Idukki local

അമേരിക്കന്‍ മലയാളിയുടെ കൊലപാതകം: തോക്കും കത്തിയും കണ്ടെടുത്തു; തെളിവെടുപ്പ് തുടരും

ചെങ്ങന്നൂര്‍: അമേരിക്കന്‍ മലയാളിയെ കൊലപ്പെടുത്തിയ കേസില്‍ തെളിവെടുപ്പിനിടെ ആയുധങ്ങള്‍ പോലിസ് കണ്ടെടുത്തു. ചെങ്ങന്നൂര്‍ വാഴാര്‍മംഗലം ഉഴത്തില്‍ വീട്ടില്‍ ജോയിജോണിനെ മകനും പ്രതിയുമായ ഷെറിന്‍ കൊല്ലാന്‍ ഉപയോഗിച്ച അമേരിക്കന്‍ നിര്‍മിത തോക്കിന് നടുവിരലിന്റെ വലുപ്പം മാത്രമാണുള്ളത്.
മൃതശരീരം മുറിക്കാന്‍ ഉപയോഗിച്ചത് ഒരടി നീളമുള്ള മൂര്‍ച്ചയേറിയ കത്തി, കൈ, കാലുകളുടെ അസ്ഥികള്‍ വെട്ടിമുറിക്കാന്‍ ഉപയോഗിച്ചത് മണ്‍വെട്ടി, മൃതശരീരം കത്തിക്കാന്‍ പെട്രോള്‍ വാങ്ങിയ ജാറുകള്‍, മൃതദേഹം കത്തിക്കാനായി കിടത്തിയ ടിന്‍ഷീറ്റ്, കഴുത്തില്‍ ഉണ്ടായിരുന്ന സ്വര്‍ണം കെട്ടിയ രുദ്രാക്ഷ മാല, മോതിരം, പേഴ്‌സ് എന്നിവയും കണ്ടെടുത്തു. പേഴ്‌സിനുള്ളില്‍ അമെരിക്കന്‍ ഡോളറും ഇന്ത്യന്‍ രൂപയും ഉണ്ടായിരുന്നു.
ഇന്നലെ രാവിലെ 10.30ന് ചെങ്ങന്നൂര്‍ നഗരമധ്യത്തിലെ ഉഴത്തില്‍ ബില്‍ഡിങിന്റെ ഗോഡൗണിനുള്ളിലെ സ്റ്റോര്‍ മുറിയില്‍ നിന്നാണ് ഇതെല്ലാം കണ്ടെത്തിയത്. ഇവിടെ വച്ചാണ് കൊലപാതകത്തിനു ശേഷം ജോയിയുടെ മൃതദേഹം എത്തിച്ച് കത്തിക്കാന്‍ ശ്രമിച്ചതും പിന്നീട് തീ കെടുത്തിയ ശേഷം ശരീരം ആറ് കഷ്ണങ്ങളായി മുറിക്കുകയും ചെയ്തത്.
ഇതിനുശേഷം ചോരപറ്റിയ ചെരിപ്പും, ടിന്‍ഷീറ്റും ഇടനാഴിയിലേക്ക് വലിച്ചെറിഞ്ഞപ്പോഴാണ് ഗോഡൗണിന്റെ ഭിത്തിയില്‍ തട്ടി ചോര സ്‌പ്രേ ചെയ്തതുപോലെ പറ്റിപ്പിടിച്ചത്. ഈ ചോരപ്പാടുകള്‍ ജോയിയെ ഇവിടെ വച്ചാണ് വെടിവെച്ച് കൊലപ്പെടുത്തിയതെന്ന സംശയത്തിന് കാരണമായിരുന്നു.
ജോയ് ജോണ്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ എവിടെയുണ്ടെന്നതിനെപ്പറ്റിയും പോലിസിനു വ്യക്തമായ സൂചന ലഭിച്ചു. കണ്ടെടുത്ത തോക്കില്‍ അഞ്ചു തിരകള്‍ അവേശേഷിച്ചിരുന്നു. ആയുധങ്ങള്‍ പരിശോധനക്കായി ഫോറന്‍സിക് വിഭാഗത്തിനും തോക്കും തിരകളും ബാലസ്റ്റിക് വിഭാഗത്തിനും കൈമാറി.
കണ്ടെടുത്ത ആയുധങ്ങള്‍ കൃത്യത്തിനു ശേഷം ഗോഡൗണിലെ സ്റ്റോറിനുള്ളില്‍ പൂട്ടിയ നിലയിലായിരുന്നു. ഇതിന്റെ താക്കോല്‍ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് പൂട്ടുപൊളിച്ചാണ് അകത്തു കയറിയത്. തുടര്‍ന്ന് ഒരു മണിക്കുറോളം നീണ്ട തെളിവെടുപ്പിനുശേഷം തിരുവല്ലയില്‍ ഷെറിന്‍ താമസിച്ച ഹോട്ടല്‍, പെട്രോള്‍ വാങ്ങിയ പമ്പ്, ജാറുവാങ്ങിയ കട എന്നിവടങ്ങളിലും എത്തി തെളിവെടുപ്പ് നടത്തി. ഇന്നും ഷെറിനുമായി തെളിവെടുപ്പ് തുടരും. ഉടല്‍ ഉപേക്ഷിച്ച ചങ്ങനാശ്ശേരിയിലെ വെരൂര്‍ തല ഉപേക്ഷിച്ച ചിങ്ങവനം എന്നിവിടങ്ങളിലും ഇയാള്‍ താമസിച്ച കോട്ടയത്തെ ഹോട്ടലിലുമെത്തി തെളിവെടുക്കും. തെളിവെടുപ്പുകള്‍ പൂര്‍ത്തിയാക്കി 90 ദിവസത്തിനുള്ളില്‍ കോടതിയില്‍ കുറ്റപത്രം നല്‍കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it