malappuram local

അഭിലാഷിന്റെ നിരാഹാരം ഫലം കണ്ടു; ജില്ലാ കലക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു

പൊന്നാനി: എടപ്പാളിലെ സ്വകാര്യ ആശുപത്രിക്കെതിരേ നിരാഹാര സമരം നടത്തിയ അഭിലാഷിന്റെ പോരാട്ടത്തിന് ഫലം കാണുന്നു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.
പ്രസവത്തിനിടെ കുട്ടിക്ക് ചലനശേഷി നഷ്ടമായ സംഭവത്തില്‍ പന്ത്രണ്ട് ദിവസമായി സ്വകാര്യ ആശുപത്രിക്കെതിരേ നിരാഹാരം നടത്തിവന്ന പടിഞ്ഞാറങ്ങാടി സ്വദേശി അഭിലാഷിന്റെ പോരാട്ടങ്ങള്‍ക്കാണ് ഒടുവില്‍ വിജയം കാണുന്നത്. സംഭവത്തെക്കുറിച്ച് സമഗ്രമായി അന്വേഷണം നടത്താനാണ് ജില്ലാ കലക്ടര്‍ ഉത്തരവിട്ടത്. ഇതിനായി മഞ്ചേരി ഗവ.മെഡിക്കല്‍ കോളജിലെ ശിശുരോഗ വിദഗ്ദന്‍ ഡോ.അജിത്ത്, ഗൈനക്കോളജിസ്റ്റ് ഡോ.അംബുജം, കോഴിക്കോട് ഗവ.മെഡിക്കല്‍ കോളജ് ന്യൂറോളജിസ്റ്റ് ഡോ.അബ്ദുള്‍ ഗഫൂര്‍ എന്നിവരടങ്ങിയ മെഡിക്കല്‍ ടീമിനെ അന്വേഷണത്തിന് ചുമതലപ്പെടുത്തി.
ജില്ലാ മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തില്‍ നടന്ന മീറ്റിങിലാണ് പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ തീരുമാനമെടുത്തത്. മെഡിക്കല്‍ സംഘത്തിന്റെ അന്വേഷണ റിപോര്‍ട്ട് രണ്ടാഴ്ച്ക്കം ജില്ലാ കലക്ടര്‍ക്ക് കൈമാറും. ജില്ലാ കലക്ടറുടെ ഉത്തരവ് പൊന്നാനി താലൂക്ക് ആശുപത്രിയിലെത്തി തഹസില്‍ദാര്‍ ജി നിര്‍മല്‍കുമാര്‍ കൈമാറി. സ്വകാര്യ ആശുപത്രിയുടെ കൈപ്പിഴമൂലമാണ് കുഞ്ഞിന്റെ ചലനശേഷി നഷ്ടമായതെന്നാരോപിച്ചാണ് അഭിലാഷ് എടപ്പാളില്‍ നിരാഹാര സമരം നടത്തിവന്നിരുന്നത്. ഇതിനിടെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് രണ്ടു തവണ പൊന്നാനി താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. സംഭവം ഏറെ വിവാദമായതിനെത്തുടര്‍ന്നാണു സര്‍ക്കാര്‍ ഇടപെട്ടത്.
Next Story

RELATED STORIES

Share it