wayanad local

അഭ്യസ്തവിദ്യരായ ആദിവാസികള്‍ക്ക് തൊഴില്‍ നല്‍കും : മന്ത്രി എ കെ ബാലന്‍



കല്‍പ്പറ്റ: ആദിവാസികള്‍ക്ക് സ്വന്തംകാലില്‍ നില്‍ക്കാന്‍ കഴിയുമെന്ന ബോധം ഉണ്ടാക്കുമെന്നും ഈ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ ആദിവാസി വിഭാഗത്തില്‍ അഭ്യസ്തവിദ്യരായ ഒരു തൊഴില്‍രഹിതനും ഉണ്ടാവില്ലെന്നും പട്ടികജാതി-വര്‍ഗ- പിന്നാക്കക്ഷേമ മന്ത്രി എ കെ ബാലന്‍. പിണങ്ങോട് പ്രീമെട്രിക് ഹോസ്റ്റലിനായി കോട്ടത്തറ പഞ്ചായത്തിലെ കരിങ്കുറ്റിയില്‍ പട്ടികവര്‍ഗ വികസന വകുപ്പ് നിര്‍മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആദിവാസികളുടെ ജീവിതനിലവാരം ഉയരാത്തതിനു കാരണം അവര്‍ക്ക് അവകാശപ്പെട്ട ഭൂമി ലഭിക്കാതിരുന്നതും വിദ്യാഭ്യാസ രംഗത്ത് ഉയര്‍ന്നുവരാതിരുന്നതുമാണ്. 2012ലെ കണക്ക് പ്രകാരം ആദിവാസികളില്‍ 100 കുട്ടികള്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്നാല്‍ പത്താംക്ലാസില്‍ എത്തുമ്പോള്‍ 40 പേരേ കാണൂ. ഈ കൊഴിഞ്ഞുപോക്ക് ഒഴിവാക്കാനാണ് ഗോത്രഭാഷ അറിയാവുന്ന ആദിവാസികളില്‍ തന്നെയുള്ള അഭ്യസ്തവിദ്യരായ 241 പേരെ മെന്റര്‍ ടീച്ചര്‍മാരായി നിയമിക്കുന്നത്. 21,900 രൂപ മാസശമ്പളം നല്‍കും. ആദിവാസി വിഭാഗത്തില്‍പെട്ട 1,300ഓളം പേര്‍ക്ക് കെട്ടിടനിര്‍മാണ മേഖലയില്‍ പരിശീലനം നല്‍കി തൊഴില്‍ നല്‍കും. കുടുംബശ്രീയില്‍ ആദിവാസികള്‍ക്കായി അയല്‍ക്കൂട്ടങ്ങള്‍ ഉണ്ടാക്കി അവയ്ക്ക് മൈക്രോ മാതൃകയില്‍ ഇടപാടുകള്‍ നടത്താന്‍ പദ്ധതിയുണ്ട്. ഇതിനായി അയല്‍ക്കൂട്ടങ്ങള്‍ക്ക് 10,000 രൂപ നല്‍കും. 11 കോടി 40 ലക്ഷം രൂപയാണ് ഇതിന്റെ അടങ്കല്‍. പട്ടികജാതിക്കാര്‍ക്ക് രണ്ടുലക്ഷം രൂപ ചെലവില്‍ പഠനമുറി നിര്‍മിച്ചു നല്‍കുന്ന പദ്ധതിയും നടപ്പാക്കും. ഈ സര്‍ക്കാര്‍ വന്നതിനു ശേഷം വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ 50 ശതമാനം കൂട്ടി. ഗദ്ദിക പരിപാടി പുനരാരംഭിക്കും. ഒരുവര്‍ഷം മൂന്നു പരിപാടികള്‍ നടത്താനാണ് ഉദ്ദേശിക്കുന്നത്. 2011-12 വര്‍ഷം മുതല്‍ 15-16 വര്‍ഷം വരെ അനുവദിച്ച 4,635 സ്പില്‍ ഓവര്‍ പദ്ധതികളില്‍ 1,257 വീടുകള്‍ ഇതുവരെ പൂര്‍ത്തിയായി. ശേഷിക്കുന്ന 3,378 പദ്ധതികള്‍ പെട്ടെന്നു പൂര്‍ത്തിയാക്കും. സുഗന്ധഗിരി കുടിവെള്ള പദ്ധതിയുടെ ഭാഗമായി രണ്ടു ചെക്ഡാമുകള്‍ നിര്‍മിക്കുന്നു. 175 കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. 16-17 സാമ്പത്തിക വര്‍ഷം ഒരുകോടി 85 ലക്ഷം രൂപ 11 പദ്ധതികള്‍ക്കായി ജില്ലയില്‍ നീക്കിവച്ചിട്ടുണ്ട്. 16-17 വര്‍ഷം ആറുകോടി 53 ലക്ഷം രൂപ പാലം, റോഡ്, കുടിവെള്ളം എന്നിവയ്ക്കായി നീക്കിവച്ചു. അമ്മമാരാവുന്ന ആദിവാസികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ന്യൂട്രീഷന്‍ റീഹാബിലിറ്റേഷന്‍ സെന്റര്‍ ആവശ്യമുള്ള സ്ഥലത്ത് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. സി കെ ശശീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, എഡിഎം കെ എം രാജു, പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡോ. പി പുകഴേന്തി, കോട്ടത്തറ പഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ജോസഫ്, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ മിനി, വി എന്‍ ഉണ്ണികൃഷ്ണന്‍, പ്രീത മനോജ്, കെ കെ സരോജിനി, ശോഭ ശ്രീധരന്‍, ശാരദ മണിയന്‍, രശ്മി പ്രദീപ്, ഐടിഡിപി പ്രൊജക്റ്റ് ഓഫിസര്‍ പി വാണിദാസ് സംസാരിച്ചു.
Next Story

RELATED STORIES

Share it