അമീറും അജ്മലും സിബിഎസ്ഇ ശാസ്ത്രമേളയില്‍

മുഹമ്മദ് സാബിത്

ന്യൂഡല്‍ഹി: അന്തരീക്ഷത്തി ല്‍ നിന്നു വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന സംവിധാനവുമായി കേരളത്തില്‍ നിന്ന് രണ്ടു വിദ്യാര്‍ഥിപ്രതിഭകള്‍. കൊല്ലം ടികെഎം സെന്റിനറി പബ്ലിക് സ്‌കൂള്‍ പ്ലസ്‌വണ്‍ സയന്‍സ് വിദ്യാര്‍ഥികളായ അജ്മല്‍ ഹുസയ്ന്‍, അമീര്‍ സുഹൈല്‍ എന്നീ പ്ലസ്‌വണ്‍ വിദ്യാര്‍ഥികളാണ് സഹപാഠികളുടെയും അധ്യാപകരുടെയും പിന്തുണയോടെ തങ്ങള്‍ വികസിപ്പിച്ച വൈട്രിസിറ്റി (വയര്‍ലസ് ഇല്ക്ട്രിസിറ്റി) സംവിധാനം രാജ്യത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങുന്നത്.
എറണാകുളത്ത് ഡിസംബറി ല്‍ നടന്ന സിബിഎസ്ഇ റീജ്യനല്‍ ശാസ്ത്രപ്രദര്‍ശനത്തില്‍ ഇവരുടെ വൈട്രിസിറ്റി സംവിധാനം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. തുടര്‍ന്ന് സിബിഎസ്ഇയുടെ ദേശീയ മേളയിലേക്ക് പ്രൊജക്ട് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ന്യൂഡല്‍ഹിയില്‍ തിങ്കളാഴ്ച ആരംഭിക്കുന്ന ഈ അക്കാദമിക വര്‍ഷത്തിലെ സിബിഎസ്ഇ ദേശീയ ശാസ്ത്രപ്രദര്‍ശനത്തില്‍ അജ്മലും അമീറും തങ്ങളുടെ പ്രൊജക്റ്റ് അവതരിപ്പിക്കും.
അന്തരീക്ഷത്തിലെ അയോണുകളില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതെങ്ങനെയെന്നാണ് ഇവര്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുക. സൗരോര്‍ജ്ജം പോലെ ബദല്‍ വൈദ്യുതിക്കായി വൈട്രിസിറ്റിയെ ഉപയോഗിക്കാമെങ്കിലും ഇത് എത്രകണ്ട് പ്രായോഗികമാവും എന്ന കാര്യത്തില്‍ അജ്മലിനും അമീറിനും വലിയ ധാരണയില്ല. അമേരിക്കയില്‍ ഈ സംവിധാനം അടിസ്ഥാനപ്പെടുത്തി ഒരു കമ്പനി പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, ഇന്ത്യയില്‍ ഇതിന് വലിയ പ്രചാരം ലഭിച്ചിട്ടില്ല.
സ്‌കൂളിലെ ബയോളജി അധ്യാപകനുമായ പ്രഫ. കഹാറിനൊപ്പമാണ് അജ്മലും അമീറും ഡല്‍ഹിയില്‍ എത്തിയിരിക്കുന്നത്. ഇത് തങ്ങളുടെ മാത്രം പ്രൊജക്ടല്ലെന്നും മറിച്ച് സുഹൃത്തുക്കളായ നിഖില്‍, ആസിഫ്, പ്രണവ്, സയ്യിദ് അമല്‍, ഷിയാസ് എന്നിവര്‍ കൂടി ഉള്‍പ്പെട്ട കൂട്ടായ ശ്രമത്തിന്റെ ഭാഗമായിരുന്നുവെന്നും അമീര്‍ കൂട്ടിച്ചേര്‍ത്തു.
അബ്ദുല്‍ ഷുക്കൂര്‍-നസീമ ദമ്പതികളുടെ മകനായ അമീറിന് രണ്ടു സഹോദരിമാരുണ്ട്. അബ്ദുല്‍ ജമീല്‍-ഷീബ എന്നിവരുടെ മകനാണ് അജ്മല്‍. ഒരു സഹോദരനുണ്ട്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ പ്രൊജക്ടുകളും കണ്ടുപിടിത്തങ്ങളും ഡല്‍ഹി ആനന്ദവിഹാര്‍ വിവേകാനന്ദ സ്‌കൂളില്‍ മൂന്നു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ പ്രദര്‍ശിപ്പിക്കും.
Next Story

RELATED STORIES

Share it