Flash News

അമിത ജോലി : പരസ്യ ഏജന്‍സിക്ക് 4,400 ഡോളര്‍ പിഴ



ടോക്കിയോ: ജീവനക്കാരെ അമിത ജോലി ചെയ്യാന്‍ നിര്‍ബന്ധിച്ചതിന് ജപ്പാനിലെ ഏറ്റവും വലിയ പരസ്യ ഏജന്‍സി ഡെന്റ്‌സു ഇന്‍കോര്‍പറേറ്റഡിനെതിരേ കോടതി അഞ്ചുലക്ഷം യെന്‍ (4,400 ഡോളര്‍) പിഴ ചുമത്തി. കൂടുതല്‍ സമയം തൊഴിലെടുപ്പിച്ചതിനെത്തുടര്‍ന്ന് സ്ഥാപനത്തിലെ ജീവനക്കാരിയായ മാത്‌സുറി തകാഹാഷി 2015ലെ ക്രിസ്മസ് ദിനത്തില്‍ ആത്മഹത്യ ചെയ്തിരുന്നു. ഒരുമാസം 100 മണിക്കൂറിലധികം നിര്‍ബന്ധിതമായി ജോലി ചെയ്തതിനെത്തുടര്‍ന്നായിരുന്നു 24കാരി തകാഹാഷിയുടെ ആത്മഹത്യ. ഈ സംഭവത്തെത്തുടര്‍ന്ന് ഡെന്റ്‌സു അടക്കമുള്ള സ്ഥാപനങ്ങളിലെ തൊഴില്‍ പീഡനത്തിനെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. പ്രതിമാസം 100 മണിക്കൂറില്‍ കൂടുതല്‍ അധിക ജോലി ചെയ്യിക്കരുതെന്നതടക്കമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിക്കണമെന്നും അവശ്യമുയര്‍ന്നിരുന്നു. ഡെന്റ്‌സുവിനെതിരായ കോടതിവിധി ചരിത്ര സംഭവമാണെന്നും ഒരു കമ്പനി ശിക്ഷിക്കപ്പെടുന്നുവെന്നത് വളരെ അര്‍ഥവത്തായ കാര്യമാണെന്നും തകാഹാഷിയുടെ കേസ് വാദിച്ച അഭിഭാഷകന്‍ ഹിരോമി കാവഹിതോ അഭിപ്രായപ്പെട്ടു. അതേസമയം പരസ്യക്കമ്പനിയില്‍ നിന്നു കോടതി ഈടാക്കുന്ന പിഴ കുറഞ്ഞതായി വിമര്‍ശനമുയരുന്നുണ്ട്. 2016-17 സാമ്പത്തികവര്‍ഷം അമിത ജോലികാരണം 191 തൊഴിലാളികള്‍ മരിച്ചതായി അടുത്തിടെ റിപോര്‍ട്ട് പുറത്തുവന്നിരുന്നു. കരോഷി അഥവാ അമിത ജോലിയെത്തുടര്‍ന്നുള്ള മരണത്തിന്റെ ഭീഷണി കൂടുതല്‍ അനുഭവിക്കുന്നത് 40 വയസ്സിനും 50 വയസ്സിനുമിടയിലെ പുരുഷ ജീവനക്കാരാണെന്നും റിപോര്‍ട്ടില്‍ പറയുന്നു. 2010 ജനുവരിക്കും 2015 മാര്‍ച്ചിനുമിടയില്‍ 368 പേര്‍ ഇത്തരത്തില്‍ മരിച്ചിട്ടുണ്ട്. ഇതില്‍ 352 പേര്‍ പുരുഷന്‍മാരാണ്.
Next Story

RELATED STORIES

Share it