അമൃത് നഗരവികസന പദ്ധതി: ഒമ്പതു നഗരങ്ങള്‍ക്ക് 587.98 കോടി രൂപ

തിരുവനന്തപുരം: നഗരങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യംവച്ചുള്ള 587.98 കോടിയുടെ പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി. അമൃത് പദ്ധതിയില്‍ (അടല്‍മിഷന്‍ ഫോര്‍ റിജ്യൂവനേഷന്‍ ആന്റ് അര്‍ബന്‍ ട്രാന്‍സ്ഫര്‍മേഷന്‍) ഉള്‍പ്പെടുത്തിയാണ് ഒമ്പത് നഗരങ്ങളുടെ വികസനത്തിനായി തുക അനുവദിച്ചത്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, തൃശൂര്‍, ഗുരുവായൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ നഗരങ്ങളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കുടിവെള്ള വിതരണം, മാലിന്യ ഓടകളുടെ ശൃംഖല, മഴവെള്ളം ഒഴുകിപ്പോവാനുള്ള സംവിധാനം, പൊതുഗതാഗതസൗകര്യങ്ങള്‍, ഹരിത ഇടങ്ങളും പാര്‍ക്കുകളും എന്നിവ ഒരുക്കുന്നതിനുവേണ്ടിയാവും ഈ തുക വിനിയോഗിക്കുക. നഗരസഭകളുടെ കാര്യക്ഷമത വര്‍ധിപ്പിച്ച് മെച്ചപ്പെട്ട സേവനം ലഭ്യമാക്കലും ഭരണപരിഷ്‌കാരങ്ങള്‍ നടപ്പാക്കലും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്. 50 ശതമാനം കേന്ദ്രവിഹിതവും 30 ശതമാനം സംസ്ഥാന വിഹിതവും 20 ശതമാനം നഗരസഭാ വിഹിതവുമാണ് പദ്ധതിക്ക് ചെലവഴിക്കുക. പദ്ധതിയുടെ സംസ്ഥാനതല മിഷന്‍ ഡയറക്ടര്‍ മുഹമ്മദ് ഹനീഷും നോഡല്‍ ഓഫിസര്‍ ആര്‍ ഗിരിജയുമാണ്. പദ്ധതിപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സംസ്ഥാനതല മിഷനും മാനേജ്‌മെന്റ് യൂനിറ്റും രൂപീകരിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it