ernakulam local

അമിതവേഗതയില്‍ പാഞ്ഞ ബസ്സിടിച്ച് ബൈക്ക് യാത്രക്കാര്‍ക്ക് പരിക്കേറ്റു



ആലുവ: അമിതവേഗതയില്‍ പാഞ്ഞ ബസ്സിടിച്ച് ബൈക്ക് യാത്രക്കാര്‍ക്ക് പരിക്കേറ്റു. ആലുവ ടൗണ്‍ ഹാളിന് മുന്‍വശത്ത് ഇന്നലെ രാവിലെ 11 ഓടെയാണ് അപകടമുണ്ടായത്. തെറ്റായ ദിശയിലൂടെ മരണപാച്ചില്‍ നടത്തിയ പെരുമ്പാവൂര്‍ റൂട്ടിലോടുന്ന സെന്റ്. സെബാസ്റ്റ്യന്‍ ബസാണ് അപകടം വരുത്തിയത്. ടൗണ്‍ഹാളിന് മുന്‍വശത്തെ ബസ് സ്‌റ്റോപ്പില്‍ സിറ്റി ബസ്സിന്റെ മുന്‍പില്‍ കൊണ്ട് നിര്‍ത്താനായാണ് മീഡിയന്റെ വലതുവശത്തേക്ക് കയറി സെന്റ് .സെബാസ്റ്റ്യന്‍ ബസ് ഓടിയത്. ഈ സമയം മീഡിയന്റെ അറ്റത്തുനിന്ന് കാര്‍ യു ടേണ്‍ തിരിയുന്നുണ്ടായിരുന്നു. അമിതവേഗതയിലായിരുന്ന ബസ് ആദ്യം കാറിലിടിച്ചു. ഇവിടെനിന്ന് തെന്നി മാറിയാണ് എതിര്‍ദിശയില്‍ വന്നുകൊണ്ടിരുന്ന ബൈക്കില്‍ ഇടിച്ചത്. വാപ്പാലശ്ശേരി മേക്കാവ് പൈനാടത്ത് സാജു ജോണാണ് (45)ബൈക്ക് ഓടിച്ചിരുന്നത്. കാഞ്ഞൂര്‍ പഞ്ചായത്ത് മുന്‍ അംഗം കാഞ്ഞൂര്‍ ഐക്കര വീട്ടില്‍ ഹരിദാസനാണ് (60) കൂടെയുണ്ടായിരുന്നത്. സാജുവിന്റെ തോളെല്ലിന് വേദന കൂടുതലുണ്ടായിരുന്നു. ബസ്സിനടിയിലേക്ക് വീണ ബൈക്കിന്റെ മുകളില്‍ ബസ്സിന്റെ പിന്‍വശത്തെ ടയറുകള്‍ കയറി. ഇതേ തുടര്‍ന്ന് ബൈക്കിന്റെ മുന്‍വശം പാടെ തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് ഓടി രക്ഷപ്പെട്ട ബസ് ഡ്രൈവര്‍ പെരുമ്പാവൂര്‍ സ്വദേശി സുമേഷ്(28)പിന്നീട് ട്രാഫിക് പോലിസ് സ്‌റ്റേഷനില്‍ ഹാജരായി. അപകടകരമായ രീതിയില്‍ ബസ് ഓടിച്ചതിനും അപകടത്തെ തുടര്‍ന്ന് ഓടി രക്ഷപ്പെട്ടതിനും ഇയാള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.
Next Story

RELATED STORIES

Share it