ernakulam local

അമൃത് പദ്ധതി: ആദ്യഘട്ടത്തിന് തുടക്കം; മൊത്തം ചെലവ് 200 കോടി

കൊച്ചി: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും കൊച്ചി നഗരസഭയും സംയുക്തമായി നടപ്പാക്കുന്ന അമൃത് പദ്ധതിയുടെ ആദ്യഘട്ടത്തിന് തുടക്കമായി.
ആദ്യഘട്ടത്തില്‍ 200 കോടി രൂപയാണ് പദ്ധതിച്ചെലവ്. ഇതില്‍ 100 കോടി കേന്ദ്ര സഹായവും 100 കോടി സംസ്ഥാന സര്‍ക്കാരിന്റെയും കോര്‍പറേഷന്റെയും വിഹിതവുമാണ്. കുടിവെള്ളവിതരണം, സ്വീവേജ്, ഡ്രെയിനേജ്, നഗരഗതാഗത വികസനം, 'ഹരിതഇടം' പാര്‍ക്ക് വികസനം തുടങ്ങിയ അഞ്ച് പദ്ധതികളാണ് കൊച്ചി നഗരത്തില്‍ നടപ്പാക്കുന്നത്. അമൃത് പദ്ധതികളുടെ ഉദ്ഘാടനം പ്രഫ. കെ വി തോമസ് എംപി നിര്‍വഹിച്ചു.
ആദ്യഘട്ടത്തില്‍ ഇടക്കൊച്ചി പഷ്ണിത്തോട് പാലം പുനര്‍നിര്‍മിക്കുന്നതിന് രണ്ട് കോടി രൂപയും എംജി റോഡ് ഫുട്പാത്ത് നവീകരണത്തിന് രണ്ട് കോടിയും ഇടക്കൊച്ചി സെന്റ്‌ജോണ്‍ പാര്‍ക്ക് നവീകരണത്തിന് 39 ലക്ഷം രൂപയും മഴവെള്ള സംഭരണ പ്രവര്‍ത്തനങ്ങള്‍ക്ക് 1.33 കോടി രൂപയുടെയും പദ്ധതികള്‍ക്ക് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി.
സംസ്ഥാനത്തെ ഒമ്പത് നഗരങ്ങളിലാണ് അമൃത് പദ്ധതി നടപ്പാക്കുന്നത്. കൊച്ചി നഗരസഭയ്ക്ക് കേന്ദ്രവിഹിതത്തിന്റെ ആദ്യഗഡുവായി 75.91 കോടി രൂപ ലഭിച്ചിട്ടുണ്ട്. അമൃത് പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് എല്ലാ വിഭാഗം ജനങ്ങളും സഹകരിക്കണമെന്ന് പ്രഫ. കെ വി തോമസ് അഭ്യര്‍ത്ഥിച്ചു. മേയര്‍ സൗമിനി ജെയിന്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയര്‍ ടി ജെ വിനോദ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എബി സാബു, കെവിപി കൃഷ്ണകുമാര്‍, മിനിമോള്‍, ഗ്രേസി ജോസഫ്, ഷൈനി മാത്യു തുടങ്ങിയവരും കൗണ്‍സിലര്‍മാരും പങ്കെടുത്തു.
Next Story

RELATED STORIES

Share it