kasaragod local

അഭിലാഷ് പിടിയിലായത് മൊബൈല്‍ കടയുടമയുടെ സമര്‍ഥമായ ഇടപെടല്‍മൂലം

കാസര്‍കോട്:വീട്ടമ്മയെ കൊലപ്പെടുത്തി 17 പവന്‍ കവര്‍ന്ന കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചുവരുന്നതിനിടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ചാടിയ പ്രതി ഒമ്പതുവര്‍ഷത്തിനുശേഷം പിടിയിലായത് മൊബൈല്‍ കടയുടമയുടെ ഇടപെടല്‍മൂലം. കോട്ടയം വൈക്കം ആലത്തൂര്‍പടി സ്വദേശി പി അഭിലാഷാ(40)ണ് അറസ്റ്റിലായത്. 2001 മെയ് ആറിന് മഞ്ചേരി പാലക്കുളത്തെ ചിതല്‍മണ്ണില്‍ ഹൗസിലെ അബ്ദുല്ലയുടെ ഭാര്യ ഫാത്തിമ (50)യെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തി കവര്‍ച്ച നടത്തിയ കേസിലാണ് അഭിലാഷ് നേരത്തെ അറസ്റ്റിലായിരുന്നത്.
ഈ കേസില്‍ ഇദ്ദേഹത്തിന്റെ ഭാര്യ ശ്രീജക്കൊപ്പം ജീവപര്യന്തം തടവിന് ശിക്ഷിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞുവരുന്നതിനിടയില്‍ 2007 ഒക്ടോബര്‍ 20നാണ് ജയില്‍ ചാടിയത്. ഇതേത്തുടര്‍ന്ന് ഒമ്പതുവര്‍ഷത്തോളമായി മുംബൈ, ബംഗളുരു, ചെന്നൈ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ രൂപവും വേഷവും മാറി വിവിധ പേരുകളില്‍ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു. മിക്കയിടങ്ങളിലും ഹോട്ടല്‍, ബേക്കറി ജീവനക്കാരനായിട്ടാണ് അഭിലാഷ് കഴിഞ്ഞിരുന്നത്. പിന്നീട് കൂത്താട്ടുകുളത്തെത്തിയ അഭിലാഷ് അവിടെ നിന്നു കാസര്‍കോട്ടേക്ക് വണ്ടികയറി. കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഒരു ലോഡ്ജില്‍ താമസിച്ചുവരികയായിരുന്നു. കൈവശമുള്ള പണം തീര്‍ന്നപ്പോള്‍ മൊബൈല്‍ വില്‍ക്കാന്‍ വേണ്ടി കടയിലേക്ക് പോയതായിരുന്നു. തിരിച്ചറിയല്‍ രേഖ ആവശ്യപ്പെട്ട കടയുടമക്ക് നല്‍കിയ കാര്‍ഡില്‍ വ്യത്യാസം കണ്ടതിനെ തുടര്‍ന്ന് പോലിസിനെ വിവരമറിയിക്കുകയായിരുന്നു. പോലിസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നത്.
2001 മെയ് ആറിനാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. വാടക വാങ്ങാന്‍ ക്വാര്‍ട്ടേഴ്‌സിലെത്തിയ ഫാത്തിമയെ സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കുന്നതിനുവേണ്ടി അഭിലാഷും ശ്രീജയും ചേര്‍ന്ന് കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.
സംഭവം നടന്ന് 20 ദിവസങ്ങള്‍ക്കുശേഷം പ്രതികളെ മഞ്ചേരി സിഐ വിക്രമന്‍ അറസ്റ്റ് ചെയ്തു. മലപ്പുറം ഫാസ്റ്റ് ട്രാക്ക് കോടതി ഇരുവരെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചു. വീണ്ടും കവര്‍ച്ച നടത്താനുള്ള ആസൂത്രണത്തിനിടെയാണ് ഇയാള്‍ പിടിയിലായത്. രണ്ട് കത്തികളും മുഖംമൂടിയും വിരലടയാളം പതിയാതിരിക്കാനുള്ള ഉറയും പ്രതിയില്‍ നിന്ന് കണ്ടെടുത്തു.
Next Story

RELATED STORIES

Share it