അമിത് ഷായുടെ പ്രസ്താവന: കണ്ണന്താനത്തിനെതിരേ വി മുരളീധരന്‍

കൊച്ചി: സംസ്ഥാന സര്‍ക്കാരിനെ വലിച്ചുതാഴെയിടുമെന്ന ബിജെപി അഖിലേന്ത്യാ അധ്യക്ഷന്‍ അമിത് ഷായുടെ പ്രസ്താവന വന്നതിനു പിന്നാലെ ബിജെപിയില്‍ ഭിന്നത രൂക്ഷമാകുന്നു.
അമിത് ഷായുടെ പ്രസംഗം പരിഭാഷപ്പെടുത്തിയതില്‍ സംഭവിച്ച വീഴ്ചയാണെന്നും സംസ്ഥാന സര്‍ക്കാരിനെ ജനങ്ങള്‍ താഴെയിറക്കുമെന്നാണ് അമിത് ഷാ പറഞ്ഞതെന്നും കഴിഞ്ഞദിവസം കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ഇതിനെതിരേയാണ് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കൂടിയായ വി മുരളീധരന്‍ എംപി രംഗത്തുവന്നിരിക്കുന്നത്.
അമിത് ഷായുടെ പ്രസംഗം പരിഭാഷപ്പെടുത്തിയതില്‍ തെറ്റുപറ്റിയിട്ടില്ലെന്ന് വി മുരളീധരന്‍ എംപി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. താന്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു. കണ്ണന്താനം ഒരു പരിഭാഷാ വിദഗ്ധനല്ല; ഐഎഎസ് ഉദ്യോഗസ്ഥന്‍ മാത്രമാണ്- മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി വി മുരളീധരന്‍ പറഞ്ഞു. കേന്ദ്രമന്ത്രിയെന്ന നിലയില്‍ കണ്ണന്താനത്തിന് രാഷ്ട്രീയമായും വ്യക്തിപരമായും അഭിപ്രായം പറയാന്‍ അവകാശമുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. വലിച്ചുതാഴെയിടുക എന്നത് മലയാളത്തിലെ ഒരു പ്രയോഗമാണ്. അതിനര്‍ഥം ഇവിടെ കേന്ദ്രം ഇടപെടുമെന്നല്ല. ജനശക്തിയില്‍ ഈ സര്‍ക്കാര്‍ താഴെവീഴുമെന്നാണെന്നും വി മുരളീധരന്‍ പറഞ്ഞു.
അമിത് ഷായുടെ പ്രസംഗം വിവാദമായതോടെ ഇതിനെതിരേ സാമൂഹിക-രാഷ്ട്രീയരംഗത്തെ നിരവധി പേര്‍ രംഗത്തുവന്നിരുന്നു. സംസ്ഥാന സര്‍ക്കാരിനെ വലിച്ചുതാഴെയിടാന്‍ അമിത് ഷായുടെ തടി പോരെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്.
അതൊക്കെ ഗുജറാത്തില്‍ പോയി പറഞ്ഞാല്‍ മതിയെന്നും ഈ നാടിനെയും ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരിനെയും ഭീഷണിപ്പെടുത്തേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
അമിത് ഷായുടെ പ്രസംഗത്തിനെതിരേ പ്രതിഷേധം ഉയര്‍ന്നതോടെ ബിജെപി പ്രതിരോധത്തിലായിരുന്നു. ഇതേത്തുടര്‍ന്നാണ് കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിയെന്ന നിലയില്‍ കണ്ണന്താനം വിശദീകരണവുമായി രംഗത്തുവന്നത്.

Next Story

RELATED STORIES

Share it