അഭിമന്യു വധം: ബിരുദ വിദ്യാര്‍ഥി പിടിയിലായതായി വിവരം

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യു കുത്തേറ്റ് മരിച്ച സംഭവത്തില്‍ കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ മുഹമ്മദ് പോലിസ് പിടിയിലായതായി വിവരം. സംഭവത്തിനു ശേഷം ഒളിവിലായിരുന്ന മുഹമ്മദിനെ കേരള കര്‍ണാടക അതിര്‍ത്തിയില്‍ നിന്നു പിടികൂടിയെന്നാണ് പറയുന്നത്. എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷനിലെത്തിച്ച പ്രതിയെ പോലിസ് ചോദ്യംചെയ്തുവരുകയാണ്. ചുവരെഴുത്തിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിനു കാരണമായതെന്നു മുഹമ്മദ് പോലിസിനോട് വെളിപ്പെടുത്തിയതായും പറയപ്പെടുന്നു. അതിനിടെ, കേസുമായി ബന്ധപ്പെട്ട് നിരവധി പേരെ പോലിസ് കസ്റ്റഡിയില്‍ എടുത്തതായും വിവരമുണ്ട്. ഈ മാസം ഒന്നിന് അര്‍ധരാത്രിയോടെ മഹാരാജാസ് കോളജിനു പിന്നിലെ ഗേറ്റിനു സമീപം റോഡിലാണ് ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ അഭിമന്യു കുത്തേറ്റ് മരിച്ചത്. അര്‍ജുന്‍, വീനീത് എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ അര്‍ജുന്‍ കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്.
Next Story

RELATED STORIES

Share it