wayanad local

അമിതവാടക; ആംബുലന്‍സ് ഡ്രൈവറെ പിരിച്ചുവിടാന്‍ തീരുമാനം



മാനന്തവാടി: ജില്ലാ ആശുപത്രിയിലെ ആംബുലന്‍സിന് അമിതവാടക ഈടാക്കിയെന്ന പരാതിയില്‍ ഡ്രൈവറെ പിരിച്ചുവിടാന്‍ തീരുമാനം. ഇന്നലെ ചേര്‍ന്ന എച്ച്എംസി യോഗത്തിലാണ് ഇതുസംബന്ധിച്ച് ജില്ലാ ആശുപത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കിയത്. തൊണ്ടര്‍നാട് സ്വദേശി കല്ലാറും കൊട്ടപ്പറമ്പില്‍ പ്രതാപ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എച്ച്എംസി നിയോഗിച്ച താല്‍ക്കാലിക ഡ്രൈവര്‍ വെങ്കിട്ടരാമനെ പിരിച്ചുവിടാന്‍ തീരുമാനിച്ചത്. മെയ് 13ന് പ്രതാപിന്റെ മാതാവ് ചികില്‍സ തേടി ജില്ലാ ആശുപത്രിയില്‍ എത്തിയിരുന്നു. ഇവിടെ നിന്നു കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. യാത്രാമധ്യേ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചികില്‍സാ ചെലവ് താങ്ങാന്‍ കഴിയാത്തതിനെ തുടര്‍ന്ന് കോഴിക്കോടേക്ക് കൊണ്ടുപോവുകയുമായിരുന്നു. വാടകയിനത്തില്‍ ഡ്രൈവര്‍ ആവശ്യപ്പെട്ട 3,000 രൂപ നല്‍കുകയും ചെയ്തു. രസീതിനായി സൂപ്രണ്ട് ഓഫിസില്‍ എത്തിയപ്പോള്‍ ആദ്യം ദിവസം ഇതു നല്‍കാന്‍ ജീവനക്കാര്‍ തയ്യാറായില്ല. രണ്ടുദിവസം കഴിഞ്ഞ് ഓഫിസുമായി വീണ്ടും ബന്ധപ്പെട്ടപ്പോള്‍ 2,520 രൂപയുടെ രസീതിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പിയാണ് നല്‍കിയത്. ഇതേത്തുടര്‍ന്ന് പ്രതാപ് സൂപ്രണ്ടിന് പരാതി നല്‍കുകയായിരുന്നു. ഇന്നലെ ചേര്‍ന്ന യോഗം പരാതി സംബന്ധിച്ച് സൂപ്രണ്ട് ഡോ. ജീവന്‍ ലാലില്‍ നിന്ന് വിശദീകരണം തേടി. അന്വേഷണത്തില്‍ ഡ്രൈവര്‍ക്ക് തെറ്റുപറ്റിയതായി ബോധ്യപ്പെട്ടെന്നും കൂടുതലായി വാങ്ങിയ വാടക തിരിച്ചടയ്ക്കാമെന്നു െ്രെഡവര്‍ അറിയിച്ചതായും സൂപ്രണ്ട് മറുപടി നല്‍കിയെങ്കിലും ഇയാളെ പിരിച്ചുവിടാന്‍ എച്ച്എംസി നിര്‍ദേശം നല്‍കുകയായിരുന്നു. ഡ്രൈവര്‍ക്കെതിരേ നേരത്തെയും പരാതികള്‍ ഉയര്‍ന്നിരുന്നു. അമിതവാടക ഈടാക്കിയെന്ന പരാതിയില്‍ ഒരുവര്‍ഷം മുമ്പും താല്‍ക്കാലിക ഡ്രൈവറെ പിരിച്ചുവിട്ടിരുന്നു.
Next Story

RELATED STORIES

Share it