അമേരിക്കയെ വളച്ചുകെട്ടുമ്പോള്‍...

ഹുസയ്ന്‍ ശബൊക്ഷി

അമേരിക്കയില്‍ മുസ്‌ലിംകള്‍ പ്രവേശിക്കുന്നത് തടയണമെന്ന അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കു റിപബ്ലിക്കന്‍ ടിക്കറ്റിനു രംഗത്തുള്ള ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന വിവാദമായി തുടരുകയാണ്. ഈ പ്രസ്താവനയെക്കുറിച്ച് സൗദി അറേബ്യയിലെ പ്രമുഖ കോളമിസ്റ്റുകളായ ഹുസയ്ന്‍ ശെബാക്ഷി (സൗദി ഗസറ്റ്), സാദ് ദോസരി (അറബ് ന്യൂസ്) എന്നിവര്‍ പ്രതികരിക്കുന്നു.
റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ മുന്‍നിര സ്ഥാനാര്‍ഥിയുടെ മുസ്‌ലിം വിരുദ്ധ പ്രസ്താവനകള്‍ മിതമായി പറഞ്ഞാല്‍ ഒരു ഇളക്കം ഉണ്ടാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ക്കുള്ള പ്രതികരണങ്ങള്‍ പ്രതീക്ഷിച്ചതുപോലെത്തന്നെയാണ്. മതഭ്രാന്തന്‍, വംശീയവാദി, തീവ്രവാദി തുടങ്ങി സമാനമായ പദാവലികളുമായി ആളുകള്‍ അദ്ദേഹത്തെ ആക്രമിച്ചു.
സത്യം പറഞ്ഞാല്‍, സത്യസന്ധമായും തുറന്നടിച്ചും തന്റെ വിചാരങ്ങള്‍ ചര്‍ച്ചയ്ക്ക് മുന്നോട്ടുവച്ച ഡൊണാള്‍ഡ് ട്രംപിനു നന്ദി പറയണം. ലോകത്ത് ഇന്ന് എത്ര ട്രംപുമാര്‍ ഉണ്ടാകുമെന്ന് എണ്ണുന്നത് വളരെ താല്‍പര്യജനകമാകും. ഓരോ നാട്ടിലും ഓരോ മതത്തിലും ഓരോ സംസ്‌കാരത്തിലും ട്രംപുമാരുണ്ട്.
ഡൊണാള്‍ഡ് ട്രംപ് പൊട്ടനല്ല. തന്റെ കരിയറില്‍ ഉടനീളം അദ്ദേഹം ചീട്ടുകള്‍ നന്നായാണ് കളിച്ചത്. സ്വന്തം ഇമേജ് മോടി കൂട്ടാനും പ്രസിദ്ധി നേടാനും മീഡിയ നന്നായി ഉപയോഗപ്പെടുത്തുകയും ചെയ്തു. അദ്ദേഹം ഇപ്പോള്‍ ചെയ്യുന്നതും മറ്റൊന്നല്ല. ജനങ്ങളുടെ സാമൂഹിക-സാമ്പത്തിക സ്ഥിതിവിവരങ്ങളെക്കുറിച്ച് പുതിയ പഠനങ്ങളില്‍ ഉയരുന്ന വെല്ലുവിളികള്‍ തങ്ങള്‍ക്കു ഭീഷണി ഉയര്‍ത്തുന്നതായി അമേരിക്കയിലെ വെള്ളക്കാരുടെ സമൂഹത്തിന് അനുഭവപ്പെടുന്നു. അവരുടെ ഉല്‍ക്കണ്ഠകളിലും അരക്ഷിതത്വത്തിലുമാണ് ഡൊണാള്‍ഡ് ട്രംപ് ഇപ്പോള്‍ ആഞ്ഞടിക്കുന്നത്.
സ്പാനിഷ് സംസാരിക്കുന്നവരും ലാറ്റിനമേരിക്കന്‍ പശ്ചാത്തലമുള്ളവരുമായ (ഹിസ്പാനിക്, ലാറ്റിനോ) വോട്ടര്‍മാരുടെയും മറ്റു ന്യൂനപക്ഷങ്ങളുടെയും വളര്‍ച്ചയും കരുത്തും ആഫ്രോ-അമേരിക്കന്‍ സമൂഹത്തിന്റെ ഒരു രാഷ്ട്രീയശക്തി എന്ന നിലയിലുള്ള ഉയര്‍ച്ചയും എല്ലാംകൂടി ആശങ്കാകുലരായ അവര്‍ പ്രതിരോധത്തിലാണ്്. ഡൊണാള്‍ഡ് ട്രംപില്‍ അവര്‍ തങ്ങളുടെ നായകനെയും ശബ്ദവും കണ്ടെത്തുന്നു.
അമേരിക്കന്‍ ഭരണഘടനയ്ക്കും അമേരിക്കന്‍ ജീവിതശൈലിക്കും എതിരായ എല്ലാറ്റിനെയുമാണ് ഡൊണാള്‍ഡ് ട്രംപിന്റെ വാചാടോപം വ്യക്തമായും (കടലാസിലെങ്കിലും) പ്രതിനിധീകരിക്കുന്നത്. തന്റെ വാദങ്ങള്‍ക്ക് ഓഹരിമൂല്യങ്ങളുടെ നാടകീയ മാത്ര കൂടി കൂട്ടിച്ചേര്‍ത്ത് അദ്ദേഹം ഇതു വളരെ നന്നായി വളച്ചൊടിക്കുകയുമാണ്. അദ്ദേഹത്തിന്റെ വോട്ടുകളുടെ എണ്ണത്തെ ഇതു ബാധിക്കുന്നില്ലെന്നതാണ് ഏറെ ഭയാനകം. മല്‍സരത്തില്‍ ഇപ്പോഴും നല്ല ഭൂരിപക്ഷത്തില്‍ അദ്ദേഹം മുന്നിലാണ്.
ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതിനെ വിമര്‍ശിക്കുന്നവര്‍ക്കെല്ലാം അതിനുള്ള അവകാശമുണ്ട്. എങ്കിലും ലോകത്തെ എല്ലാ ട്രംപുമാരെയും- സ്വന്തം ചുറ്റുപാടുകളില്‍ ഉള്ളവരെയടക്കം- അവര്‍ കാണണം. നിലവിലുള്ള പ്രശ്‌നത്തിന്റെ വ്യാപ്തി മനസ്സിലാക്കുന്നതിനു ലോകം ഡൊണാള്‍ഡ് ട്രംപിന്റെ അഭിപ്രായം കേള്‍ക്കേണ്ടിവന്നു. കാപട്യത്തില്‍ നിന്നു മാറിനിന്ന് നാം അഭിമുഖീകരിക്കുന്ന പ്രശ്‌നം നേരിടുന്നതിനു സമയമായിരിക്കുന്നു.
ട്രംപ്, ലേ പെന്‍, ദാഇഷ് (ഐഎസ് എന്നു സ്വയം പേരിട്ടവര്‍) തുടങ്ങി നിരവധി എണ്ണം- അവയെല്ലാം യഥാര്‍ഥ പ്രശ്‌നത്തിന്റെ ബ്രാന്‍ഡ് പേരുകള്‍ മാത്രമാണ്. അസഹിഷ്ണുതയാണ് യഥാര്‍ഥ പ്രശ്‌നം.

(സൗദി ഗസറ്റ്)

* * * * * *
സാദ് ദോസരി

മി. ട്രംപ്, സൗദിയില്‍ നിന്നാണ് താങ്കള്‍ക്ക് ഞാന്‍ ഇതെഴുതുന്നത്. അമേരിക്കയില്‍ നിന്ന് ആയിരക്കണക്കിനു നാഴിക അകലെയുള്ള ഒരു രാജ്യം. താങ്കളോട് അല്‍പം വാക്കുകള്‍ കൈമാറാന്‍ ആഗ്രഹിക്കുന്ന ഒരു മുസ്‌ലിമാണ് ഞാന്‍.
ഒന്നാമത്, അമേരിക്കയുടെ അടുത്ത പ്രസിഡന്റായി താങ്കള്‍ തിരഞ്ഞെടുക്കപ്പെടുന്നത് സത്യത്തില്‍ എന്നെ ബാധിക്കുന്ന കാര്യമല്ല. തീരുമാനിക്കേണ്ടതും അതിന്റെ പ്രത്യാഘാതങ്ങളെ നേരിടേണ്ടതും അമേരിക്കക്കാര്‍ തന്നെയാണ്. താങ്കള്‍ ഉന്നംവയ്ക്കുന്ന സുപ്രധാന പദവി മുന്‍നിര്‍ത്തി എനിക്ക് ആവശ്യപ്പെടാനുള്ളത്, നമ്മുടെ ലോകത്തെ കൂടുതല്‍ നാശത്തിലേക്കു നയിക്കരുതെന്നു മാത്രമാണ്.
ആഗോളവല്‍ക്കരണം, പരസ്പര ബഹുമാനവും ഉള്‍ക്കൊള്ളലും തുടങ്ങിയവ അടിസ്ഥാനമായ ഒരു സംസ്‌കാരത്തെക്കുറിച്ച് മാനവസമൂഹം കൂട്ടായി ചിന്തിക്കാന്‍ ആരംഭിക്കുമ്പോള്‍ താങ്കളെപ്പോലെ ചിലര്‍ പ്രത്യക്ഷപ്പെട്ട്, മതാന്ധതയുടെയും വിവേചനത്തിന്റെയും മുന്‍വിധിയുടെയും അന്ധകാരത്തിലേക്കു ലോകത്തെ പിറകോട്ട് വലിക്കുന്നു. മറ്റുള്ളവര്‍ ഭയത്തിനും സംശയങ്ങള്‍ക്കുമിടയില്‍ ജീവിക്കണമെന്ന് താങ്കളും താങ്കളെപ്പോലുള്ളവരും ആഗ്രഹിക്കുന്നു. അത്തരമൊരു ലോകം നമ്മുടെ ഭാവിതലമുറയ്ക്ക് അനന്തരമായി ലഭിക്കുന്നത് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.
അമേരിക്കന്‍ സംസ്‌കാരത്തിന്റെ നിരവധി വശങ്ങളെ പ്രശംസിച്ചുകൊണ്ടാണ് ഞാന്‍ വളര്‍ന്നുവന്നത്. വിശേഷിച്ചും ഹോളിവുഡ് സിനിമകള്‍, അമേരിക്കന്‍ സംഗീതം, കഠിനാധ്വാനവും തമാശകളും ഒത്തൊരുമിച്ചുപോകുന്ന ജീവിതശൈലി, ശാസ്ത്രത്തിനും കണ്ടുപിടിത്തത്തിനുമുള്ള അര്‍പ്പണബോധം, എല്ലാറ്റിനുമുപരി അതിന്റെ തുറന്ന സംസ്്കാരവും വ്യത്യസ്തരായവര്‍ക്കു നേരെയുള്ള സഹിഷ്ണുതയും. കാലം പിന്നിട്ടപ്പോള്‍ നിരവധി കാര്യങ്ങള്‍ മാറിയെന്നു സമ്മതിക്കാം. പക്ഷേ, അത് കൂടുതല്‍ മോശമാക്കാനാണ് താങ്കളുടെ ശ്രമം.
മുസ്‌ലിംകളെ സാമാന്യവല്‍ക്കരിച്ചുകൊണ്ട് താങ്കള്‍ മാനവതയുടെ താല്‍പര്യമല്ല സേവിക്കുന്നത്. താങ്കളെയോ താങ്കളുടെ ജനതയെയോ രാജ്യത്തെയോ വെറുക്കുന്നില്ല. ബഹുഭൂരിപക്ഷം മുസ്‌ലിംകളുടെ പേരില്‍ ആത്മവിശ്വാസത്തോടെയാണ് ഞാന്‍ എഴുതുന്നത്. എനിക്കറിയാം, ഞങ്ങള്‍ മുസ്‌ലിംകള്‍ ഒരു രാജ്യത്തെയോ ഒരു ജനതയെയോ വെറുക്കുകയില്ല.
ചില രാഷ്ട്രീയപ്രശ്‌നങ്ങളില്‍ നമുക്ക് വ്യത്യസ്തമായ വീക്ഷണങ്ങളുണ്ടാകാം. നിങ്ങളില്‍ നിന്നു വ്യത്യസ്തമായ സാംസ്‌കാരിക പശ്ചാത്തലമുണ്ടാകാം. എന്നാല്‍, നിങ്ങള്‍ക്ക് ഒരു ഉപദ്രവവും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. നിങ്ങള്‍ ധരിക്കുന്നതല്ല വസ്തുത. മഹത്തായ ഒരു വിശ്വാസസംഹിതയായ ഇസ്‌ലാം ഒന്നാണ്. മാനവതയ്‌ക്കെതിരായ തങ്ങളുടെ കുറ്റങ്ങളെ ന്യായീകരിക്കാന്‍ അതിനെ ഉപയോഗിക്കുന്നവര്‍ മറ്റൊന്നുമാണ്. ലോകത്തെ മഹത്തായ രാഷ്ട്രങ്ങളിലൊന്നിന്റെ പ്രസിഡന്റാകാന്‍ ആഗ്രഹിക്കുന്ന ഒരു രാഷ്ട്രീയനേതാവിനു ഭൂരിപക്ഷത്തിന്റെയും ഒരു സംഘം ആളുകളുടെയും വീക്ഷണങ്ങള്‍ തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാന്‍ സാധിക്കേണ്ടതുണ്ട്.
നിങ്ങളുടെ രാജ്യത്ത് എന്റെ നാട്ടുകാരായ വിദ്യാര്‍ഥികളുണ്ട്. അവര്‍ അമേരിക്ക തിരഞ്ഞെടുത്തത് തങ്ങള്‍ സ്വാഗതം ചെയ്യപ്പെടുമെന്ന വിശ്വാസം കാരണമാണ്. എന്റെ വിശ്വാസം പങ്കുവയ്ക്കുന്നവര്‍ നിങ്ങളുടെ രാജ്യത്തുണ്ട്. അവര്‍ ചിലര്‍ അമേരിക്കന്‍ വംശജരും മറ്റു പലരും കുടിയേറ്റക്കാരുമാണ്. അവര്‍ അമേരിക്കയെക്കുറിച്ച് ചിന്തിക്കുന്നത് ഒരു സ്വതന്ത്ര രാജ്യമായാണ്. മേല്‍നോട്ടത്തിന്റെയോ വിവേചനത്തിന്റെയോ ഭയം അശേഷമില്ലാതെ സ്വന്തം വിശ്വാസം അനുഷ്ഠിക്കാമെന്ന് ഉറപ്പുള്ള ഒരു രാഷ്ട്രം.
ഒറ്റപ്പെടല്‍, മതഭ്രാന്ത്, പുനരുദ്ധരിച്ച വിവേചനം, വംശീയത തുടങ്ങിയ ആശയങ്ങള്‍ അടിസ്ഥാന മൂല്യങ്ങളായ ഒരു ലോകത്ത് ജീവിക്കാന്‍ ഞങ്ങള്‍ക്കു താല്‍പര്യമില്ല. നമ്മോടൊപ്പമുള്ളവരും നമ്മെപ്പോലുള്ളവരും സ്‌നേഹിക്കപ്പെടുകയും സ്വാഗതം ചെയ്യപ്പെടുകയും, നമ്മില്‍ നിന്നു വ്യത്യസ്തരായവര്‍ വെറുക്കപ്പെടുകയും വിവേചനത്തിന് ഇരയാകുകയും ചെയ്യുന്ന ലോകത്ത് ജീവിക്കാനും നമുക്കു താല്‍പര്യമില്ല.
എക്കാലത്തും എന്റെ പ്രിയപ്പെട്ട നാടിന്റെ ഉറ്റസുഹൃത്തായിരുന്നു നിങ്ങളുടെ നാട്. നമ്മുടെ ആളുകള്‍ എപ്പോഴും ബിസിനസ് പങ്കാളികളും നല്ല സുഹൃത്തുക്കളുമായിരുന്നു. ഇതു തുടരുമെന്നു ഞാന്‍ കരുതുന്നു. അമേരിക്കയില്‍ ആദ്യമായി നടത്തിയ സന്ദര്‍ശനത്തിന്റെ ഓരോ നിമിഷവും ഞാന്‍ ആസ്വദിച്ചു. ഞാന്‍ ചെന്നിടത്തെല്ലാം അമേരിക്കക്കാര്‍ എന്നെ സ്വാഗതം ചെയ്തു. എന്നെക്കുറിച്ചും എന്റെ സംസ്‌കാരത്തെക്കുറിച്ചും കൂടുതല്‍ അറിയാന്‍ അവര്‍ ഉല്‍സുകരായിരുന്നു. എന്റെ കുട്ടികളില്‍ ആരെങ്കിലും എന്നെങ്കിലും ഒരു നാള്‍ നിങ്ങളുടെ നാട് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചാല്‍ അതേ അനുഭവം അവര്‍ക്കും ഉണ്ടാകണമെന്നാണ് സത്യത്തില്‍ എനിക്ക് ആഗ്രഹം.

(അറബ് ന്യൂസ്) $
Next Story

RELATED STORIES

Share it