അമിത് ഷായുടെ വേദിയില്‍ തീ

റായ്ബറേലി: റായ്ബറേലിയില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ പങ്കെടുത്ത വേദിയില്‍ തീപടര്‍ന്നത് പരിഭ്രാന്തി പരത്തി. അല്‍പസമയത്തിനുള്ളില്‍ തീ നിയന്ത്രണവിധേയമാക്കി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടിക്കാന്‍ കാരണമെന്ന് അധികൃതര്‍ അറിയിച്ചു. സംഭവസമയത്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും വേദിയിലുണ്ടായിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ മഹേന്ദ്രനാഥ് പാണ്ഡെ സംസാരിക്കവെയാണ് തീ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് പരിപാടി അല്‍പനേരം നിര്‍ത്തിവച്ചു.
കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയില്‍ കുടുംബവാഴ്ച മാത്രമാണ് നടക്കുന്നതെന്നും അമിത് ഷാ ആരോപിച്ചു. അതില്‍ നിന്നു മണ്ഡലത്തെ മോചിപ്പിച്ച് വികസനത്തിന്റെ പാതയില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യം ലഭിച്ചതു മുതല്‍ റായ്ബറേലിയിലെ ജനങ്ങള്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വോട്ട് ചെയ്തു. എന്നാല്‍, ഇവിടെ വികസനം നടന്നില്ല. കുടുംബവാഴ്ച മാത്രമാണ് നടന്നത്. ബിജെപി മണ്ഡലത്തെ ഇതില്‍ നിന്നു മോചിപ്പിച്ച് വികസന പാതയില്‍ എത്തിക്കും. ഇതിനായുള്ള പ്രചരണങ്ങള്‍ക്ക് തുടക്കമാവുകയാണ്. വര്‍ഷങ്ങളായി ഉത്തര്‍പ്രദേശിലും റായ്ബറേലിയിലും കോണ്‍ഗ്രസ് ഭരിച്ചു. എന്നാല്‍, സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും ഭൂമി പൂജകള്‍ മാത്രമാണ് നടന്നത്. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മണ്ഡലത്തില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ചില കോണ്‍ഗ്രസ് നേതാക്കളും ബിജെപിയോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു മാതൃകാ മണ്ഡലം സൃഷ്ടിക്കുകയാണ് ലക്ഷ്യം-അദ്ദേഹം പറഞ്ഞു.
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ജയിക്കുന്നതോടെ 16 സംസ്ഥാനങ്ങളിലേക്ക് ബിജെപി ഭരണം എത്തുമെന്നും അമിത്ഷാ പറഞ്ഞു.
Next Story

RELATED STORIES

Share it