thiruvananthapuram local

അമരവിള ചെക്ക്‌പോസ്റ്റിലെ വേബ്രിഡ്ജും കാമറയും പ്രവര്‍ത്തിക്കുന്നില്ല

നെയ്യാറ്റിന്‍കര: സംസ്ഥാന അതിര്‍ത്തിയിലെ ദേശീയപാതയില്‍ സ്ഥിതിചെയ്യുന്ന അമരവിള ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റിലെ വേ ബ്രിഡ്ജും കാമറയും പ്രവര്‍ത്തനരഹിതമായിട്ട് ഒരു വര്‍ഷം പിന്നിട്ടിട്ടും അധികൃതര്‍ക്ക് അനക്കമില്ല. ഇതുമൂലം ഖജനാവിന് കോടികളുടെ നഷ്ടം.
ലാഭകരമല്ലാത്തതിനാലാണ് വേബ്രിഡ്ജ് പ്രവര്‍ത്തിപ്പിക്കാത്തതെന്ന് കരാറുകാരന്‍ പറയുമ്പോള്‍ ലോറി മാഫിയയും സംസ്ഥാന ധനകാര്യവകുപ്പും തമ്മിലുള്ള ഒത്തുകളിയാണെന്നാണ് നാട്ടുകാരുടെ ആരോപണം. അമരവിള ചെക് പോസ്റ്റിലെ വേ ബ്രിഡജിന്റെ പ്രവര്‍ത്തനം സ്വകാര്യ വ്യക്തിയ്ക്കാണ് കരാര്‍ നല്‍കിയിട്ടുള്ളത്. ഇവിടുത്തെ ബ്രിഡ്ജ് പ്രവര്‍ത്തിപ്പിക്കാന്‍ തുടങ്ങിയതോടെ ഭാരം കയറ്റിവരുന്ന വണ്ടികള്‍ പൂവാര്‍, പിരായുംമൂട്, പാലക്കടവ്, ടൈല്‍ഫാക്ടറി, പെരുങ്കടവിള, മണ്ഡപത്തിന്‍കടവ് എന്നീ സി ക്ലാസ് ചെക്ക് പോസ്റ്റുകളിലൂടെയായി യാത്ര. ഇതുകാരണം അമരവിള വഴിയുള്ള വാഹനങ്ങളുടെ വരവ് കുറയുകയും നഷ്ടമുണ്ടാവുകയും ചെയ്യുന്നുവെന്നാണ് കരാറുകാരന്‍ പറയുന്നത്.
ചെക്ക്‌പോസ്റ്റിലെ വേ ബ്രിഡ്ജിന്റെ പ്രവര്‍ത്തനം സര്‍ക്കാര്‍ ഏറ്റെടുത്ത് സാധനങ്ങള്‍ സി ക്ലാസ് ചെക്‌പോസ്റ്റുകളിലൂടെ കടത്തി വിടാതെ അമരവിളയിലൂടെ കടത്തിവിടാനുള്ള നടപടികള്‍ ശക്തമാക്കിയാല്‍ കോടികളുടെ അധിക നികുതിവരിമാനം സര്‍ക്കാരിന് ലഭിക്കുമെന്നാണ ഉദ്യോഗസ്ഥര്‍ പറയുന്നത്.
അതേസമയം അമരവിള ചെക്‌പോസ്റ്റിലെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ദേശീയപാതയുള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ കാമറ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മിക്കവയും പ്രവര്‍ത്തിക്കുന്നില്ല. കേടായ ക്യാമറകള്‍ കെല്‍ട്രോണ്‍ ഇളക്കിമാറ്റിയെങ്കിലും പുതിയത് ഇതുവരെ സ്ഥാപിച്ചിട്ടില്ല. കേരളത്തില്‍നിന്നും കവരുന്ന വാഹനങ്ങള്‍ അമരവിള ഉള്‍പ്പെടയുള്ള അതിര്‍ത്തി ചെക്‌പോസ്റ്റ് വഴിയാണ് കടത്തിക്കൊണ്ട് പോവുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി പലപ്പോഴും പോലിസ് ദൃശ്യങ്ങള്‍ക്ക് എത്താറുണ്ടെങ്കിലും വെറുംകൈയോടെ മട—ങ്ങുകയാണ്.
മാത്രമല്ല അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന ആഡംബര ബസ്സുകളിലും തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസ്സുകളിലും നികുതിവെട്ടിച്ച് ഉല്‍പ്പന്നങ്ങള്‍ കടത്തുന്നുണ്ടെങ്കിലും അത് നിയന്ത്രിക്കേണ്ട നടപടികളും സ്വീകരിച്ചിട്ടില്ല. സത്യസന്ധമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണം നല്‍കണമെന്നും വേ ബ്രിഡ്ജും ക്യാമറയും പ്രവര്‍ത്തന ക്ഷമമാക്കി ചെക്ക് പോസ്റ്റിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നുമുള്ള ആവശ്യം ശക്തമായിട്ടുണ്ട്.
Next Story

RELATED STORIES

Share it