അമീറിനെ മാനസിക രോഗിയാക്കി അന്വേഷണം വഴിതിരിച്ചുവിടാന്‍ ശ്രമം

കൊച്ചി: ജിഷ വധക്കേസിലെ പ്രതി അമീറുല്‍ ഇസ്‌ലാമിനെ മാനസിക രോഗിയാക്കി അന്വേഷണം വഴിതിരിച്ചുവിടാന്‍ ശ്രമം. പഴയ അന്വേഷണ സംഘത്തിലെ ചില ഉദ്യോഗസ്ഥരാണ് ഇക്കാര്യം പ്രചരിപ്പിക്കുന്നത്. എന്നാല്‍, ഇയാള്‍ക്ക് മാനസിക വൈകല്യമില്ലെന്നും ഇതുവരെ പ്രചരിച്ച കെട്ടുകഥകളില്‍ ഒന്നുമാത്രമാണ് ഇതെന്നും പുതിയ അന്വേഷണസംഘം വെളിപ്പെടുത്തി. ആദ്യ അന്വേഷണസംഘത്തിന് സംഭവിച്ച ഗുരുതര വീഴ്ചകള്‍ക്ക് കാരണം ഉദ്യോഗസ്ഥര്‍ തമ്മിലുള്ള പടലപ്പിണക്കമായിരുന്നെന്നും വിശ്വസനീയ കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി.
ഡിവൈഎസ്പി റാങ്കിലുള്ള അന്വേഷണ ഉദ്യോഗസ്ഥന്റെ നിര്‍ദേശങ്ങള്‍ പാടെ അവഗണിക്കപ്പെട്ടെന്നും വിവരമുണ്ട്. പിടിയിലായ അമീറുല്‍ ഇസ്‌ലാമിനെയും സുഹൃത്തുക്കളെയും കസ്റ്റഡിയില്‍ എടുക്കണമെന്ന് സിറ്റിയില്‍ നിന്നെത്തിയ എസ്‌ഐ നേരത്തേതന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഈ നിര്‍ദേശം പാടെ തള്ളുകയായിരുന്നു. പിന്നീട് പല ഉദ്യോഗസ്ഥരും അന്വേഷണം നടത്തിയത് അവരവരുടെ ഇഷ്ടാനുസരണമാണെന്നും പുതിയ അന്വേഷണ സംഘം വെളിപ്പെടുത്തി.
പുതിയ അന്വേഷണസംഘം എത്തിയപ്പോഴും ഇവരില്‍ ചില ഉദ്യോഗസ്ഥരെ അന്വേഷണത്തില്‍ സഹകരിപ്പിച്ചിരുന്നു. ഇതിനിടെ കേസില്‍ നിര്‍ണായക വഴിത്തിരിവുകള്‍ ഉണ്ടാക്കിയ പഴയ അന്വേഷണ സംഘത്തിലെ പ്രമുഖരെ തീരെ അവഗണിച്ചത് ഉദ്യോഗസ്ഥര്‍ക്കിടയില്‍ കടുത്ത അമര്‍ഷം ഉണ്ടാക്കിയിട്ടുണ്ട്. അവഗണന കടുത്തതോടെ പല ഉദ്യോഗസ്ഥരും കേസന്വേഷണത്തില്‍ നിന്ന് സ്വമേധയാ അകന്നു. രണ്ടോ മൂന്നോ ഉദ്യോഗസ്ഥര്‍ മാത്രമാണ് പ്രതിയെ സ്ഥിരമായി ചോദ്യംചെയ്യുന്നത്. ഇവര്‍ക്കാകട്ടെ പുതിയ വിവരങ്ങളൊന്നും ശേഖരിക്കാനായിട്ടുമില്ല.
Next Story

RELATED STORIES

Share it