palakkad local

അമിതവേഗത; ദേശീയപാതയില്‍ ഇന്നലെ പൊലിഞ്ഞത് രണ്ടു ജീവനുകള്‍

ചാവക്കാട്: നിരവധി ജീവനുകള്‍ പൊലിഞ്ഞ ദേശീയപാത 17ല്‍ ഇന്നലെ പൊലിഞ്ഞത് രണ്ടു ജീവനുകള്‍.
ഒറ്റത്തെങ്ങിനടുത്താണ് ഇന്നലെ രാത്രി എട്ടോടെയുണ്ടായ അപകടത്തില്‍ കെഎസ്ഇബി ചാവക്കാട് സെക്ഷനിലെ സബ് എഞ്ചിനീയര്‍ ഇരട്ടപ്പുഴ വൈലി കല്ലുങ്ങല്‍ ക്ഷേത്രത്തിനടുത്ത് കനാമ്പുള്ളി വീട്ടില്‍ ഷാനവാസും(42), കെഎസ്ഇബി കരാര്‍ ഡ്രൈവര്‍ പാവറട്ടി വെന്മേനാട് ചുക്കുബസാര്‍ മാക്കല്‍ വീട്ടില്‍ സുരേഷു(47)മാണ് മരിച്ചത്. ഈ അപകടത്തിന് തൊട്ടു മുമ്പ് ഒരുമനയൂര്‍ മാങ്ങോട്ട് വച്ച് കാര്‍ മുന്നില്‍ പോയിരുന്ന ബൈക്ക് ഇടിച്ചിട്ടിരുന്നു. ബൈക്കില്‍ നിന്നും തെറിച്ചു വീണ് എടക്കഴിയൂര്‍ വട്ടംപറമ്പില്‍ അഷറഫ് (50), എടക്കഴിയൂര്‍ തെക്കേ മദ്‌റസ മൂത്തേടത്ത് മൊയ്തു (60) എന്നിവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ബൈക്കില്‍ ഇടിച്ച ശേഷം അമിത വേഗതയില്‍ നിര്‍ത്താതെ പോയപ്പോഴാണ് കാര്‍ നിയന്ത്രണം വിട്ട് ദേശീയപാത 17ല്‍ ഇടുങ്ങിയ ഭാഗമായ ഒറ്റത്തെങ്ങില്‍ വെച്ച് വീട്ടു മതിലിലിടിച്ചത്. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകരുകയും ചെയ്തിരുന്നു.
അഞ്ചു വര്‍ഷത്തിനിടെ ദേശീയപാത 17ല്‍ നിരവധി പേര്‍ക്കാണ് അപകടത്തില്‍പ്പെട്ട് മരണം സംഭവിച്ചിട്ടുള്ളത്. വാഹനങ്ങളുടെ വേഗത കുറക്കാനുള്ള നടപടികള്‍ കൈകൊള്ളാതെ ഇവിടെ അപകടങ്ങള്‍ക്ക് കുറവുണ്ടാകില്ലെന്നാണ് നാട്ടുകാരുടെ പക്ഷം.
ഇന്നലെ രാത്രിയിലുണ്ടായ അപകടത്തെ തുടര്‍ന്ന് ദേശീയ പാത 17 ല്‍ ഏറെ നേരം ഗതാഗത തടസ്സമുണ്ടായി. ചാവക്കാട് പോലിസും നാട്ടുകാരുമാണ് ഗതാഗതം സുഗമമാക്കിയത്.
Next Story

RELATED STORIES

Share it