അഭിലാഷ് ടോമിയെ വിശാഖപട്ടണത്തെത്തിച്ചു

കൊച്ചി: ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടയില്‍ നടുക്കടലില്‍ പായ് വഞ്ചി തകര്‍ന്ന് നട്ടെല്ലിന് പരിക്കേറ്റ മലയാളി നാവികന്‍ കമാന്‍ഡര്‍ അഭിലാഷ് ടോമിയെ വിശാഖപട്ടണത്ത് എത്തിച്ചു. ഓപറേഷന്‍ രക്ഷം എന്ന പേരില്‍ നേവി നടത്തിയ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി.
ന്യൂ ആംസ്റ്റര്‍ഡാമിലെ ദ്വീപില്‍ നിന്ന് അഭിലാഷ് ടോമിയെയുമായി കഴിഞ്ഞ മാസം 28ന് യാത്രതിരിച്ച ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎന്‍എസ് സത്പുര ഇന്നലെ വൈകുന്നേരം നാലുമണിയോടെയാണ് വിശാഖപട്ടണത്ത് എത്തിയത്. തുടര്‍ന്ന് അഭിലാഷ് ടോമിയെ നാവികസേനയുടെ ആശുപത്രിയായ ഐഎന്‍എച്ച്എസ് കല്യാണിയില്‍ പ്രവേശിപ്പിച്ചു. അഭിലാഷിന്റെ പിതാവ് ടോമിയും ആശുപത്രിയില്‍ എത്തിയിട്ടുണ്ട്.
ഇവിടെ വിശദമായി പരിശോധന നടത്തിയതിനു ശേഷം ഇദ്ദേഹത്തിന്റെ തുടര്‍ചികില്‍സ എവിടെ വേണമെന്നതു സംബന്ധിച്ച് തീരുമാനമെടുക്കും. വിശാഖപട്ടണത്തെത്തിച്ച അഭിലാഷ് ടോമിയെ വൈസ് അഡ്മിറല്‍ കരണ്‍ബീര്‍ സിങ് സന്ദര്‍ശിച്ച് ആരോഗ്യവിവരവും രക്ഷാപ്രവര്‍ത്തനം സംബന്ധിച്ചും അന്വേഷിച്ചു. ഐഎന്‍എസ് സത്പുരയിലെ ക്യാപ്റ്റന്‍ അലോക് അനന്തുമായും വൈസ് അഡ്മിറല്‍ സംസാരിച്ചു. അഭിലാഷ് ടോമിയെ രക്ഷപ്പെടുത്താന്‍ ക്യാപ്റ്റന്‍ അലോക് കപ്പലില്‍ പോവുന്നതിനിടയില്‍ അദ്ദേഹത്തിന്റെ പിതാവ് മരിച്ചിരുന്നു. എന്നാല്‍ പിതാവിന്റെ സംസ്‌കാരച്ചടങ്ങില്‍ പോലും പങ്കെടുക്കാതെ ക്യാപ്റ്റന്‍ അലോക് അഭിലാഷ് ടോമിയെ രക്ഷപ്പെടുത്താന്‍ പോവുകയായിരുന്നു. ജൂലൈ ഒന്നിന് ഫ്രാന്‍സില്‍ നിന്നാണ് തുരിയ എന്ന പായ് വഞ്ചിയില്‍ അഭിലാഷ് ടോമി ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണം ആരംഭിച്ചത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ആസ്‌ത്രേലിയയിലെ പെര്‍ത്തില്‍ നിന്ന് ഏകദേശം 1,900 നോട്ടിക്കല്‍ മൈല്‍ അകലെവച്ച് സപ്തംബര്‍ 18നാണ് രൂക്ഷമായ കടല്‍ക്ഷോഭത്തിലും കാറ്റിലും പെട്ട് അഭിലാഷ് ടോമി സഞ്ചരിച്ചിരുന്ന പായ് വഞ്ചിയുടെ കൊടിമരം തകര്‍ന്ന് അപകടത്തില്‍ പെട്ടത്.

Next Story

RELATED STORIES

Share it