kozhikode local

അഭിമാന പോരാട്ടവുമായി റസാഖുമാര്‍

അഭിമാന പോരാട്ടവുമായി റസാഖുമാര്‍
X
koduvally-razakkതാമരശ്ശേരി: സംസ്ഥാനത്ത്് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു കഴിയുന്നതിനുമുമ്പ് തന്നെ കൊടുവള്ളിയില്‍ ഇഞ്ചോട് ഇഞ്ച് മല്‍സരവുമായി  ഇറങ്ങിയ റസാഖുമാര്‍ക്ക് ഇത് അഭിമാന പോരട്ടമാവുന്നു. ഇടതും വലതും മുന്നണികള്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കുന്ന തിരക്കിനിടയില്‍ കൊടുവള്ളിയില്‍ മല്‍സര രംഗത്തുള്ള ലീഗിലെ എം എ റസ്സാഖും സിപിഎം സ്വതന്ത്ര സ്ഥാനാര്‍ഥി കാരാട്ടു റസ്സാഖുമാണ് ഇവിടെ മുഖ്യമായും പോരാട്ട രംഗത്തുള്ളത്. അഴിമതി വുരുദ്ധനായി കാരാട്ട് റസാഖിനെ ഉയര്‍ത്തിക്കാണിച്ചാണ് ഇടതുമുന്നണി രംഗത്തുള്ളത്. കൊടുവള്ളിയിലെ ലീഗ് ഭരണത്തില്‍ ഏറെ അഴിമതിയും കേസും കോടതിയുമായിലെത്തിയത്  ലീഗിനു കളങ്കമാണെന്ന് കാണിച്ചും ഇവര്‍ക്ക് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സീറ്റ് നല്‍കരുതെന്നും മണ്ഡലം ജനറല്‍ സെക്രട്ടറി ആയിരുന്ന റസാഖ് നേതൃത്വത്തിനു കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇതിനു വിപരീതമായി ഇവര്‍ക്ക് നേതൃത്വം സീറ്റ് നല്‍കുകയും വിജയിക്കുകയും ചെയ്തു. ഇതോടെ റസാഖ് ലീഗിനും പ്രാദേശിക ലീഗ് നേതൃത്വത്തിനും അനഭിമതനായി മാറുകയും ചെയ്തു. എന്നാല്‍ കറപുരളാത്ത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് എന്ന നിലയിലാണ് റസ്സാഖ് ഇപ്പോള്‍ അറിയപ്പെടുന്നത്. ഇദ്ദേഹത്തിന്റെ എതിര്‍ സ്ഥാനാര്‍ഥിയും മുന്‍ നേതാവുമായ എം എ റസാഖ് മാസ്റ്റര്‍ സി എച്ച സെന്ററിന്റെ അമരക്കാരന്‍ എന്ന നിലയിലും കോഴിക്കോട് മെഡിക്കല്‍ കോളജ് വികസന സമിതി അംഗമെന്ന നിലയിലും ഏറെ പേരുകേട്ട ആളാണ്.  ലീഗില്‍ നിന്നും ഈയടുത്ത് പുറത്ത് പോയ കാരാട്ട് റസാഖ് കഴിഞ്ഞ കൊടുവള്ളി ബ്ലോക്ക് പ്രസിഡന്റും, ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറിയുമായിരുന്നു. പാര്‍ട്ടിയിലെ ഗ്രൂപ്പ് പോരും അധികാര വടംവലിയും റസാഖിനെ പാര്‍ട്ടിയില്‍ നിന്നകറ്റുകയായിരുന്നു. ഇതോടെ സ്വതന്ത്ര വേഷത്തില്‍ കളത്തിലിറങ്ങിയ കാരാട്ടിനെ ഇടതുമുന്നണി സ്വന്തമാക്കുകയും ചെയ്തു.ഇതിനുപിന്നില്‍ സിപിഎമ്മിനു രണ്ടു ലക്ഷ്യമാണുള്ളതെന്നു കൊടുവള്ളിയില്‍ പരസ്യമായ രഹസ്യമാണ്. ലീഗിന്റെ ഉരുക്കു കോട്ടയില്‍ തങ്ങള്‍ക്ക് കാര്യമായി സ്വാധീനം ചെലുത്താന്‍ കഴിയില്ലെന്ന തിരിച്ചറിവും തങ്ങളുടെ സ്ഥാനാര്‍ഥിയെ നിര്‍ത്തിയാലുള്ള അധ്വാനവും സാമ്പത്തിക ചെലവും ലീഗ് വിമതനിലൂടെ ഒഴിഞ്ഞു കിട്ടുമെന്ന കണക്കുകൂട്ടലാണ് പിന്നിലെന്ന്് പരക്കേ ആരോപണം ഉയര്‍ന്നിരുന്നു. കൊടും ചൂടിനെ അവണിച്ചുകൊണ്ട് ഇരു സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും മണ്ഡലത്തില്‍ പ്രചാരണത്തില്‍ ഏറെ മുന്നേറിക്കഴിഞ്ഞിട്ടുണ്ട്.ഇവിടെ ലീഗിനു അഭിമാന പോരാട്ടമായാണ് പ്രവര്‍ത്തകരും നേതൃത്വവും കാണുന്നത്. തങ്ങളെ ഒറ്റുക്കൊടുത്തവനെയും അവനെ സഹായിക്കുന്നവരേയും തിരഞ്ഞെടുപ്പിലൂടെ പാഠം പഠിക്കണമെന്ന് വാശിയാണ് കൊടുവള്ളിയില്‍  ഓരോ പ്രവര്‍ത്തകന്റെയും ചിന്തയും പ്രചരണവും. ഇതിനായി ഓരോ പ്രവര്‍ത്തകനും തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ വിശ്രമം ഇല്ല എന്ന നിലപാടിലാണുള്ളത്. ഇതിന്റെ ഭാഗമായി വിദേശത്തുള്ള പ്രവര്‍ത്തകര്‍ പലരും കൊടുവള്ളിയില്‍ എത്തിക്കൊണ്ടിരിക്കുന്നു. ഏത് നിലക്കും ലീഗിനെ കൊടുവള്ളിയില്‍ നിന്നും കെട്ടുകെട്ടിക്കുക എന്ന ലക്ഷ്യവുമായാണ് ഇടതുമുന്നണി കാരാട്ട് റസാഖിനൊപ്പം പ്രചരണത്തിനു ചുക്കാന്‍ പിടിക്കുന്നത്. മണ്ഡലത്തില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിന്റെ അനുകൂല തരംഗമല്ല യുഡിഎഫിനുള്ളതെന്ന തിരിച്ചറിവ് ഇതിനു ആക്കം കൂട്ടുകയും ചെയ്യുന്നു. 2006 ലെ തിരഞ്ഞെടുപ്പിനേക്കള്‍ വീറും വാശിയുമുള്ള തിരഞ്ഞെടുപ്പും പ്രചാരണ കോലാഹലങ്ങളുമാണ് ഇപ്പോള്‍  ഈ സ്വര്‍ണ നഗരി സാക്ഷ്യം വഹിക്കുന്നത്. ഒന്നരമാസം മുമ്പാരംഭിച്ച പ്രചാരണം അതിന്റെ മൂര്‍ധന്യാവസ്ഥയിലേക്കാണ് കടക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ ഏഴാം നാള്‍  ഇവരില്‍ ആരെ കൊടുവള്ളിക്കാര്‍ വരിക്കുമെന്ന ചിന്തയാണ് ഓരോ കൊടുവള്ളിക്കാരന്റെയും മനസ്സില്‍. സംസ്ഥാനത്ത് തന്നെ ഏറെ വാശിയേറിയ മല്‍സരത്തിനു പ്രമുഖ സംസ്ഥാന നേതാക്കള്‍ പ്രചാരണം നടത്തിക്കഴിഞ്ഞു. പിണറായിയും എം എ ബേബിയുമടക്കമുളളവരും  കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരണം നടത്തിക്കഴിഞ്ഞു. ലീഗിനു വേണ്ടി അടുത്ത ദിനത്തില്‍ പികെ കുഞ്ഞാലിക്കുട്ടി മണ്ഡലത്തില്‍ റോഡ് ഷോ നടത്തും. മണ്ഡലത്തില്‍ എസ്ഡിപിഐ- എസ്പി സ്ഥാനാര്‍ഥി ഇ നാസറിന്റെ പ്രചരണം ഇരുമുന്നണികളുടെയും ബി.ജെ.പിയുടെയും തനിനിറം തുറന്നു കാട്ടുന്നതില്‍ വിജയിച്ചിട്ടുണ്ട്. നവ പാര്‍ട്ടി ഭാവി വാഗ്ദാനമാവുമെന്ന തിരിച്ചറിവും വോട്ടര്‍മാരില്‍ പ്രതീക്ഷ നല്‍കുന്നേു.
Next Story

RELATED STORIES

Share it