kozhikode local

അമൃത്പദ്ധതിയില്‍ കൂടുതല്‍ നഗരങ്ങള്‍ ഉള്‍പ്പെടുത്തും: മുഖ്യമന്ത്രി

കോഴിക്കോട്: കേന്ദ്ര നഗരവികസന വകുപ്പും സംസ്ഥാന നഗരകാര്യ വകുപ്പും സംയുക്തമായി നഗരങ്ങളിലെ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്താനായി നടപ്പാക്കുന്ന അമൃത് പദ്ധതിയുടെ പരിധിയില്‍ കേരളത്തിലെ കൂടുതല്‍ നഗരങ്ങളെ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അടല്‍ട്ട് മിഷ ന്‍ ഫോര്‍ റിജ്യുവനേഷന്‍ ആന്റ് അര്‍ബര്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ (അമൃത്) പദ്ധതി പ്രകാരം കേരളത്തിനനുവദിച്ച 587 കോടി രൂപയിലെ ആദ്യഗഡുവായ 56.7 കോടി രൂപ ഈ സാമ്പത്തിക വര്‍ഷാവസാനത്തോടെ തന്നെ ചെലവഴിക്കാന്‍ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കോഴിക്കോട് ടൗണ്‍ഹാളില്‍ അമൃത് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോഴിക്കോട്, കണ്ണൂര്‍, എറണാകുളം, തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, ഗുരുവായൂര്‍, ആലപ്പുഴ, പാലക്കാട് മുനിസിപ്പാലിറ്റികള്‍ ഉള്‍പ്പെടെ ഒമ്പത് നഗരങ്ങളാണ് സംസ്ഥാനത്ത് അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതെന്ന് മുഖ്യമന്ത്രി അറിയിച്ചു. കേരളത്തില്‍ കൂടുതല്‍ നഗരങ്ങള്‍ക്ക് അമൃത് പദ്ധതിയുടെ ഭാഗമാവാന്‍ അര്‍ഹതയുണ്ടെന്ന കാര്യം കേന്ദ്രനഗര വികസന മന്ത്രി വെങ്കയ്യനായിഡുവിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. കേന്ദ്രനഗരവികസന മന്ത്രാലയവുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ പദ്ധതിയുടെ ഭാഗമാവുമെന്നാണ് സംസ്ഥാനം പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നഗരകാര്യ മന്ത്രി മഞ്ഞളാംകുഴി അലി അധ്യക്ഷനായിരുന്ന ചടങ്ങില്‍ അമൃത് നോഡല്‍ ഓഫിസറും കേരള സുസ്ഥിര നഗരവികസനപദ്ധതി പ്രൊജക്ട് ഡയറക്ടറുമായ ആര്‍ ഗിരിജ റിപോര്‍ട്ട് അവതരിപ്പിച്ചു. അമൃത് മിഷന്‍ ഡയറക്ടറും നഗരകാര്യ സെക്രട്ടറിയുമായ എ പി എം മുഹമ്മദ് ഹനീഷ് സ്വാഗതം പറഞ്ഞു. പഞ്ചായത്ത്-സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. എം കെ മുനീര്‍, എം കെ രാഘവന്‍ എം പി, കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ വി കെ സി മമ്മദ് കോയ എന്നിവര്‍ മുഖ്യാതിഥികളായി. തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ അജിതാ ജയരാജന്‍, കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ഇ പി ലത, ഗുരുവായൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രൊഫ. പി കെ ശാന്തകുമാരി, കോഴിക്കോട് കോര്‍പറേഷന്‍ ഡെപ്യൂട്ടിമേയര്‍ മീരാ ദര്‍ശക് തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it