അഭിലാഷ് ടോമിയെ കണ്ടെത്തി; ഇന്നു രക്ഷപ്പെടുത്തും

ന്യൂഡല്‍ഹി: ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ അപകടത്തില്‍പ്പെട്ട മലയാളി നാവികന്‍ അഭിലാഷ് ടോമിയെ കണ്ടെത്തി. മൊറീഷസില്‍ നിന്ന് മൂന്നു മണിക്കൂര്‍ അകലെ തെക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലാണ് നാവികസേനാ സംഘം അഭിലാഷിന്റെ പായ്‌വഞ്ചി കണ്ടെത്തിയത്. മുതുകിന് ഗുരുതരമായി പരിക്കേറ്റ് ചലിക്കാനാവാത്ത സ്ഥിതിയിലാണ് അഭിലാഷ്. നാവികസേനയുടെ പി18 വിമാനത്തിന്റെ സഹായത്തോടെയാണ് തിരച്ചില്‍. അഭിലാഷിനെ ഇന്ന് ഉച്ചയോടെ രക്ഷിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫ്രഞ്ച് കപ്പലും ആസ്‌ത്രേലിയന്‍ നാവികസേനയുടെ കപ്പലും രക്ഷാപ്രവര്‍ത്തനത്തില്‍ ഭാഗമാവും.
കഴിഞ്ഞദിവസമാണ് ഗോള്‍ഡന്‍ ഗ്ലോബ് സംഘാടകര്‍ക്ക് അഭിലാഷിന്റെ അപകടസന്ദേശമെത്തിയത്. സാറ്റലൈറ്റ് ഫോണ്‍ ട്രാക്ക് ചെയ്താണ് അഭിലാഷിന്റെ തൂരിയ എന്ന പായ്‌വഞ്ചി കണ്ടെത്തിയത്. റേഡിയോ സന്ദേശങ്ങളോട് അഭിലാഷ് പ്രതികരിക്കുന്നുണ്ട്.
ശക്തമായ കാറ്റും തിരമാലകളും രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയാണ്. കാറ്റില്‍പ്പെട്ട് പായ്‌വഞ്ചി കടലില്‍ അനിയന്ത്രിതമായി ചുറ്റിക്കറങ്ങുകയാണെന്ന് നാവികസേന അറിയിച്ചു. താന്‍ സുരക്ഷിതനാണെന്നും ബോട്ടിനുള്ളില്‍ കിടക്കുകയാണെന്നുമാണ് അഭിലാഷ് ടോമിയില്‍ നിന്ന് അവസാനമായി ലഭിച്ച സന്ദേശം. അപകടത്തില്‍ പായ്‌വഞ്ചിയുടെ തൂണ്‍ തകര്‍ന്നെന്നും മുതുകിന് സാരമായി പരിക്കേറ്റതിനാല്‍ എഴുന്നേറ്റുനില്‍ക്കാനാവില്ലെന്നും അഭിലാഷ് വ്യക്തമാക്കിയിരുന്നു.
ജൂലൈ ഒന്നിനാണ് ഫ്രാന്‍സിലെ സാബ്ലെ ദൊലോന്‍ തുറമുഖത്തു നിന്ന് കമാന്‍ഡര്‍ അഭിലാഷ് ടോമിയും മല്‍സരാര്‍ഥികളായ മറ്റുള്ളവരും 30,000 നോട്ടിക്കല്‍ മൈല്‍ കടലിലൂടെ ലോകം ചുറ്റാനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനു തുടക്കം കുറിച്ചത്. 50 വര്‍ഷം മുമ്പുള്ള കടല്‍ പര്യവേക്ഷണ സമ്പ്രദായങ്ങള്‍ മാത്രം ഉപയോഗിച്ചു നടത്തുന്ന മല്‍സരത്തില്‍ അഭിലാഷ് മൂന്നാമതായിരുന്നു.

Next Story

RELATED STORIES

Share it