അമരത്ത് രണ്ടാമത്തെ ആന്ധ്രക്കാരന്‍

ഹൈദരാബാദ്: ആന്ധ്രയില്‍ നിന്ന് സിപിഎമ്മിന്റെ അമരത്തെത്തുന്ന രണ്ടാമത്തെയാളാണ് 65കാരനായ സീതാറാം യെച്ചൂരി. പാര്‍ട്ടിയുടെ ആദ്യ സെക്രട്ടറിയായ പി സുന്ദരയ്യയാണ് നേരത്തേ ആന്ധ്രയില്‍ നിന്നെത്തി പാര്‍ട്ടിയെ നയിച്ചത്. പാര്‍ട്ടി രൂപീകരിച്ച 1964 മുതല്‍ 78 വരെയാണ് സുന്ദരയ്യ പാര്‍ട്ടിയെ നയിച്ചത്. സഖാവ് പിഎസ് എന്നാണ് സുന്ദരയ്യ അറിയപ്പെട്ടിരുന്നത്. കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടനായ സുന്ദരയ്യ സുന്ദരരാമി റെഡ്ഡി എന്ന തന്റെ പേരിലെ ജാതിയെ സൂചിപ്പിക്കുന്ന ഭാഗം മാറ്റി സുന്ദരയ്യ എന്നാക്കി. ദരിദ്ര ജനവിഭാഗങ്ങള്‍ക്കു വേണ്ടി എന്നും നിലകൊണ്ട സുന്ദരയ്യ തെലങ്കാന സമരത്തിന്റെ ഭാഗമായുണ്ടായ സായുധസമരങ്ങളില്‍ നേരിട്ട് പങ്കെടുത്ത വ്യക്തിയാണ്.
അദ്ദേഹത്തിന്റെ നേതൃത്വത്തിനു ശേഷം 40 വര്‍ഷത്തിനു ശേഷമാണ് പാര്‍ട്ടിയുടെ അഞ്ചാമത്തെ ജനറല്‍ സെക്രട്ടറിയായി യെച്ചൂരി എത്തുന്നത്.
പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ കേരളത്തില്‍ നിന്നു മാത്രമാണ് ഇതിനു മുമ്പ് രണ്ടു ജനറല്‍ സെക്രട്ടറിമാര്‍ ഉണ്ടായത്. സുന്ദരയ്യയുടെ പിന്‍ഗാമിയായി 1978 മുതല്‍ 1992 വരെ പാര്‍ട്ടിയെ നയിച്ച ഇഎംഎസും 2005 മുതല്‍ 10 വര്‍ഷം അമരത്തിരുന്ന പ്രകാശ് കാരാട്ടും. 1992 മുതല്‍ 2005 വരെ പഞ്ചാബില്‍ നിന്നുള്ള ഹര്‍കിഷന്‍സിങ് സുര്‍ജിത്തായിരുന്നു ജനറല്‍ സെക്രട്ടറി. തെലങ്കാനയിലെ കര്‍ഷകപ്രക്ഷോഭം നയിച്ചുകൊണ്ടാണ് സുന്ദരയ്യ പാര്‍ട്ടിയുടെ തലപ്പത്തെത്തിയതെങ്കില്‍ സ്വന്തം നാട്ടില്‍ വലിയ പ്രവര്‍ത്തനപാരമ്പര്യമില്ലാത്തയാളാണ് യെച്ചൂരി.
ഹര്‍കിഷന്‍സിങ് സുര്‍ജിത് സിപിഎം ജനറല്‍ സെക്രട്ടറിയാവുമ്പോള്‍ യെച്ചൂരിയും പ്രകാശ് കാരാട്ടും അദ്ദേഹത്തിന്റെ സന്തതസഹചാരികളായി മാറി.  പാര്‍ട്ടി സെന്ററിലെ പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് 1985ല്‍ യെച്ചൂരി കേന്ദ്രകമ്മിറ്റിയില്‍ എത്തുന്നത്.
യുപിഎയുടെ രൂപീകരണത്തിലും യെച്ചൂരി പങ്കുവഹിച്ചു. പൊതുമിനിമം പരിപാടി തയ്യാറാക്കുന്നതില്‍ നേതൃത്വപരമായ പങ്കായിരുന്നു യെച്ചൂരി വഹിച്ചത്. സിപിഎമ്മിലെ മുതിര്‍ന്ന നേതാക്കളെല്ലാം അംഗീകരിച്ച പൊതുമിനിമം പരിപാടി കോണ്‍ഗ്രസ്സിനെ കൊണ്ടും മറ്റു പ്രാദേശിക പാര്‍ട്ടികളെ കൊണ്ടും അംഗീകരിപ്പിക്കുന്നതിലും യെച്ചൂരി വിജയിച്ചു. കോണ്‍ഗ്രസ്സിന്റെ നവലിബറല്‍ നയങ്ങളെ ശക്തിയായി എതിര്‍ക്കുന്നതിനും യെച്ചൂരി എന്നും ശ്രമിച്ചിരുന്നു. ആഗോളവല്‍ക്കരണ നയങ്ങളെ ശക്തമായി എതിര്‍ക്കുകയും സിപിഎം നയം വ്യക്തമാക്കുകയും ചെയ്യുന്ന പുസ്തകങ്ങള്‍ യെച്ചൂരി എഴുതിയിട്ടുണ്ട്. ബംഗാളില്‍ നിന്നു രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട യെച്ചൂരി സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി നേതാവായും പ്രവര്‍ത്തിച്ചിരുന്നു.
Next Story

RELATED STORIES

Share it