Flash News

അമേരിക്കയിലേക്ക് കടക്കാന്‍ ഹര്‍പ്രീത് സിങ് യാത്ര ചെയ്തത് 11 രാജ്യങ്ങളിലൂടെ; ഒടുവില്‍ പിടികൂടി നാട്ടിലേക്ക്

അമേരിക്കയിലേക്ക് കടക്കാന്‍ ഹര്‍പ്രീത് സിങ് യാത്ര ചെയ്തത് 11 രാജ്യങ്ങളിലൂടെ; ഒടുവില്‍ പിടികൂടി നാട്ടിലേക്ക്
X

ന്യൂഡല്‍ഹി: ഒരു മാസം, 11 രാജ്യങ്ങളിലൂടെ, 10,000 കിലോമീറ്റര്‍ യാത്ര. ഒടുവില്‍ പോലിസ് പിടികൂടി നാട്ടിലേക്ക്. അമേരിക്കയിലേക്ക് കടക്കാന്‍ ഹര്‍പ്രീത് സിങ് എന്ന പഞ്ചാബുകാരന്‍ സഹിച്ച ത്യാഗങ്ങളെല്ലാം വെള്ളത്തിലായത് 15 മാസങ്ങള്‍ക്കൊടുവില്‍. കഴിഞ്ഞ ദിവസം ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ ഹര്‍പ്രീതിനെ പോലിസിന് കൈമാറി.

2016 ആഗസ്ത് 20നാണ് ഹര്‍പ്രീതിന്റെ യാത്ര തുടങ്ങിയത്. ഇന്ധിരാഗാന്ധി വിമാനത്താവളത്തില്‍ നിന്ന് വിമാനത്തില്‍ നേരെ ബ്രസീലിലേക്ക്. സ്വന്തം പാസ്‌പോര്‍ട്ടില്‍ നിയമപരമായി തന്നെയാണ് യാത്ര. അവിടെ നിന്ന് ബൊളീവിയ. നാട്ടില്‍ നിന്നുള്ള ട്രാവല്‍ ഏജന്റിന്റെ സഹായത്തോടെ റോഡ് മാര്‍ഗം അമേരിക്കയിലേക്ക് പോകാനുള്ള സൗകര്യങ്ങള്‍ ഹര്‍പ്രീത് ഒപ്പിച്ചത് ഇവിടെ നിന്നാണ്. ബൊളീവിയയില്‍ നിന്ന് പെറുവിലെ ലിമയിലേക്ക്. തുടര്‍ന്ന് ഇക്വഡോര്‍ വഴി കോസ്റ്റാറിക്കയില്‍. കോസ്റ്റാറിക്കയില്‍ നിന്ന് ഹോണ്ടുറാസിലേക്ക് കടന്നു. ഗ്വാട്ടിമാല വഴി ഒടുവില്‍ മെക്‌സിക്കോയിലെത്തി.

മെക്‌സിക്കോയില്‍ നിന്ന് അനധികൃതമായി ബോട്ടിലാണ് അമേരിക്കയിലെത്തിയത്. യാത്ര പൂര്‍ത്തിയാക്കാന്‍ എടുത്തത് ഒരു മാസത്തിലേറെ. അമേരിക്കയിലേക്കുള്ള യാത്രയ്ക്കിടെ യഥാര്‍ഥ പാസ്‌പോര്‍ട്ടും മറ്റു വസ്തുക്കളും കവര്‍ച്ചക്കാര്‍ അടിച്ചുമാറ്റി. ഇന്ത്യയിലെ ഏജന്റിനെ ബന്ധപ്പെട്ട് വ്യാജ പാസ്‌പോര്‍ട്ടിലായിരുന്നു തുടര്‍ന്നുള്ള യാത്രയെന്ന് ഇന്ധിരാഗാന്ധി എയര്‍പോര്‍ട്ട് ഡപ്യൂട്ടി കമ്മീഷണര്‍ സഞ്ജയ് ഭാട്ടിയ പറഞ്ഞു. ജലന്തറിലെ റാണ എന്നുപേരുള്ളയാളായിരുന്നു ഏജന്റ്.

അമേരിക്കയിലെത്തിയ ശേഷം ലൂസിയാന സംസ്ഥാനത്തെ ഒരു ഡിപാര്‍ട്ട്‌മെന്റ് സ്റ്റോറില്‍ 15 മാസത്തോളം ജോലി ചെയ്തു. അവിടെ വച്ചാണ് യുഎസ് അധികൃതര്‍ പിടികൂടിയത്. അമേരിക്കന്‍ പൗരത്വം സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹര്‍പ്രീത് അനധികൃതമായി അങ്ങോട്ട് കടന്നതെന്ന് പോലിസ് പറയുന്നു. വഞ്ചന, വ്യാജ രേഖ ചമയ്ക്കല്‍, പാസ്‌പോര്‍ട്ട് ആക്ട് തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് ഹര്‍പ്രീതിനെ പോലിസ് അറസ്റ്റ് ചെയ്തു.
Next Story

RELATED STORIES

Share it