൃത്വത്തിലായിരുന്നു മേദനപ്പാറ കുളം ശുചീകരണം. അശമന്നൂര്‍ അംബേദ്കര്‍ ലിഫ്റ്റ് ഇറിഗേഷന്‍ കുളം, കണ്ണന്‍കുളം എന്നിവ വൃത്തിയാക്കുന്നതിന് മേത്തല കല്ലില്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍എസ്എസ് അംഗങ്ങള്‍ മുന്നിട്ടിറങ്ങി. കീരമ്പാറയിലെ ചാലിച്ചിറയില്‍ സെന്റ് സ്റ്റീഫന്‍സ് സ്‌ക്കൂളിലെ എന്‍എസ്എസ് പ്രവര്‍ത്തകര്‍ ശുചീകരണത്തില്‍ പങ്കാളികളായി. കവളങ്ങാട് ചിറപ്പടി കുളത്തില്‍ പ്രദേശവാസികള്‍ക്കും കുടുംബശ്രീ യൂനിറ്റുകള്‍ക്കുമൊപ്പം സെന്റ്. ജോണ്‍സ് സ്‌കൂളിലെ എന്‍ എസ്എസ് യൂനിറ്റും ശുചീകരണത്തില്‍ പങ്കെടുത്തു.നെല്ലിക്കുഴി ഗ്രാമപ്പഞ്ചായത്തിലെ കാണാച്ചിറ വൃത്തിയാക്കുന്നതിന് കോതമംഗലം മാര്‍ബേസില്‍ എച്ച് എസ്എസ് വിദ്യാര്‍ഥികളും പങ്കാളികളായി. മോതിരപ്പാട്ടുചിറ ശുചീകരണത്തില്‍ ചെറുവട്ടൂര്‍ ഗവ. മോഡല്‍ സ്‌കൂള്‍  എന്‍ എസ്എസ് യൂനിറ്റും കോതമംഗലം ഓലിച്ചിറ വൃത്തിയാക്കാന്‍ കോതമംഗലം സെന്റ് ജോര്‍ജ് സ്‌കൂളിലെ  വിദ്യാര്‍ഥികളും പങ്കാളികളായി. പൈങ്ങോട്ടൂര്‍ ആലപ്പാട്ടുകുളം വൃത്തിയാക്കാന്‍ സെന്റ്. ജോസഫ്‌സ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ പങ്കെടുത്തു. കൂവപ്പടി മേനെടുത്തുചാലില്‍ ചിറ, തുറവൂര്‍ കുന്നംകുളം എന്നിവയും വൃത്തിയാക്കിയവയില്‍ പെടുന്നു. മെയ് ഒന്നിന് ആരക്കുഴയിലെ കടുകാസിറ്റി കുളം, പായിപ്രയിലെ ആണിക്കുളം, വാളകത്തെ കരിപ്പാടിക്കുളം, മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയിലെ പഞ്ചായത്തുകുളം, കടുവപ്പാടം കുളം, മഞ്ഞള്ളൂരിലെ കണിയാര്‍കുളം, ആയവനയിലെ പുതുവേലിമാരിക്കുളം എന്നിവ വൃത്തിയാക്കും.
Next Story

RELATED STORIES

Share it