Flash News

അമിത്ഷായുടെ മകനെയും അന്വേഷണത്തില്‍ നിന്ന് ഒഴിവാക്കരുത് : യശ്വന്ത് സിന്‍ഹ



ന്യൂഡല്‍ഹി: കള്ളപ്പണ നിക്ഷേപത്തിന്റെ പേരില്‍ തന്റെ മകനെതിരേ അന്വേഷണം നടത്തുമ്പോള്‍ അഴിമതിയാരോപണം നേരിടുന്ന അമിത്ഷായുടെ മകന്‍ ജയ്ഷായെയും അന്വേഷണത്തില്‍ നിന്ന് ഒഴിവാക്കരുതെന്ന് മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ധനമന്ത്രിയുമായ യശ്വന്ത് സിന്‍ഹ. വിദേശ രാജ്യങ്ങളില്‍ കള്ളപ്പണം നിക്ഷേപിച്ച ഇന്ത്യക്കാരുടെ പേരുവിവരങ്ങള്‍ അടങ്ങിയ പാരഡൈസ് രേഖകളില്‍ ഉള്‍പ്പെട്ട മന്ത്രി ജയന്ത് സിന്‍ഹയ്‌ക്കെതിരേ അന്വേഷണം നടത്തണം. എന്നാല്‍, അതോടൊപ്പം അനധികൃതമായ കമ്പനി ലാഭമുണ്ടാക്കിയതിന്റെ പേരില്‍ അഴിമതിയാരോപണം നേരിടുന്ന അമിത്ഷായുടെ മകന്‍ ജയ്ഷായുടെ കാര്യവും അന്വേഷണവിധേയമാക്കണം. ഒരു മാസത്തിനുള്ളില്‍ ഇതു സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയാക്കണമെന്നും യശ്വന്ത് സിന്‍ഹ ആവശ്യപ്പെട്ടു. ജയന്തിനെതിരേ അന്വേഷണം നടത്തുന്നുണ്ടെങ്കില്‍ അമിത്ഷായുടെ മകനെതിരേയും അന്വേഷണം നടത്തേണ്ടതല്ലേ എന്നായിരുന്നു ഇതുസംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം, കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ ചരക്കു സേവന നികുതിക്കെതിരേയും ഇന്നലെ സിന്‍ഹ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചു. ജിഎസ്ടി താറുമാറായ സംവിധാനമാണെന്നും അറ്റകുറ്റപ്പണി നടത്തി ഇതു പരിഹരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it