thrissur local

അമിത വില ഈടാക്കിയത് ചോദ്യം ചെയ്ത നേതാവിനെ വ്യാപാരി കുത്തിപ്പരിക്കേല്‍പ്പിച്ചു

എരുമപ്പെട്ടി: അമിത വില ഈടാക്കിയത് ചോദ്യം ചെയ്ത യൂത്ത് കോണ്‍ഗ്രസ് നേതാവിനെ വ്യാപാരി കുത്തിപ്പരിക്കേല്‍പ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് കുന്നംകുളം നിയോജക മണ്ഡലം പ്രസിഡന്റ് എം എം സലീമിന് നേരെയാണ് ആക്രമണം ഉണ്ടായത്. കയ്യില്‍ കുത്തേറ്റ സലീമിനെ എരുമപ്പെട്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എരുമപ്പെട്ടി കടങ്ങോട് റോഡ് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന നാസ് വെജിറ്റബിള്‍സ് ഉടമ കാഞ്ഞിരക്കോട് സ്വദേശി ലത്തീഫിനെതിരെയാണ് ആരോപണം. കടയില്‍ നിന്നു നേന്ത്രപ്പഴം വാങ്ങിയ സലീമില്‍ നിന്ന് വില വിവര പട്ടികയില്‍ കാണിച്ചിരിക്കുന്നതിനേക്കാള്‍ 10 രൂപ കൂടുതല്‍ ഈടാക്കാന്‍ ശ്രമിച്ചതാണ് വാക്കേറ്റത്തിന് കാരണമായത്. പട്ടികയിലുള്ള വിലയെ തരികയുള്ളൂവെന്ന് അറിയിച്ച സലീമിനെ വ്യാപാരി അസഭ്യം പറഞ്ഞു. തുടര്‍ന്ന് വാക്കേറ്റമുണ്ടാവുകയും ഇയാള്‍ സലീമിനെ മര്‍ദ്ദിക്കുകയും ചെയ്തു. സമീപത്തെ കടകളിലെ വ്യാപാരികള്‍ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടയിലാണ് സലീമിന് കുത്തേറ്റത്. തട്ടിമാറ്റാന്‍ ശ്രമിച്ചപ്പോള്‍ കൈത്തണ്ടയില്‍ കുത്തേല്‍ക്കുകയായിരുന്നു. കടയിലെത്തുന്നവരോട് വ്യാപാരി മോശമായാണ് പെരുമാറാറുള്ളതെന്നും ആക്ഷേപമുണ്ട്. അമിതവില ഈടാക്കുന്നതിനെ ചൊല്ലി ഇതിന് മുമ്പും വഴക്കുണ്ടായിട്ടുള്ളതായി നാട്ടുകാര്‍ പറയുന്നു.
Next Story

RELATED STORIES

Share it