Flash News

അമിത് ഷായുടെ മകന്റെ സ്വത്തില്‍ വന്‍ വര്‍ധന



ന്യൂഡല്‍ഹി: ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ മകന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ ലാഭം കഴിഞ്ഞ വര്‍ഷങ്ങളില്‍ വന്‍തോതില്‍ വര്‍ധിച്ചതായി റിപോര്‍ട്ട്. കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലെത്തിയശേഷം അമിത് ഷായുടെ മകന്‍ ജയ് അമിത്ഭായ് ഷായുടെ കമ്പനിയായ ഷാസ് ടെംപിള്‍ എന്റര്‍പ്രൈസസിന്റെ ലാഭം 16,000 മടങ്ങ് വര്‍ധിച്ചതായി ഒരു ദേശീയ മാധ്യമം പുറത്തുവിട്ട റിപോര്‍ട്ട് വ്യക്തമാക്കുന്നു. ഷാ ടെംപിള്‍ എന്റര്‍പ്രൈസസ് രജിസ്ട്രാര്‍ ഓഫ് കമ്പനീസിന് സമര്‍പ്പിച്ച രേഖകളെ ഉദ്ധരിച്ചാണ് വാര്‍ത്ത. 2013,14 വര്‍ഷങ്ങളില്‍ സമര്‍പ്പിച്ച ബാലന്‍സ് ഷീറ്റ് പ്രകാരം യഥാക്രമം 6,230 രൂപ, 1724 രൂപ നഷ്ടത്തില്‍ പ്രവര്‍ത്തിച്ചതായി വ്യക്തമാക്കുന്നു. എന്നാല്‍ 2014-15 വര്‍ഷത്തില്‍ ഇത് 18,738ലേക്ക് എത്തുകയും ചെയ്തു. 2015-16 വര്‍ഷത്തെ കണക്കുകള്‍പ്രകാരം കമ്പനിയുടെ ലാഭം 80.5 കോടിയിലേക്ക് ഉയര്‍ന്നതായും റിപോര്‍ട്ട് വ്യക്തമാക്കുന്നു. ഏകദേശം 16,000 മടങ്ങിന്റെ വര്‍ധന. വരുമാനത്തില്‍ വന്‍ വര്‍ധനയുണ്ടായതായി ബാലന്‍സ് ഷീറ്റുകള്‍ വ്യക്തമാക്കുന്നുണ്ട്. ഇതുപ്രകാരം കഴിഞ്ഞ വര്‍ഷം ലഭിച്ചതില്‍ 51 കോടി വിദേശനാണ്യമാണെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.2004ലാണ് ടെംപിള്‍ എന്റര്‍പ്രൈസസ് രൂപീകരിക്കുന്നത്. ജയ് അമിത് ഭായ് ഷായ്ക്കു പുറമെ ജിതേന്ദ്രഷായും അമിത് ഷായുടെ ഭാര്യ ഷോണല്‍ ഷായും കമ്പനി ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളാണ്. അതേസമയം, കമ്പനിയുടെ വളര്‍ച്ചയില്‍ തെറ്റായ ഇടപെടലുകള്‍ ഉണ്ടായിട്ടില്ലെന്ന് അമിത് ഭായ് ഷായുടെ അഭിഭാഷകന്‍ പ്രതികരിച്ചു. റിലയന്‍സിലെ ഉന്നത ഉദ്യോഗസ്ഥനും രാജ്യസഭാ എംപിയുമായ പരിമള്‍ നതാനിയുടെ മരുമകന്‍ രാജേഷ് കന്തേവാലയുടെ ധനകാര്യസ്ഥാപനത്തില്‍ നിന്ന് 15.78 കോടി വായ്പ എടുത്തിരുന്നതായും ഇക്കാലയളവിലെ കണക്കുപ്രകാരമാണ് കമ്പനിയുടെ ലാഭവിഹിതത്തില്‍ വര്‍ധന വന്നതെന്നും കമ്പനിവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.അതേസമയം, അമിത് ഷായുടെ മകനെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന വാദവുമായി കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ രംഗത്തെത്തി.
Next Story

RELATED STORIES

Share it