Pravasi

അമീര്‍ കപ്പ് : അല്‍റയ്യാന്‍ ഫൈനലില്‍



ദോഹ: ബ്രസീലിയന്‍ താരം റോഡ്രിഗോ തബറ്റയുടെ മനോഹരമായ രണ്ടു ഗോളുകളുടെ പിന്‍ബലത്തില്‍ അല്‍റയ്യാന്‍ അമീര്‍ കപ്പ് ഫൈനലില്‍. ശനിയാഴ്ച ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ 7700ഓളം വരുന്ന കാണികള്‍ക്കു മുന്നില്‍ നടന്ന സെമിയില്‍ നിലവിലെ ചാംപ്യന്‍മാരായ ലഖ്‌വിയ്യയെ 3-1ന് തകര്‍ത്താണ് അല്‍റയ്യാന്‍ കലാശക്കളിക്ക് യോഗ്യത നേടിയത്. റയ്യാന്‍ ഇത് 14ാം തവണയാണ് അമീര്‍ കപ്പ് ഫൈനലിലെത്തുന്നത്. ആറ് തവണ ചാംപ്യ•ാരായി. 2013ലാണ് അവസാനം കപ്പ് നേടിയത്. എഎഫ്‌സി ചാംപ്യന്‍സ് ലീഗില്‍ സൗദിയിലെ വമ്പന്‍ ടീമായ അല്‍ഹിലാലിനോട് 4-3ന് തോറ്റ് പുറത്തായതിന്റെ ക്ഷീണം തീര്‍ക്കുന്നത് കൂടിയായി റയ്യാന്റെ ശനിയാഴ്ചത്തെ പ്രകടനംമുഹമ്മദ് മൂസ, ഇസ്മാഈല്‍ മുഹമ്മദ്, ലൂയിസ് മാര്‍ട്ടിന്‍, നാം തേ ഹീ, യൂസഫ് മസാക്‌നി എന്നീ മികച്ച കളിക്കാരെ രണ്ടാം പകുതിയിലേക്ക് വേണ്ടി ബെഞ്ചിലിരുത്തിയ ലഖ്‌വിയ്യ കോച്ച് ജാമെല്‍ ബെല്‍മാദിയുടെ തീരുമാനം വിനയായെന്ന് വേണം കരുതാന്‍. രണ്ടാം പകുതിയിലാണ് ഗോളുകള്‍ മുഴുവന്‍ പിറന്നത്. പ്രതിരോധ നിരയിലെ മൂസബ് ആണ് റയ്യാന് വേണ്ടി ആദ്യ ഗോള്‍ നേടിയത്. 77ാം മിനിറ്റില്‍ യൂസുഫ് മസാക്‌നിയിലൂടെ ലഖ്‌വിയ്യ തിരിച്ചടിച്ചു. പിന്നീട് കണ്ടത് വെറ്ററന്‍ താരം തബറ്റയുടെ നിറഞ്ഞാട്ടമായിരുന്നു. മനോഹരമായൊരു ഫ്രീകിക്കിലൂടെയായിരുന്നു തബറ്റയുടെ ആദ്യ ഗോള്‍. അഞ്ച് മിനിറ്റിനുള്ളില്‍ തന്നെ അടുത്ത ഗോളും അടിച്ച് തബറ്റ പട്ടിക പൂര്‍ത്തിയാക്കി. അല്‍സദ്ദും അല്‍ജെയ്ഷും തമ്മിലുള്ള രണ്ടാം സെമിയിലെ വിജയികളെയാണ് മെയ് 19ന് നടക്കുന്ന ഫൈനലില്‍ അല്‍റയ്യാന്‍ നേരിടുക. 2022 ലോക കപ്പിന് വേണ്ടി പുതുക്കിപ്പണിത ഖലീഫ ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തിലാണ് കലാശപ്പോരാട്ടമെന്ന പ്രത്യേകതയുമുണ്ട്.
Next Story

RELATED STORIES

Share it