Flash News

അമിതവണ്ണം കുറയ്ക്കാന്‍ കടലില്‍ നിന്ന് മരുന്ന്‌

അമിതവണ്ണം കുറയ്ക്കാന്‍ കടലില്‍ നിന്ന് മരുന്ന്‌
X
sea

കൊച്ചി: അമിതവണ്ണം തടയുന്നതിനു കേന്ദ്ര സമുദ്രമല്‍സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) വക പ്രകൃതിദത്ത ഔഷധം. കടല്‍പ്പായലില്‍ നിന്നാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേന്ദ്ര സമുദ്രമല്‍സ്യ ഗവേഷണ സ്ഥാപനം കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും അമിതവണ്ണം തടയുന്നതിനുമുള്ള മരുന്നു നിര്‍മിച്ചത്. ആന്റി ഹൈപര്‍ കൊളെസ്‌ട്രോളമിക് എക്‌സ്ട്രാക്റ്റ് എന്നാണ് ഉല്‍പന്നത്തിനു പേരിട്ടിരിക്കുന്നത്. 18നു നടക്കുന്ന സിഎംഎഫ്ആര്‍ഐയുടെ പ്ലാറ്റിനം ജൂബിലി ആഘോഷപരിപാടികളുടെ ഉദ്ഘാടനവേളയില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം മരുന്ന് ഔദ്യോഗികമായി പുറത്തിറക്കും. ഇന്ത്യന്‍ കടലുകളില്‍ സാധാരണയായി കണ്ടുവരുന്ന കടല്‍പ്പായലുകളില്‍ അടങ്ങിയിരിക്കുന്ന ബയോ ആക്ടീവ് സംയുക്തങ്ങള്‍ ഉപയോഗിച്ചാണ് സിഎംഎഫ്ആര്‍ഐയിലെ ശാസ്ത്രജ്ഞര്‍ മരുന്ന് നിര്‍മിച്ചത്. പൂര്‍ണമായും പ്രകൃതിദത്ത ചേരുവകള്‍ ഉപയോഗിച്ചാണ് മരുന്ന് നിര്‍മാണം. 400 മില്ലിഗ്രാം അളവിലുള്ള ക്യാപ്‌സൂളുകളായാണ് ലഭ്യമാവുക. മരുന്നിനു യാതൊരുവിധ പാര്‍ശ്വഫലങ്ങളുമില്ലെന്നത് വിശദമായ ക്ലിനിക്കല്‍ പരീക്ഷണങ്ങളിലൂടെ തെളിഞ്ഞതാണെന്ന് മരുന്നു നിര്‍മാണത്തിനു നേതൃത്വം നല്‍കിയ സിഎംഎഫ്ആര്‍ഐയിലെ സീനിയര്‍ സയന്റിസ്റ്റ് ഡോ. കാജല്‍ ചക്രവര്‍ത്തി പറഞ്ഞു. പൂര്‍ണമായും പ്രകൃതിദത്തമായ രീതിയില്‍ ആദ്യമായാണ് കടല്‍പ്പായലില്‍ നിന്ന് അമിതവണ്ണം കുറയ്ക്കുന്നതിനു മരുന്നു നിര്‍മിക്കുന്നത്. കടലില്‍ നിന്നു സിഎംഎഫ്ആര്‍ഐ വികസിപ്പിക്കുന്ന നാലാമത്തെ ഔഷധമാണിത്. നേരത്തേ പ്രമേഹത്തിനും സന്ധിവേദനയ്ക്കും സിഎംഎഫ്ആര്‍ഐ മരുന്ന് വികസിപ്പിച്ചിരുന്നു.
Next Story

RELATED STORIES

Share it