Flash News

അമിത് ഷായുടെ മകന്റെ കമ്പനിയുടെ സ്വത്ത്‌ : കേന്ദ്രത്തിനെതിരേ പ്രതിപക്ഷം

ന്യൂഡല്‍ഹി: ബിജെപി സര്‍ക്കാര്‍ 2014ല്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന ശേഷം പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് അമിത് ഷായുടെ കമ്പനി സ്വന്തമാക്കിയ അദ്ഭുതാവഹമായ വളര്‍ച്ചയെപ്പറ്റി അന്വേഷണം വേണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടു.എന്നാല്‍, ജയ് അമിത് ഷായുടെ കമ്പനിയുടെ വിറ്റുവരവിലുണ്ടായ വന്‍ വര്‍ധന സംബന്ധിച്ച റിപോര്‍ട്ട് ബിജെപി തള്ളി. റിപോര്‍ട്ട് വ്യാജവും അപകീര്‍ത്തികരവുമാണെന്നാണു ജയ് അമിത്ഷാ പറഞ്ഞത്. റിപോര്‍ട്ട് സംബന്ധിച്ച് അന്വേഷണം വേണമെന്നു കോണ്‍ഗ്രസ്, ഇടതുപക്ഷം, ആംആദ്മി പാര്‍ട്ടി എന്നിവ ആവശ്യപ്പെട്ടിട്ടും ആരോപണം കേന്ദ്രസര്‍ക്കാരിന്റെ ചങ്ങാത്ത മുതലാളിത്തവുമായി ബന്ധപ്പെട്ടതാണെന്നു കോണ്‍ഗ്രസ് നേതാവ് കബില്‍ സിബല്‍ പറഞ്ഞു. സംഭവം അന്വേഷിക്കാന്‍ പ്രധാനമന്ത്രി തയ്യാറാവണമെന്നു അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സ്റ്റോക്കുകളും ആസ്തിയുമില്ലാതെ എങ്ങനെയാണ് ഒരു കമ്പനിക്ക് 80 കോടിയുടെ വിറ്റുവരവ് ഉണ്ടാകുന്നത്, അഴിമതിക്കെതിരേ യുദ്ധം പ്രഖ്യാപിച്ച പ്രധാനമന്ത്രി ഇക്കാര്യം അന്വേഷിക്കണം, ആരോപണത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രിക്ക് കഴിയുമോ എന്നും സിബല്‍ ചോദിച്ചു.നോട്ട് നിരോധനത്തിന്റെ യഥാര്‍ഥ ഗുണഭോക്താവാണ് അമിത് ഷായുടെ മകനെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും ആരോപിച്ചു. മോദി സര്‍ക്കാരിനു കീഴിലെ ഏറ്റവും പുതിയ അഴിമതിയാണ് ഇതെന്നു സിപിഎം നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു.ബിര്‍ല-സഹാറ ഡയറി, ജിഎസ്പിസിഎല്‍, വ്യാപം, ലളിത് മോദി, അതി-ഖനന കുംഭകോണങ്ങള്‍ക്കു ശേഷമാണ് അമിത് ഷായുടെ മകനെതിരായ അഴിമതി ആരോപണം ഉണ്ടായിരിക്കുന്നത്. പ്രധാനമന്ത്രി എന്തുകൊണ്ടാണ് ഇക്കാര്യത്തില്‍ മൗനംപാലിക്കുന്നത്. ജയില്‍ ഹവാല ഡയറി സംഭവത്തെ തുടര്‍ന്നു എല്‍ കെ അഡ്വാനിയും അഴിമതി കണ്ടുപിടിച്ചതിനെ തുടര്‍ന്ന് അന്നത്തെ ബിജെപി അധ്യക്ഷനായ ബംഗാരു ലക്ഷ്മണനും രാജിവച്ചിരുന്നു. മോദി സര്‍ക്കാരിന്റെ കീഴില്‍ അതു സംഭവിക്കുമോ- യെച്ചൂരി ചോദിച്ചു.അമിത് ഷായുടെ മകനെതിരായ ആരോപണത്തില്‍ കോടതി നിരീക്ഷണത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നു സിപിഐ നേതാവ് ഡി രാജ ആവശ്യപ്പെട്ടു. ക്രിമിനല്‍ അന്വേഷണം വേണമെന്നാണ് ആംആദ്മി പാര്‍ട്ടിയുടെ ആവശ്യം.രജിസ്ട്രാര്‍ ഓഫ് കമ്പനീസിന് നല്‍കിയ വിവരമനുസരിച്ച് കുസും ഫിന്‍ സര്‍വ് എല്‍എല്‍പി എന്ന കമ്പനിയുടെ 60 ശതമാനം ഓഹരികള്‍ ജയ്യുടെ കൈവശമാണ്. 2015-16 കാലത്ത് കമ്പനിക്ക് 16,000 ഇരട്ടി വളര്‍ച്ചയുണ്ടായി എന്നാണു റിപോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 80 കോടിയോളം കൂടുതലാണിത്. മതിയായ രേഖകള്‍ സമര്‍പ്പിക്കാതെ കമ്പനി ഒരു സഹകരണ ബാങ്കില്‍ നിന്ന് 25 കോടിയും ഇന്ത്യന്‍ റിന്യൂവബിള്‍ എനര്‍ജി ഡെവലപ്‌മെന്റ് ഏജന്‍സി ലിമിറ്റഡില്‍ നിന്നു 10.35 കോടിയും കടമെടുത്തുവെന്നും കപില്‍ സിബല്‍ ആരോപിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it