അഭ്യാസം വേണ്ട; അവധിയിലുള്ളവരെ പിരിച്ചുവിടും: ടോമിന്‍ തച്ചങ്കരി

കണ്ണൂര്‍: കെഎസ്ആര്‍ടിസിയില്‍ പ്രവര്‍ത്തിക്കുന്ന നമ്മളെല്ലാം സഹപ്രവര്‍ത്തകരാണെന്നും എന്നാല്‍ ഉമ്മാക്കി കാട്ടി വിരട്ടാന്‍ നോക്കേണ്ടെന്നും പുതുതായി ചുമതലയേറ്റ എംഡി ടോമിന്‍ തച്ചങ്കരി. കണ്ണൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോ സന്ദര്‍ശിച്ച ശേഷം ജീവനക്കാരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
താന്‍ ഒരു ദൗത്യം ഏറ്റെടുത്താല്‍ വിജയിപ്പിച്ചിരിക്കും. കെഎസ്ആര്‍ടിസി ജീവനക്കാരുടെ തൊഴില്‍ സംസ്‌കാരത്തില്‍ മാറ്റംവരുത്തിയില്ലെങ്കില്‍ സ്ഥാപനം പൂട്ടേണ്ടിവരും. വിഷം വാങ്ങാന്‍ പോലും പണമില്ലാത്ത അവസ്ഥയാണു കെഎസ്ആര്‍ടിസിയില്‍ ഉള്ളത്.
കൃത്യമായി ബസ്സുകള്‍ ഓടിച്ചാല്‍ പോലും നിലവിലുള്ള സേവന, വേതന വ്യവസ്ഥകളില്‍ മാറ്റംവരുത്തിയില്ലെങ്കില്‍ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കും.
കെഎസ്ആര്‍ടിസിയെക്കുറിച്ച് എല്ലാ യാത്രക്കാര്‍ക്കും പരാതിയുണ്ട്. സേവനത്തില്‍ തൃപ്തരല്ല അവരാരും. ശമ്പളത്തിലും അലവന്‍സിലും മാത്രമാണു ജീവനക്കാരുടെ ശ്രദ്ധ. ഇതു ശരിയാണോ എന്നു പരിശോധിക്കണം. തൊഴിലെടുക്കാതെ അലസന്‍മാരായി വിലസുന്ന അഭ്യാസം ഇനി നടക്കില്ല. പണിയെടുത്താലും ഇല്ലെങ്കിലും ശമ്പളം കിട്ടുമെന്ന അവസ്ഥ മാറ്റും. കെഎസ്ആര്‍ടിസിയില്‍ 30 ശതമാനത്തോളം പേര്‍ ഈ പണിക്കു കൊള്ളാത്തവരാണ്. അവശരര്‍ക്കുള്ള സ്ഥാപനമല്ല ഇത്. കൂട്ട ഭരണം അനുവദിക്കില്ല. ദീര്‍ഘകാല അവധിയിലുള്ള ജീവനക്കാരെ പിരിച്ചുവിടും.
സര്‍ക്കാര്‍ തീരുമാനങ്ങള്‍ അനുസരിച്ചു ന്യായത്തിലും സത്യസന്ധമായും ജോലിചെയ്താല്‍ കൃത്യമായി ശമ്പളം വിതരണം ചെയ്യാനാവും. തൊഴിലാളികള്‍ക്കു വേണ്ടിയല്ല, ജനങ്ങള്‍ക്കു വേണ്ടിയാണ് കെഎസ്ആര്‍ടിസി പ്രവര്‍ത്തിക്കുന്നതെന്ന കാര്യം ജീവനക്കാര്‍ മനസ്സിലാക്കണം.
കെഎസ്ആര്‍ടിസിയെ കരകയറ്റുകയെന്ന ദൗത്യം പൂര്‍ത്തിയാക്കുക തന്നെ ചെയ്യും. അക്കാര്യം ബസ്സ്റ്റാന്റിന് മുമ്പില്‍ പരസ്യമായി പൊതുയോഗം നടത്തി പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംവാദത്തിനു ശേഷം കെട്ടിടമില്ല, കാന്റീനില്ല തുടങ്ങിയ പരാതികളുമായി ജീവനക്കാര്‍ സമീപിച്ചെങ്കിലും ആദ്യം വരുമാനം ഉണ്ടാക്കിത്തരൂ, എന്നിട്ടെല്ലാം പരിഹരിക്കാമെന്നായിരുന്നു തച്ചങ്കരിയുടെ മറുപടി.
Next Story

RELATED STORIES

Share it